പഴയ സ്വിഫ്റ്റ് വിറ്റുതീർക്കാൻ ഓഫറുകളുമായി മാരുതി; ഒപ്പം അരീന മോഡലുകളിലും വൻ ഡിസ്കൗണ്ട്
നെക്സയുടെ കിടിലൻ ഓഫറുകൾക്ക് തൊട്ടു പിന്നാലെ മാരുതി സുസുക്കിയുടെ അരീന ഡീലർമാരും 2024 ജൂണിലേക്കുള്ള തങ്ങളുടെ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം ആൾട്ടോ K10, വാഗൺആർ, സെലേറിയോ, ഡിസയർ എന്നിവയുൾപ്പെടെ മിക്കവാറും മുഴുവൻ ലൈനപ്പുകളിലും കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. വിപണിയിൽ തങ്ങളുടെ നില കൂടുതൽ മെച്ചപ്പെടുത്താൻ ഈ ഓഫറുകൾക്ക് സാധിക്കും എന്ന് കമ്പനി വിശ്വസിക്കുന്നു. ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫറുകൾ എന്നിവയുടെ രൂപത്തിൽ ലഭ്യമാണ്. എന്നിരുന്നാലും, എർട്ടിഗയ്ക്കും പുതുതായി പുറത്തിറക്കിയ സ്വിഫ്റ്റിനും ഈ മാസം കിഴിവുകളും ഓഫറുകളും ഒന്നുമില്ല.
മൂന്നാം തലമുറ സ്വിഫ്റ്റ്: കഴിഞ്ഞ മാസം, മാരുതി സുസുക്കി പുതിയ, നാലാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കി, എന്നിരുന്നാലും പലയിടത്തും ചില ഡീലർമാർക്ക് ഇപ്പോഴും വാഹനത്തിന്റെ മുൻ തലമുറ മോഡലിന്റെ സ്റ്റോക്കുകൾ ഉണ്ട്. സ്വിഫ്റ്റിന്റെ ഈ മൂന്നാം തലമുറ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് AMT വേരിയൻ്റുകളിൽ 38,000 രൂപ വരെയും മാനുവൽ വേരിയന്റുകളിൽ 33,000 രൂപ വരെയും CNG ഓപ്ഷനിൽ 18,000 രൂപ വരെയും ആനുകൂല്യങ്ങൾ ലഭ്യമാണ്.

ആൾട്ടോ K10: അഞ്ച് സ്പീഡ് മാനുവലിനും AMT ഗിയർബോക്‌സിനും ഇടയിൽ ചോയിസ് വാഗ്ദാനം ചെയ്യുന്ന 67 bhp പവർ നൽകുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ആൾട്ടോ K10 -ന്റെ ഹൃദയം. 3.99 ലക്ഷം മുതൽ 5.96 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ആൾട്ടോ K10 വിപണിയിൽ എത്തുന്നത്.
ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫറുകൾ എല്ലാം ചേർത്ത് 55,000 രൂപ വരെയും മാനുവൽ വേരിയൻ്റുകളിൽ 50,000 രൂപ വരെയും CNG ഓപ്ഷനുകളിൽ 48,000 രൂപ വരെയും ഓഫറുകൾ ഡീലർമാർ ഈ കുഞ്ഞൻ ഫാമിലി ഹാച്ച്ബാക്കിൽ വാഗ്ദാനം ചെയ്യുന്നു.
എസ് -പ്രെസ്സോ: റെനോ ക്വിഡിനെ എതിരെ മത്സരിക്കുന്ന മാരുതി എസ് -പ്രസ്സോയ്ക്ക് ആൾട്ടോ K10 -ൻ്റെ അതേ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളാണ് വരുന്നത്. ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 58,000 രൂപയും മാനുവൽ വേരിയൻ്റുകൾക്ക് 53,000 രൂപയും CNG മോഡലുകൾക്ക് 46,000 രൂപയുമാണ് എസ് -പ്രസ്സോയിൽ ഈ മാസം ലഭിക്കുന്ന പരമാവധി കിഴിവുകൾ. 4.26 ലക്ഷം മുതൽ 6.12 ലക്ഷം വരെയാണ് എസ് -പ്രസ്സോയ്ക്ക് വരുന്ന എക്സ്-ഷോറൂം വില.
സെലേറിയോ: സെലേറിയോയും, എസ് -പ്രസ്സോയുടെയും ആൾട്ടോ K10 -ന്റേയും അതേ 67 bhp പുറപ്പെടുവിക്കുന്ന എഞ്ചിൻ ഉപയോഗിക്കുന്നു. എസ് -പ്രസ്സോ പോലെ, സെലേറിയോയും ഓട്ടോമാറ്റിക് പതിപ്പുകളിൽ 58,000 രൂപ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങളോടെ ലഭ്യമാണ്. എന്നാൽ മാനുവൽ, CNG വേരിയൻ്റുകൾക്ക് 53,000 രൂപ വരെ കിഴിവുകളുണ്ട്. സെലേരിയോയുടെ വില വരുന്നത് 5.37 ലക്ഷം രൂപയിൽ തുടങ്ങി 7.09 ലക്ഷം രൂപ വരെയാണ്.

