കുറഞ്ഞ വിലയില്‍ 26 കി.മീ മൈലേജുള്ള 7 സീറ്റര്‍ കാര്‍; മാരുതി കൊടുത്തുതീര്‍ക്കാനുള്ളത് 60000 പേര്‍ക്ക്
ഇന്ത്യയില്‍ നിലവില്‍ സിഎന്‍ജി വാഹന വിഭാഗവും ഭരിക്കുന്നത് മറ്റാരുമല്ല മാരുതി സുസുക്കിയാണ്. ഒരു ഡസനിലേറെ സിഎന്‍ജി കാര്‍ േമാഡലുകളാണ് മാരുതി വിപണിയില്‍ എത്തിക്കുന്നത്. ഇപ്പോള്‍ മാരുതിയുടെ സിഎന്‍ജി കാറുകളെ സംബന്ധിച്ച് ചില സുപ്രധാന വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. അത് നമുക്ക് വിശദമായി നോക്കാം.
മാരുതി സുസുക്കി ഇനിയും കൊടുത്തു തീര്‍ക്കാനുള്ള കാറുകളുടെ എണ്ണം രണ്ട് ലക്ഷമാണെന്നാണ് കമ്പനിയുടെ ചീഫ് ഇന്‍വെസ്റ്റര്‍ ഓഫീസര്‍ രാഹുല്‍ ഭാരതി പറയുന്നത്. ഇതില്‍ ഭൂരിഭാഗം ഉപഭോക്താക്കളും ബുക്ക് ചെയ്ത് അക്ഷമരായി കാത്തിരിക്കുന്നത് മാരുതി എര്‍ട്ടിഗ എംപിവിക്കായാണ്. ജനപ്രിയ എംപിവിയുടെ ഓര്‍ഡര്‍ ബാക്ക്‌ലോഗ് ഏകദേശം 60000 യൂണിറ്റ് വരും. മാരുതിയുടെ മൊത്തം പെന്‍ഡിംഗ് ഓര്‍ഡറുകളുടെ 30 ശതമാനത്തോളം വരും ഇത്.

മറ്റൊരു ശ്രദ്ധേയമായ സംഗതി എന്തെന്നാല്‍ മാരുതി കൊടുത്തു തീര്‍ക്കാനുള്ള വാഹനങ്ങളില്‍ 11,1000 യൂണിറ്റുകള്‍ സിഎന്‍ജി വാഹനങ്ങളാണ്. ഈ സാമ്പത്തിക വര്‍ഷം 6 ലക്ഷം യൂണിറ്റ് സിഎന്‍ജി കാര്‍ ഉല്‍പ്പാദനം എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് മാരുതി. ഇതിനായി ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന മോഡല്‍ എര്‍ട്ടിഗയാണ്. 100,000 യൂണിറ്റ് അധിക ശേഷിയുള്ള മനേസറില്‍ പുതുതായി ഉദ്ഘാടനം ചെയ്ത അസംബ്ലി ലൈന്‍ പ്രാഥമികമായി എര്‍ട്ടിഗയുടെ നിര്‍മാണത്തിലെ തടസം പരിഹരിക്കാന്‍ ഉപയോഗിക്കുമെന്നാണ് കമ്പനി ഉറപ്പുനല്‍കുന്നത്.
ഏവരെയും ആവേശം കൊള്ളിക്കുന്നതാണ് എര്‍ട്ടിഗ സിഎന്‍ജിയുടെ ഡിമാന്‍ഡ്. 2012ലാണ് ഇന്തോ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഈ യൂടിലിറ്റി വാഹനം ആദ്യമായി ഇന്ത്യക്ക് പരിചയപ്പെടുത്തിയത്. 3 നിരകളുള്ള ഈ കാറില്‍ ആകെ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാമെന്നതിനാല്‍ കൂടുതല്‍ അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ കാറാണ് മാരുതി സുസുക്കി എര്‍ട്ടിഗ. മാത്രമല്ല ഫ്ലിറ്റ് ഉപോക്താക്കള്‍ക്കിടയിലും ജനപ്രിയമായ കാറാണ് മാരുതി സുസുക്കി എര്‍ട്ടിഗ.

