പഞ്ചിനെ പഞ്ചറാക്കും പുത്തൻ നിസാൻ മാഗ്നൈറ്റിലെ ഈ ഫീച്ചറുകൾ; എന്നാ സംശയമുണ്ടോ?
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ തുറുപ്പുചീട്ടായ മാഗ്‌നൈറ്റിനെ നിസാൻ അടുത്തിടെ പരിഷ്‌ക്കരിച്ച ഡിസൈനും ചില പുതിയ ഫീച്ചറുകളും ഉപയോഗിച്ച് സമഗ്രമായി അപ്‌ഡേറ്റ് നൽകി അവതരിപ്പിച്ചു. അതുപോലെ തന്നെ വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന ടാറ്റ പഞ്ചിനും അടുത്തിടെ ഒരു ഫീച്ചർ അപ്‌ഡേറ്റ് നിർമ്മാതാക്കൾ നൽകിയിരുന്നു. വലിയ ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ ചാർജർ പോലുള്ള പുതിയ സവിശേഷതകളാണ് ഇതിനൊപ്പം നൽകിയത്. മാർക്കറ്റിൽ ഇവ നേരിട്ടുള്ള എതിരാളികൾ അല്ലെങ്കിലും, രണ്ട് എസ്‌യുവികൾക്കും സമാനമായ വിലയും ഫീച്ചർ ലിസ്റ്റുമുണ്ട്. ഈ ലേഖനത്തിൽ, പുതുതായി എത്തിയ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് പഞ്ചിനുമേൽ എന്തെല്ലാം ഓഫർ ചെയ്യാനുണ്ട് എന്ന് നോക്കാം.
റിമോർട്ട് എഞ്ചിൻ സ്റ്റാർട്ട്: ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം അപ്പ്ഡേറ്റ് ചെയ്ത് എത്തിയ മാഗ്‌നൈറ്റ് ഇപ്പോൾ കീ ഫോബ് ഉപയോഗിച്ച് റിമോർട്ടായി ഉപഭോക്താക്കൾക്ക് സ്റ്റാർട്ട് ചെയ്യാനാവും. മുമ്പ് അല്പം കൂടെ പ്രീമിയം ലെവൽ കാറുകളിൽ നാം ഈ ഫീച്ചർ കണ്ടിട്ടുണ്ട്. പലപ്പോഴും പാർക്കിംഗിൽ വെയിലത്തു കിടക്കുന്ന വാഹനത്തിൽ വന്ന് കയറുന്നത് നമുക്ക് എല്ലാവർക്കും അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്നാൽ ഈ ഫീച്ചർ മൂലം വാഹനം 60 മീറ്റർ അപ്പുറത്തു നിന്ന് സ്റ്റാർട്ടാക്കി എസി ഇടാൻ സഹായിക്കുന്നു. മാത്രമല്ല, കീ കാറിൻ്റെ സമീപത്ത് എത്തുമ്പോൾ കാർ ഓട്ടോ അൺലോക്ക് ചെയ്യുന്നതും കാറിൽ നിന്ന് അല്പം ദൂരേക്ക് കീ നീങ്ങിയാൽ ലോക്ക് ആവുന്നതുമായി സംവിധാനം മാഗ്‌നൈറ്റ് സപ്പോർട്ട് ചെയ്യുന്നു. ഈ സവിശേഷതകൾ പഞ്ചിനൊപ്പം ടാറ്റ വാഗ്ദാനം ചെയ്യുന്നില്ല.
360 -ഡിഗ്രി ക്യാമറ: നിസാൻ മാഗ്‌നൈറ്റിന് പ്രീ-ഫേസ്‌ലിഫ്റ്റഡ് മോഡൽ മുതൽ തന്നെ 360 -ഡിഗ്രി ക്യാമറ സിസ്റ്റമുണ്ട്, അത് ഇപ്പോൾ ഉയർന്ന -സ്പെക്ക് ടെക്‌ന വേരിയൻ്റ് മുതൽ ഫെയ്‌സ്‌ലിഫ്റ്റഡ് മാഗ്‌നൈറ്റിലും കമ്പനി നൽകുന്നുണ്ട്. മറുവശത്ത്, പഞ്ചിന് ഒരു റിയർ പാർക്കിംഗ് ക്യാമറ മാത്രമേ ലഭിക്കുന്നുള്ളൂ.

പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ: നിസാൻ മാഗ്‌നൈറ്റിന് ആദ്യം മുതൽ തന്നെ 7.0 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ് നിർമ്മാതാക്കൾ നൽകുന്നത്. 2024 ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, സ്‌ക്രീനിൻ്റെ ഗ്രാഫിക്‌സും ഇപ്പോൾ കമ്പനി പരിഷ്‌ക്കരിച്ചിരിക്കുന്നു. എന്നാൽ ഈ സ്ക്രീൻ അസെൻ്റ പ്ലസ് വേരിയൻ്റിൽ നിന്നാണ് വാഗ്ദാനം ചെയ്യുന്നത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, ടാറ്റ പഞ്ച് അതിൻ്റെ ബേസ് വേരിയൻ്റിൽ നിന്ന് സെമി -ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് വാഗ്ദാനം ചെയ്യുന്നത്.
ആറ് എയർബാഗുകൾ: ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, മാഗ്‌നൈറ്റിൻ്റെ സുരക്ഷാ സ്യൂട്ടും നിർമ്മാതാക്കൾ മെച്ചപ്പെടുത്തി, വാഹനത്തിൽ ഇപ്പോൾ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. ടാറ്റ പഞ്ച്, പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് അടുത്തിടെ നിർമ്മാതാക്കൾ അപ്‌ഡേറ്റ് ചെയ്‌തു, എങ്കിലും എല്ലാ വേരിയൻ്റുകളിലും ഡ്യുവൽ എയർബാഗ് സജ്ജീകരണത്തോടെയാണ് തുടരുന്നത്.

ആംബിയൻ്റ് ലൈറ്റിംഗ്: 2024 നിസാൻ മാഗ്‌നൈറ്റിൻ്റെ ഫീച്ചർ സ്യൂട്ടിൽ പഞ്ചിനൊപ്പം ഇപ്പോഴും ലഭ്യമല്ലാത്ത പുതിയ ഫോർ -കളർ ആംബിയൻ്റ് ലൈറ്റിംഗും ഉൾപ്പെടുന്നു. എന്നിരുന്നാലും, മാഗ്‌നൈറ്റിന്റെ, ടോപ്പ് സ്പെക്ക് ടെക്‌ന പ്ലസ് വേരിയൻ്റിൽ മാത്രമാണ് ആംബിയൻ്റ് ലൈറ്റിംഗ് വാഗ്ദാനം ചെയ്യുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
എൽഇഡി ഹെഡ്‌ലൈറ്റുകൾ: 2024 ഫെയ്‌സ്‌ലിഫ്റ്റ്ഡ് മാഗ്‌നൈറ്റിൽ, ടോപ്പ് സ്പെക് വേരിയൻ്റുകളിൽ ഇപ്പോഴും, പ്രീ -ഫേസ്‌ലിഫ്റ്റ് മോഡലിനൊപ്പം കമ്പനി വാഗ്ദാനം ചെയ്തിരുന്ന പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ ഫീച്ചർ ചെയ്യുന്നത് തുടരുന്നു. എന്നാൽ മറുവശത്ത് പഞ്ചിൽ പ്രൊജക്ടർ അധിഷ്ഠിത ഹാലജൻ ഹെഡ്‌ലൈറ്റ് സജ്ജീകരണമാണ് ടാറ്റ പിന്തുടരുന്നത്.
വിലയും എതിരാളികളും: 2024 നിസാൻ മാഗ്‌നൈറ്റിന് 5.99 ലക്ഷം മുതൽ 11.50 ലക്ഷം രൂപ വരെയാണ് പ്രാരംഭ എക്സ്-ഷോറൂം വില. ടാറ്റ നെക്‌സോൺ, റെനോ കിഗർ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ മറ്റ് സബ്‌കോംപാക്ട് എസ്‌യുവികളോടാണ് ഇത് ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്.
മറുവശത്ത് മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ചിന് 6.13 ലക്ഷം മുതൽ 10.25 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ഇത് ഹ്യുണ്ടായി എക്‌സ്‌റ്റർ, സിട്രൺ C3 എന്നിവയ്‌ക്കെതിരെ കാര്യമായി മത്സരിക്കുന്നു, അതോടൊപ്പം നിസാൻ മാഗ്‌നൈറ്റിനും റെനോ കൈഗറിനും സമാനമായ വില പങ്കിടുന്നതിനാൽ അവയ്‌ക്ക് ബദലായും ഇത് കണക്കാക്കാം.


Click it and Unblock the Notifications








