സ്വിഫ്റ്റിന്റെ നിഴൽ പിടിക്കാതെ പുത്തൻ ഡിസയർ; 2024 മോഡലുകൾ തമ്മിലുള്ള മാറ്റങ്ങളും സമാനതകളും
സ്വിഫ്റ്റിന്റെ നിഴലിൽ നിന്ന് മാറി ഡിസയർ അതിന്റെ നാലാം തലമുറയിൽ വലിയ മാറ്റങ്ങളുമായി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. ഇവ രണ്ടിന്റെയും അവതരണത്തിന് ശേഷം ഇത് ആദ്യമായാണ് ഇരു മോഡലുകളിലും എക്‌സ്‌റ്റീരിയർ സ്‌റ്റൈലിംഗ് ഇത്ര വ്യത്യസ്തമാകുന്നത് എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ ഏറ്റവും വിജയകരമായി വിറ്റഴിയുന്ന കോംപാക്ട് സെഡാൻ മോഡലാണ് മാരുതി ഡിസയർ. സ്വകാര്യ ഉപഭോക്താക്കകൾക്കിടയിലും കൊമേർഷ്യൽ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കിടയിലും ഈ കോംപാക്ട് സെഡാൻ ജനപ്രിയമാണ് എന്ന് നിസംശയം പറയാം. കോംപാക്ട് സെഡാനായ ഡിസയറിന് മറുവശത്ത്, ഇന്ത്യയിലെ ഏറ്റവും വിജയകരമായ ഹാച്ച്ബാക്കുകളിൽ ഒന്നാണ് സ്വിഫ്റ്റ് എന്നതും നമുക്ക് ഏവർക്കും അറിയാവുന്നതാണ്.
രണ്ട് പതിറ്റാണ്ടിനടുത്ത് രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്നുണ്ട് എങ്കിലും ഹാച്ച്ബാക്കിൻ്റെ ജനപ്രീതി യാതൊരു കോട്ടവും കൂടാതെ തന്നെ തുടരുന്നു. മുകളിൽ സൂചിപ്പിച്ചതു പോലെ ഈ നാലാം തലമുറയിൽ നിന്ന് സ്വിഫ്റ്റും ഡിസയറും വ്യത്യസ്തമായ ഐഡന്റിറ്റികളും രൂപഭാവവും തിരഞ്ഞെടുത്തിരിക്കുകയാണ്. അങ്ങനെ വ്യത്യസ്തമായി എത്തിയിരിക്കുന്ന രണ്ട് വാഹനങ്ങളുടെയും ഏറ്റവും പുതിയ ആവർത്തനങ്ങൾ തമ്മിൽ നമുക്ക് ഒന്നു താരതമ്യം ചെയ്യാം.

ന്യൂ ജനറേഷൻ മാരുതി സ്വിഫ്റ്റ് vs ഡിസയർ - വില: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ പുതിയ മാരുതി ഡിസയറിന് വളരെ ആകർഷകമായ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് കോംപാക്ട് സെഡാൻ്റെ എക്‌സ്-ഷോറൂം വില. പുതിയ ഡിസയർ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ കൂടുതൽ മികച്ച ഡിസൈനും ഫീചച്റുകളും വാഗ്ദാനം ചെയ്യുന്നതിനാൽ ഈ വില ന്യായീകരിക്കാവുന്നതാണ്.
അതോടൊപ്പം ഗ്ലോബൽ NCAP -ന്റെ ഫൈവ് -സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ആദ്യ മാരുതി സുസുക്കി കാർ എന്ന നേട്ടവും ഡിസയറിനാണ്. ഇനി പുതിയ സ്വിഫ്റ്റിൻ്റെ എക്‌സ്-ഷോറൂം വില നോക്കുകയാണെങ്കിൽ, ഇത് 6.49 ലക്ഷം മുതൽ ആരംഭിച്ച് 9.64 ലക്ഷം രൂപ വരെ ഉയരുന്നു.
