17 മാസത്തിനുള്ളില്‍ 2 ലക്ഷം വീടുകളില്‍! ശരവേഗത്തില്‍ വിറ്റുതീര്‍ന്ന് 7.51 ലക്ഷം വിലയുള്ള മാരുതി എസ്‌യുവി
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ എസ്‌യുവികളോടുള്ള താല്‍പര്യം അനുദിനം വര്‍ധിച്ച് വരികയാണ്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ മൊത്തം കാര്‍ വില്‍പ്പനയുടെ 52% എസ്‌യുവികള്‍ ആയിരുന്നു. ഉപഭോക്തൃ താല്‍പര്യങ്ങളിലെ മാറ്റം കണ്ടറിഞ്ഞ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി നേരത്തെ തന്നെ തങ്ങളുടെ ഫോക്കസ് എസ്‌യുവികളിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കമ്പനി രണ്ട് പുതിയ എസ്‌യുവികള്‍ പുറത്തിറക്കി. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായ ജിംനി 5 ഡോറിനൊപ്പം സര്‍പ്രൈസ് എന്‍ട്രിയായി ഫ്രോങ്ക്‌സും 2023 ഓട്ടോ എക്‌സ്‌പോയിലൂടെ അരങ്ങേറി.
വമ്പന്‍ ഹൈപ്പില്‍ എത്തിയ ജിംനി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ഫ്രോങ്ക്‌സ് (Maruti Suzuki Fronx) മാരുതിക്ക് ബമ്പര്‍ നേട്ടങ്ങളാണ് കൊണ്ടുവരുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാരുതി സുസുക്കി ഫ്രോങ്ക്‌സ് സെപ്റ്റംബറില്‍ 2,00,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. വിപണിയിലെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ കൃത്യമായ പറഞ്ഞാല്‍ 17 മാസത്തിനുള്ളിലാണ് ഈ അസുലഭ നേട്ടം. 2023 ഏപ്രില്‍ 24-നാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനമാക്കി ഫ്രോങ്ക്‌സ് കോംപാക്ട് എസ്‌യുവി പുറത്തിറക്കിയത്.

വെറും 10 മാസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ കാറായി ഫ്രോങ്ക്‌സ് മാറി. 14 മാസത്തിനുള്ളില്‍ ആഭ്യന്തര വിപണിയില്‍ 1,50,000 യൂണിറ്റ് വില്‍പ്പന കണക്ക് മറികടന്നു. സെപ്റ്റംബര്‍ പകുതിയില്‍ 17 മാസം പിന്നിടുമ്പോള്‍ 2,000,00 യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ജനപ്രിയന്‍. ഏറ്റവും വേഗത്തില്‍ 2 ലക്ഷം വില്‍പ്പന നേടുന്ന നെക്‌സ മോഡലായി ഫ്രോങ്ക്‌സ് മാറി.
ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ 5 മാസം കുറച്ച് മാത്രമെടുത്താണ് ഫ്രോങ്ക്‌സ് 2 ലക്ഷം വില്‍പ്പന നേടിയത്. SIAM-ന്റെ മൊത്തവ്യാപാര കണക്കുകള്‍ പ്രകാരം മാരുതി ഫ്രോങ്ക്‌സ് 2024 സാമ്പത്തിക വര്‍ഷത്തില്‍ 1,34,735 യൂണിറ്റ് വിറ്റഴിച്ചു. ശരാശരി 11,228 യൂണിറ്റുകളായിരുന്നു പ്രതിമാസ വില്‍പ്പന. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, 2024 ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ എസ്‌യുവിയുടെ 59,967 യൂണിറ്റുകള്‍ വിതരണം ചെയ്തു.

ഓരോ മാസവും ശരാശരി 11,993 യൂണിറ്റുകള്‍ വിറ്റുപോകുന്നു. അതായത് ഒരുദിവസം ഏകദേശം 400 പേരാണ് ഫ്രോങ്ക്‌സ് വാങ്ങാന്‍ ഷോറൂമിലെത്തിയത്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ മികച്ച 20 യൂട്ടിലിറ്റി വാഹനങ്ങളില്‍ അഞ്ചാം റാങ്കാണ് ഫ്രോങ്ക്‌സിന്.
കൂപ്പെ സ്‌റ്റൈലില്‍ ചെരിഞ്ഞ റൂഫുമായി വരുന്ന ഫ്രോങ്ക്‌സ് ഹാച്ച്ബാക്കില്‍ നിന്ന് എസ്‌യുവിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഒത്തിരി പേരെ ആകര്‍ഷിക്കും. ബലേനോയുടെ വരെ വില്‍പ്പന ഒരു പരിധി വരെ ഫ്രോങ്ക്‌സ് അടര്‍ത്തിയെടുത്തിട്ടുണ്ട്. കാറിന്റെ ക്യാബിനില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി പിന്തുണയ്ക്കുന്ന 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയ സവിശേഷതകള്‍ ഒരുക്കിയിട്ടുണ്ട്.

6-എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയില്‍ നല്‍കിയിട്ടുണ്ട്. മാരുതി സുസുക്കി ഫ്രോങ്ക്‌സ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പരമാവധി 100 bhp പവറും 148 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. പരമാവധി 90 bhp പവറും 113 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്.
ഈ കാര്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഓപ്ഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. ഇത് കൂടാതെ സിഎന്‍ജി ഓപ്ഷനും കാറില്‍ ലഭ്യമാണ്. എന്നാല്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ഫ്രോങ്ക്‌സ് സിഎന്‍ജിയില്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഫ്രോങ്ക്‌സിന്റെ പെട്രോള്‍ ഓട്ടോമാറ്റിക്കിന് 22.89 കിലോമീറ്ററും മാനുവല്‍ പതിപ്പുകള്‍ക്ക് 21.79 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. സിഎന്‍ജി പതിപ്പിന് പവര്‍ഔട്ട്പുട്ട് കണക്കുകള്‍ കുറവാണെങ്കിലും ഇന്ധനക്ഷമതയുടെ കാര്യത്തില്‍ പുലിയാണ്.
കിലോഗ്രാമിന് 28.51 കിലോമീറ്ററാണ് ഫ്രോങ്ക്‌സ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV 3X0, മാരുതി ബ്രെസ, ടൊയോട്ട ടൈസര്‍ തുടങ്ങിയ എസ്‌യുവികളോടാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് മത്സരിക്കുന്നത്. മാരുതി ഫ്രോങ്ക്‌സിന്റെ വില 7.51 ലക്ഷം രൂപയില്‍ തുടങ്ങി 13.04 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








