ഇതെന്ത്...കുഞ്ഞൻ ഔഡിയോ? സ്വിഫ്റ്റിനേക്കാൾ വേറിട്ട രൂപത്തിൽ കിടിലൻ ലുക്കിൽ പുത്തൻ മാരുതി ഡിസയർ
ഇന്ന്, നാളെ, മറ്റെന്നാൾ, അതിന്റെ പിറ്റെന്നാൾ എന്നിങ്ങനെ ഇപ്പോൾ വരും എന്ന് പറഞ്ഞ് നമ്മെ എല്ലാവരേയും ആകാംഷയുടെ മുൾമുനയിൽ നിറുത്തിയിരുന്ന മാരുതി ഡിസയറിന്റെ ലോഞ്ച് തീയതി ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്. നവംമ്പർ 11 -ന് നാലാം തലമുറ ഡിസയർ വിൽപ്പനയ്‌ക്കെത്തും. ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി വാഹനത്തിന്റെ പരിപൂർണ്ണമായ ലുക്ക് ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. അടിമുടി മാറ്റങ്ങളാണ് ഒറ്റയടിക്ക് നമുക്ക് കാണാനാവുന്നത്. ഇന്ത്യയ്‌ക്ക് വേണ്ടി നിർമ്മിച്ച കോംപാക്ട് സെഡാൻ അതിൻ്റെ നാലാം തലമുറയിലേക്ക് പ്രവേശിക്കുമ്പോൾ പുതിയ എഞ്ചിൻ, അപ്‌മാർക്കറ്റ് എക്‌സ്റ്റീരിയർ, ഇൻ്റീരിയർ, മുൻ മോഡലിനേക്കാൾ കൂടുതൽ മികവുറ്റ സാങ്കേതികവിദ്യ എന്നിവയുമായിട്ടാണ് വരുന്നത്.
അളവുകളുടെ കാര്യത്തിൽ പുതിയ ഡിസയറിന് 3,995 mm നീളവും 1,735 mm വീതിയും 1,525 mm ഉയരവുമുണ്ട്, 2,450 mm വീൽബേസും 163 mm ഗ്രൗണ്ട് ക്ലിയറൻസും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. അളവനുസരിച്ച്, 10 mm എന്ന ഒരുപിടി കൂടുതൽ ഉയരം ഒഴികെ, ഔട്ട്‌ഗോയിംഗ് ഡിസയറുമായി ഇത് മിക്ക കാര്യങ്ങളിലും ഏതാണ്ട് സമാനമാണ് എന്ന് തന്നെ പറയാം.

മുൻവശത്തെ സ്‌റ്റൈലിംഗിന് ലഭിച്ച അപ്പ്ഡേറ്റാണ് വാഹനത്തിന്റെ ലുക്ക് മാറ്റിയത്. മുന്നിൽ, പുതിയ ഡിസയറിന് സൂക്ഷ്മമായ ക്രീസുകളുള്ള ഒരു ഫ്ലാറ്റ് ഹുഡ് ലഭിക്കുന്നതായി കാണാം. ഒന്നിലധികം ക്രിസ്റ്റൽ ഘടകങ്ങളും ബ്ലാക്ക് -ഔട്ട് സറൗണ്ടുകളുമുള്ള സ്റ്റൈലിഷ് ഔഡി-എസ്ക്യൂ യൂണിറ്റുകളാണ് ഹെഡ്‌ലാമ്പുകൾ എന്നതും ശ്രദ്ധേയമാണ്. "ക്രിസ്റ്റൽ വിഷൻ ഹെഡ്‌ലാമ്പുകൾ" എന്നാണ് മാരുതി ഇവയെ വിശേഷിപ്പിക്കുന്നത്.
ഹെഡ്‌ലാമ്പുകൾക്ക് നടുവിലായി വരുന്ന ആറ് സ്ലാറ്റ് ഹെക്സഗണൽ ഗ്രില്ല് മുമ്പത്തേതിനേക്കാൾ വലുതാണ്. ഗ്രില്ലിനോട് ചേർന്ന് ഇരു വശത്തും ഫോഗ് ലാമ്പുകൾ മാരുതി സ്ഥാപിച്ചിട്ടുണ്ട്. ടോപ്പ് സ്പെക്ക് വേരിയൻ്റുകൾക്ക് LED യൂണിറ്റുകൾ ലഭ്യമാകും. സൈഡ് പ്രൊഫൈലിനെ സംബന്ധിച്ചിടത്തോളം, പുത്തൻ അലോയി വീലുകളാണ് കൂടാതെ റൂഫ്‌ലൈൻ ഇപ്പോൾ ബൂട്ട് ഏരിയയിലേക്ക് കൂടുതൽ സാവധാനത്തിൽ വന്നു ലയിക്കുന്നതായി കാണാം.
ഇനി പിന്നിലേക്ക് നീങ്ങിയാൽ, പുതിയ ഡിസയറിന് 3D ട്രിനിറ്റി എൽഇഡി എലമെന്റുകൾ വരുന്ന ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകൾ ഉണ്ട്. അവ ഇപ്പോൾ വിപണിയിൽ നിന്ന് പിൻവാങ്ങുന്ന ഔട്ട്‌ഗോയിംഗ് മോഡലിൽ വരുന്നവയെക്കാൾ ചെറുതാണ്. ബൂട്ട് -ലിഡ് ഡിസൈനും റിയർ ബമ്പറും മുൻതലമുറ മോഡലിന് സമാനമാണ്.
എക്സ്റ്റീരിയറിന്റെ കാര്യത്തിൽ പുതിയ ഡിസയറിന് പുറംഭാഗത്ത് സ്വിഫ്റ്റുമായി സാമ്യമില്ല എങ്കിലും, ചില സൗന്ദര്യവർധക വ്യത്യാസങ്ങളും അധിക സവിശേഷതകളും ഒഴികെ, കോംപാക്ട് സെഡാൻ്റെ ഇൻ്റീരിയർ ഹാച്ച്ബാക്കിനെ അനുകരിക്കുന്നു. ഇരു കാറുകളും ഈ തലമുറയിലും ഒരേ ഡാഷ്‌ബോർഡ് പങ്കിടുന്നു, സ്വിഫ്റ്റിൻ്റെ ബ്ലാക്ക് & വൈറ്റ് ഷേഡിന് പകരം ഡിസയറിന് നാല് ഷേഡുകൾ വരുന്ന ലേയൗട്ട് ലഭിക്കുന്നു.