കഴിഞ്ഞ വര്‍ഷമാണ് ജനപ്രിയ എംപിവി 10 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. അതിന്റെ നല്ലൊരു പങ്കും സംഭാവന ചെയ്തത് സിഎന്‍ജി പതിപ്പുകളാണ്. 7 സീറ്റര്‍ കാര്‍ പുറത്തിറങ്ങിയ ശേഷം 2019-ലാണ് 5 ലക്ഷം യൂണിറ്റ് വില്‍പ്പന നേടാനായത്. എന്നാല്‍ 2020 ഫെബ്രുവരിയില്‍ സിഎന്‍ജി പതിപ്പ് വിപണിയില്‍ എത്തിയതോടെ വില്‍പ്പനയില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഒരു കൊല്ലത്തിനുള്ളില്‍ എര്‍ട്ടിഗ വില്‍പ്പന 6 ലക്ഷം യൂണിറ്റ് പിന്നിട്ടു.
ആദ്യത്തെ 5 ലക്ഷം യൂണിറ്റ് വിറ്റഴിക്കാന്‍ 7 വര്‍ഷമെടുത്തപ്പോള്‍ സിഎന്‍ജി വേരിയന്റിന്റെ വരവോടെ അടുത്ത 5 ലക്ഷം വില്‍പ്പന വെറും 4 കൊല്ലം കൊണ്ട് നേടാനായി. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയ എംപിവിയായി എര്‍ട്ടിഗ മാറി ഇന്ത്യയിലെത്തിയതിന്റെ 10-ാം വാര്‍ഷികം ആഘോഷിച്ച 2022-ലാണ് എംപിവിക്ക് മാരുതി സുസുക്കി അവസാനമായി ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചത്.
മാരുതി സുസുക്കി എര്‍ട്ടിഗ കാര്‍ നിലവില്‍ മൊത്തം നാല് ട്രിമ്മുകളിലും 11 വേരിയന്റുകളിലുമായി വാങ്ങാന്‍ സാധിക്കും. മൊത്തം 7 കളര്‍ ഓപ്ഷനുകളിലാണ് എംപിവി വരുന്നത്. എര്‍ട്ടിഗയിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 102 bhp പവറും 137 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ഇണചേര്‍ക്കുന്നു.
ഇതേ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ 87 bhp കരുത്തും 121 Nm ടോര്‍ക്കുമാണ് സൃഷ്ടിക്കുക. സിഎന്‍ജി പതിപ്പിന് പവര്‍ ഔട്ട്പുട്ട് അല്‍പ്പം കുറവാണെങ്കിലും മികച്ച മൈലേജ് ലഭിക്കുന്നു. എര്‍ട്ടിഗയുടെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ സിഎന്‍ജി പതിപ്പ് കിലോയ്ക്ക് 26.11 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 7 സീറ്റര്‍ ആണെങ്കിലും ഒതുക്കമുള്ള വലിപ്പമാണ് എര്‍ട്ടിഗയുടെ ഒരു പ്ലസ്. അകത്തളങ്ങള്‍ വിശാലവും ഫീച്ചര്‍ റിച്ചുമാണ്.
പുതുതലമുറയെ ആകര്‍ഷിക്കുന്ന നിരവധി ഫീച്ചറുകള്‍ ഈ മാരുതി സുസുക്കി കാറിലുണ്ട്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോട് കൂടിയ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിന് ലഭിക്കുന്നു. 40-ലധികം ഫീച്ചറുകളുള്ള സുസുക്കി കണക്റ്റ്, റിമോട്ട് എസി, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, ക്രൂയിസ് കണ്‍ട്രോള്‍, മെഷീന്‍ഡ് ടൂ-ടോണ്‍ അലോയ് വീല്‍ എന്നിവയാണ് എര്‍ട്ടിഗയുടെ മറ്റ് ചില സവിശേഷതകള്‍. 8.69 ലക്ഷം രൂപ മുതല്‍ 13.03 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.


Click it and Unblock the Notifications