ന്യൂ ജനറേഷൻ മാരുതി സ്വിഫ്റ്റ് vs ഡിസയർ - എക്സ്റ്റീരിയർ & അളവുകൾ: ഇരു മോഡലുകളുടേയും ചരിത്രത്തിൽ ആദ്യമായാണ് സ്വിഫ്റ്റിൽ നിന്ന് രൂപകല്പനയുടെ കാര്യത്തിൽ പൂർണ്ണമായ പരിണാമവുമായി ഡിസയർ വരുന്നത്. മൾട്ടി-കൺസോൾ ലൈറ്റുകളുള്ള സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലേക്ക് അവസാനിക്കുന്ന ഗ്രില്ലിൽ ഒരു സ്ലീക്ക് ക്രോം എലമെന്റ് സ്ട്രിപ്പ്, അകത്തളത്തിൽ ഒരു വലിയ സുസുക്കി ലോഗോ എന്നിവ ഡിസയറി ലഭിക്കുന്നു. ഫോഗ് ലാമ്പ് ഹൗസിംഗുകൾ ഒതുക്കമുള്ളതും ബമ്പർ കൂടുതൽ പുതുമയുള്ളതുമാണ്.
വശങ്ങളിലേക്ക് നീങ്ങുമ്പോൾ, മൊത്തത്തിലുള്ള സിലൗട്ട് വളരെ സുപരിചിതമാണ്. എന്നിരുന്നാലും, ബ്ലാക്ക് ബി-പില്ലറുകളും പുതിയ അലോയി വീലുകളും വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിൽ നിന്ന് 2024 മോഡലിനെ വ്യത്യസ്തമാക്കാൻ സഹായിക്കുന്നു. പിൻഭാഗത്ത് ബൂട്ട്ലിഡിൽ ഒരു തിക്ക് ക്രോം സ്ലാബ് അടങ്ങിയിരിക്കുന്നതായി കാണാം, കൂടാതെ LED ടെയിൽലാമ്പുകളും ഒരു ഷാർക്ക് ഫിൻ ആൻ്റിനയും ഒരു പുതിയ ബമ്പറും ഇതിൽ വരുന്നു. മൊത്തത്തിൽ, മുൻ തലമുറ മോഡലുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ് 2024 ഡിസയർ.

മറുവശത്ത്, മുൻതലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ മാരുതി സ്വിഫ്റ്റിന് അത്ര വലിയ മാറ്റം ഒന്നും തന്നെയില്ല. മുൻവശത്ത്, ഇന്റഗ്രേറ്റഡ് ആംഗുലാർ എൽഇഡി DRL-കളുള്ള ഒരു പുതിയ ഷാർപ്പർ ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ഇരുവശത്തും ഫോഗ് ലാമ്പുകളും, വലിയ ബ്ലാക്ക് ഗ്രില്ലും മാറ്റ് ബ്ലാക്ക് ലോവർ സെക്ഷനോടുകൂടിയ സ്‌പോർട്ടി ബമ്പറുമാണ് 2024 മോഡലിന് അപ്പ്ഡേറ്റിന്റെ ഭാഗമായി ലഭിക്കുന്നത്.
വശങ്ങളിലേക്ക് നീങ്ങിയാൽ, സ്റ്റൈലിഷ് ഡ്യുവൽ -ടോൺ അലോയി വീലുകൾ, ബ്ലാക്ക് സൈഡ് പില്ലറുകൾ, ടേൺ ഇൻഡിക്കേറ്ററുകളുമായി വരുന്ന ORVM എന്നിവ ഹാച്ച്ബാക്കിനുണ്ട്. ഇനി ടെയിൽ സെക്ഷനിലേക്ക് നീങ്ങിയാൽ എൽഇഡി ടെയിൽലാമ്പുകളും റൂഫിൽ ഘടിപ്പിച്ച സ്‌പോയിലറും പരുക്കൻ ബമ്പറും ഇതിൽ അടങ്ങിയിരിക്കുന്നതായി കാണാം. മൊത്തത്തിൽ, ഹാച്ച്ബാക്ക് അല്പം സ്പോർട്ടിയായി കാണപ്പെടുന്നു എന്ന് പറയാം.