വാഗൺ ആർ: വാഗൺ ആർ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ വിപമിയിൽ ലഭ്യമാണ്. ആദ്യത്തേത് നാം മുകളിൽ കണ്ട 1.0 ലിറ്റർ, 67 bhp ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ, രണ്ടാമത്തേത് എന്നത് 1.2 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ യൂണിറ്റാണ്. ഇരു എഞ്ചിനുകൾക്കും അഞ്ച് -സ്പീഡ് മാനുവൽ, അഞ്ച് -സ്പീഡ് AMT എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്.
ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് 58,000 രൂപയും മാനുവൽ വേരിയൻ്റുകൾക്ക് 53,000 രൂപയും ലഭിക്കുമ്പോൾ, കുഞ്ഞൻ 1.0 ലിറ്റർ എഞ്ചിനിൽ മാത്രം വരുന്ന CNG വേരിയൻ്റുകൾക്ക് 43,000 രൂപ വരേയും ആനുകൂല്യങ്ങൾ ലഭിക്കും. 5.54 ലക്ഷം മുതൽ 7.38 ലക്ഷം വരെയാണ് വാഗൺ ആറിൻ്റെ എക്സ്-ഷോറൂം വില.

ഡിസയർ: ഈ വർഷാവസാനം പുതിയ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കി ഡിസയറിനും ഒരു ജനറേഷൻ അപ്‌ഡേറ്റ് ലഭിക്കാനിരിക്കുകയാണ്. 6.57 ലക്ഷം മുതൽ 9.39 ലക്ഷം വരെ വിലയ്ക്കാണ് ഡിസയർ നിലവിൽ വിൽപ്പയ്ക്ക് എത്തുന്നത്. ഇപ്പോൾ വിപണിയിലുള്ള മോഡലിന് ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ 30,000 രൂപ വരെയും മാനുവൽ വേരിയൻ്റുകളിൽ 25,000 രൂപ വരെയും വിലമതിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. CNG വേരിയൻ്റുകളിൽ ഓഫറുകളൊന്നും തന്നെയില്ല.
ബ്രെസ: അഞ്ച് -സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് -സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്ക് യൂണിറ്റുമായി ജോടിയാക്കിയ 103 bhp പവർ പുറപ്പെടുവിക്കുന്ന 1.5 -ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ബ്രെസ കോംപാക്റ്റ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഇത് CNG വേരിയന്റിലും ലഭ്യമാണ്. എന്നിരുന്നാലും, എസ്‌യുവിയുടെ പെട്രോൾ വേരിയൻ്റുകളിൽ 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമേ ലഭ്യമാകൂ.


Click it and Unblock the Notifications