മൾട്ടിഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, അനലോഗ് ഡയലുകൾ, HVAC കൺട്രോളുകൾ, എസി വെൻ്റുകൾ എന്നിവയും സ്വിഫ്റ്റിൽ നിന്ന് കടമെടുത്തതാണ് എന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാം. മറ്റ് പല മാരുതി മോഡലുകളിലും ഇതിനോടകം കാണപ്പെടുന്ന 9.0 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് യൂണിറ്റാണ് ഇൻഫോടെയിൻമെൻ്റ് സിസ്റ്റം എന്നത് ശ്രദ്ധേയമാണ്. കൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റികൾക്കൊപ്പം കണക്റ്റഡ് കാർ ഫീച്ചറുകളും ഇതിൽ വരുന്നു.
ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യമായി ഡിസയറിൽ ഫാക്ടറി ഫിറ്റഡ് സൺറൂഫും നാലാം തലമുറ മോഡലിലാണ് വരുന്നത്. ഇത് ഒരു സിംഗിൾ പേൻ യൂണിറ്റ് ആണെങ്കിലും, നാല് മീറ്ററിൽ താഴെയുള്ള കോംപാക്ട് സെഡാൻ വിഭാഗത്തിൽ ഈ സവിശേഷത ലഭിക്കുന്ന ആദ്യ മോഡലാണിത് എന്നതും ശ്രദ്ധേയമാണ്.

ഇനി വാഹനത്തിന്റെ ആകെ മൊത്തത്തിലുള്ള സുരക്ഷയുടെ കാര്യത്തിൽ, പുതിയ ഡിസയറിൽ ആറ് എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ABS വിത്ത് EBD, ബ്രേക്ക് അസിസ്റ്റ്, വാഹനത്തിനുള്ളിലെ എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയുമുണ്ട്. ചുരുക്കത്തിൽ മുൻതലമുറ മോഡലിനേക്കാൾ വളരെ മികവുറ്റതാണിത്.
ഈ വർഷം വിപണിയിൽ എത്തിയ നാലാം തലമുറ സ്വിഫ്റ്റിൽ അരങ്ങേറ്റം കുറിച്ച Z12 E ത്രീ-സിലിണ്ടർ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ ഡിസയറിന്റെ ഹൃദയം. ഈ പവർട്രെയിൻ സജ്ജീകരണത്തോടെ എത്തുന്ന രണ്ടാമത്തെ മാരുതി മോഡലാണിത് എന്ന സവിശേഷതയുമുണ്ട്. പവർ ടോർക്ക് കണക്കുകൾ സ്വിഫ്റ്റിന് സമാനമാണ്. എഞ്ചിൻ 82 bhp -യും 111.7 Nm ടോർക്കും പുറപ്പെടുവിക്കുന്നു, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായി ഇണചേരുന്നു.


Click it and Unblock the Notifications