മാരുതി സ്വിഫ്റ്റ് vs ഡിസയർ - സ്പെക്ക്: ഇരു മോഡലുകളും പവർട്രെയിൻ ഓപ്ഷനുകൾ പങ്കിടുന്നു എന്ന് നമുക്ക് ഏവർക്കും അറിയാം. നിലവിലുള്ള മാരുതി സ്വിഫ്റ്റ് 1.2 ലിറ്റർ ത്രീ -സിലിണ്ടർ Z12E നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ ഓപ്ഷനുമായി വരുന്നു, ഇത് മാന്യമായ 82 PS പവറും 112 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു.
ഈ എഞ്ചിൻ യൂണിറ്റിനൊപ്പം അഞ്ച് -സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. മാനുവൽ പതിപ്പിനൊപ്പം ലിറ്ററിന് 24.8 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലിറ്ററിന് 25.75 കിലോമീറ്റർ മൈലേജുമാണ് 2024 സ്വിഫ്റ്റിൻ്റെ ഏറ്റവും വലിയ ആകർഷണം.

അതിനുപുറമെ, മാന്യമായ 69.75 PS മാക്സ് പവറും 101.8 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു CNG യൂണിറ്റിലും സ്വിഫ്റ്റ് ലഭ്യമാണ്. ഇത് അഞ്ച് -സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം മാത്രമേ വരികയുള്ളൂ. CNG ഓപ്ഷനിൽ കിലോഗ്രാമിന് 26.99 കിലോമീറ്റർ മൈലേജ് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
മുകളിൽ സൂചിപ്പിച്ചതു പോലെ സ്വിഫ്റ്റുമായി മാരുതി ഡിസയർ പവർട്രെയിൻ ഓപ്ഷനുകൾ പങ്കിടും. അതിനാൽ, സെഡാൻ മോഡലിന് സമാനമായ പവറും & ടോർക്ക് ഔട്ട്പുട്ടുകളും ഉള്ള അതേ 1.2 -ലിറ്റർ ത്രീ -സിലിണ്ടർ പെട്രോൾ എഞ്ചിനുമായി വരും. എന്നിരുന്നാലും, CNG ആവർത്തനം ഇപ്പോഴല്ല ഒരല്പം കഴിഞ്ഞ് വിപണിയിൽ എത്തും.
ഇൻ്റീരിയറും ഫീച്ചറുകളും: അകത്തളത്തിൽ, ഈ രണ്ട് കാറുകളിലും മൊത്തത്തിലുള്ള ക്യാബിൻ ലേയൗട്ട് സമാനമായിരിക്കും എന്ന കാര്യം വ്യക്തമാണ്. എന്നിരുന്നാലും, ഇൻ്റീരിയറിന് വ്യത്യസ്തമായ ഒരു തീം വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ ഡിസയർ 2024 സ്വിഫ്റ്റിൽ നിന്ന് വേറിട്ടുനിൽക്കും. ഇതിൽ അപ്ഹോൾസ്റ്ററിയും ഡാഷ്ബോർഡിന്റെ നിറവും ഉൾപ്പെടുന്നു എന്നത് ശ്രദ്ധിക്കണം.
ഒരു യുണീക്ക് കാബിൻ വൈബ് സൃഷ്ടിക്കുന്നതിന് ഇന്റീരിയർ തീം നിർണായകമാണ്. കൂടാതെ, രണ്ട് കാറുകളിലും ടൺ കണക്കിന് ആധുനിക സൗകര്യങ്ങളും സുരക്ഷാ ഫീച്ചറുകളും ഉണ്ടായിരിക്കും. ഇതിൽ പ്രധാനമായ ഒരു വ്യത്യാസം ഇലക്ട്രിക് സൺറൂഫിൻ്റെ കാര്യത്തിലായിരിക്കും. നിലവിലെ സ്വിഫ്റ്റിൽ ഇല്ലെങ്കിലും പുതിയ ഡിസയർ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറായി ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








