3 കൊല്ലം കൊണ്ട് 2 ലക്ഷം വീടുകളിലെത്തിയ ഈ കാർ മാരുതിയുടേതല്ല! വില കൂടുതലായിട്ടും എല്ലാരും വാങ്ങുന്നതെന്താണ്?
അള്‍ടുറാസ് വിടപറഞ്ഞതോടെ നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലാണ് XUV700. 2021 സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയ അന്ന് മുതല്‍ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് XUV700. സ്റ്റൈലിഷ് ഡിസൈന്‍, ശക്തമായ എഞ്ചിന്‍ ഓപ്ഷനുകള്‍, വിശാലമായ ഇന്റീരിയര്‍ എന്നിവ ലക്ഷക്കണക്കിന് ആളുകളെ കാറിലേക്ക് അടുപ്പിച്ചു. ഇപ്പോള്‍ വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വിപണിയില്‍ 2,00,000 യൂണിറ്റുകളുടെ ശ്രദ്ധേയമായ വില്‍പ്പന നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ് ഈ ജനപ്രിയന്‍. ഓരോ മാസവും എസ്‌യുവി ശരാശരി 5,722 യൂണിറ്റ് വില്‍പ്പനയാണ് ഈ കാര്‍ നേടുന്നത്.
പുത്തന്‍ വില്‍പ്പന നാഴികക്കല്ല് വാഹനത്തിന്റെ ജനപ്രീതിയും സ്ഥിരമായ ഡിമാന്‍ഡും അടിവരയിടുന്നു. 2024 ഒൂണില്‍ 2 ലക്ഷം യൂണിറ്റ് ഉത്പാദന നാഴികക്കല്ല് പിന്നിട്ട് രണ്ട് മാസങ്ങള്‍ക്കിപ്പുറം ഓഗസ്റ്റിലാണ് ആഭ്യന്തര വിപണിയില്‍ 2 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന അസുലഭ നേട്ടം സ്വന്തമാക്കിയത്. 2024 ഓഗസ്റ്റ് വരെ മഹീന്ദ്ര XUV7 700-യുടെ 2,05,978 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്.

XUV700 എസ്‌യുവിയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന 2023 ഒക്ടോബറിലാണ് രേഖപ്പെടുത്തിയത്. അന്ന് 9,297 യൂണിറ്റായിരുന്നു വില്‍പ്പന. ഇക്കഴിഞ്ഞ മാസം അതായത് 2024 ഓഗസ്റ്റില്‍ 9,007 യൂണിറ്റുകള്‍ വിറ്റു. ഈ ഉയര്‍ന്ന പ്രകടനം എസ്‌യുവിയുടെ ശക്തമായ വിപണി സാന്നിധ്യവും ഉപഭോക്തൃ ആകര്‍ഷണവും പ്രകടമാക്കുന്നു.
XUV700 രണ്ട് കരുത്തുറ്റ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നു. 200 bhp പവറും 380 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 155 bhp പവറും 360 Nm ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനുമാണ് ഓഫറിലുള്ളത്. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

എസ്‌യുവിയുടെ ഡീസല്‍ വേരിയന്റില്‍ ഒരു ഓള്‍-വീല്‍-ഡ്രൈവ് ഓപ്ഷന്‍ ഉള്‍പ്പെടുന്നു. ഇത് വൈവിധ്യമാര്‍ന്ന ഡ്രെവിംഗ് അനുഭവം സമ്മാനിക്കും.പുതിയ മഹീന്ദ്ര എസ്‌യുവികളെ പോലെ ഫീച്ചറുകളുടെ കാര്യത്തിലും XUV700 നിരാശപ്പെടുത്തില്ല. റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ സ്പോയിലര്‍, ഫോളോ-മീ-ഹോം ഹെഡ്ലൈറ്റുകള്‍ എന്നിവ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.
റിയര്‍ വൈപ്പര്‍, ഡീഫോഗര്‍, ഡോര്‍, ബൂട്ട്-ലിഡ് അണ്‍ലോക്ക് ഫംഗ്ഷന്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ടോപ്പ്-സ്‌പെക്ക് മോഡലില്‍ ഒരു സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്ക് ഏറെ പ്രധാന്യം കല്‍പ്പിക്കുന്ന മഹീന്ദ്ര ഈ കാറില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് സജ്ജീകരിച്ചിട്ടുണ്ട്. ADAS ഫീച്ചറുകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആക്കിയ കാര്‍ മോഡല്‍ കൂടിയാണ് XUV700.
ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈന്‍ തിരിച്ചറിയല്‍ എന്നിവ ഉള്‍പ്പെടുന്ന ADAS സ്യൂട്ടാണ് എസ്‌യുവിയില്‍ വരുന്നത്. ഏഴ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, 360 ഡിഗ്രി വ്യൂ എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന വാഹനം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു.
5-സീറ്റര്‍, 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഈ കാര്‍ വാങ്ങാവുന്നതാണ്. ഫാമിലി കാര്‍ അന്വേഷിക്കുന്നവര്‍ക്കും സ്‌റ്റൈലിഷും ശക്തവുമായ എസ്‌യുവിക്കായി തിരയുന്നവര്‍ക്കും അനുയോജ്യമായ ചോയ്‌സാണ് മഹീന്ദ്ര XUV700. ബേസ് വേരിയന്റിന് 13.99 ലക്ഷം രൂപയാണ് വില വരുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 26.04 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. മഹീന്ദ്ര XUV700 അതിന്റെ സ്‌റ്റൈല്‍, പെര്‍ഫോമന്‍സ്, നൂതന സേഫ്റ്റി ഫീച്ചറുകള്‍ എന്നിവയുടെ സമന്വയത്തിലൂടെ ഇന്ത്യന്‍ വാഹന വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തി.
ലോഞ്ച് ചെയ്ത് മൂന്ന് വര്‍ഷത്തിനുള്ളില്‍ വില്‍പ്പനയില്‍ 200,000 യൂണിറ്റുകള്‍ കടന്നതിന്റെ നേട്ടം അതിന്റെ ജനപ്രീതിയുടെയും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മൂല്യത്തിന്റെയും തെളിവാണ്. സമീപകാലത്തായി കാര്‍ കാലികമായി നിലനിര്‍ത്താനും കൂടുതല്‍ പേര്‍ക്ക് പ്രാപ്യമാക്കാനും വേണ്ടി താങ്ങാവുന്ന വിലയില്‍ പുത്തന്‍ വേരിയന്റുകള്‍ പുറത്തിറക്കിയിരുന്നു. വരുംമാസങ്ങളില്‍ കാറിന്റെ വില്‍പ്പന ഉയര്‍ത്താന്‍ ഈ നീക്കങ്ങള്‍ സഹായിക്കും.


Click it and Unblock the Notifications








