മാരുതി പോലും പ്രതീക്ഷിച്ചു കാണില്ല ഈ വിജയം; വൻ ഹിറ്റായി ഫ്രോങ്ക്സ് - പിന്നിട്ടത് 2 ലക്ഷം യൂണിറ്റ് വിൽപ്പന
2023 ഓട്ടോ എക്സ്പോയിൽ മാരുതിയുടെ പവില്യണിൽ ജിംനിയുടെ ലോഞ്ചിനായി ഞങ്ങൾ എല്ലാം അക്ഷമരായി കാത്തിരിക്കുന്ന സമയത്താണ് ഫ്രോങ്ക്സിനേയും കൂടെ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ അവിടെ അവതരിപ്പിക്കുന്നത്. എന്നാണ് അന്ന് ജിംനിയുടെ ഓളത്തിൽ ഫ്രോങ്ക്സിനെ അത്ര കാരമായി ശ്രദ്ധിച്ചിരുന്നില്ല എന്നു തന്നെ വേണം പറയാൻ. എന്നാൽ 2023 ഏപ്രിലിൽ വിപണിയിൽ എത്തിയതു മുതൽ ഫ്രോങ്ക്സ് കാഴ്ച്ചവെച്ച പ്രകടനം ഇന്ന് അതിനെ മാരുതിയുടെ സുപ്രധാന മോഡലുകളിൽ ഒന്ന് എന്ന തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. കാര്യമായി പരിഗണിക്കാത പോയ ഏവരേയും ഫ്രോങ്ക്സ് ഇന്ന് കാൽച്ചുവട്ടിൽ എത്തിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം.
തന്റെ വല്ല്യേട്ടനായ ഗ്രാൻഡ് വിറ്റാരയിൽ നിന്ന് രൂപകൽപ്പനയും, ഡിസൈനും, മറ്റു ഫീച്ചറുളും കടം കൊണ്ടാണ് ഫ്രോങ്ക്സിന്റെ വരവ്, എന്നാൽ പ്രീമിയം സവിശേഷതകൾ, ഒന്നിലധികം പവർട്രെയിൻ ചോയ്സുകൾ എന്നിവ കാരണം, രാജ്യത്തെ ടോപ്പ് 10 കാറുകളുടെ ലിസ്റ്റിൽ സ്ഥിരമായി റാങ്കിംഗ് നേടാൻ വാഹനത്തിന് കഴിഞ്ഞു. ഇപ്പോൾ, 2024 ഒക്ടോബറിൽ മാരുതി ഫ്രോണക്സ് ഗണ്യമായ മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ടിരിക്കുകയാണ്. രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് വാഹനം ഇതിനോടകം കണ്ടെത്തിയിരിക്കുന്നത്.

ആദ്യ ഒരു ലക്ഷം വിൽപ്പന 10 മാസത്തിനുള്ളിൽ തന്നെ ഫ്രോങ്ക്സ് പിന്നിട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്, അടുത്ത ഒരു ലക്ഷം ഇപ്പോൾ വെറും ഏഴ് മാസത്തിനുള്ളിലാണ് വാഹനം കൈവരിച്ചിരിക്കുന്നത്. മാരുതി, ഡൽഹി എൻസിആർ, മുംബൈ, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളാണ് ഈ സബ് കോംപാക്ട് ക്രോസ്ഓവർ എസ്യുവിയുടെ മികച്ച അഞ്ച് വിപണികളായി കമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്രോങ്ക്സിന്റെ ടർബോ -പെട്രോൾ വേരിയന്റുകൾക്കാണ് ആവശ്യക്കാർ ഏറെ എന്നും ഇന്തോ ജാപ്പനീസ് വാഹന നിർമാതാക്കൾ രേഖപ്പെടുത്തി.
എക്സ്റ്റീയറിൽ ഒരു ബോൾഡ് & പ്രീമിയം ലുക്കും ഫീലും വാഹനം വാഗ്ദാനം ചെയ്യുന്നു എന്നത് എടുത്തു പറയേണ്ട ഒരു ഘടകം തന്നെയാണ്. വാഹനത്തിന്റെ റോഡ് പ്രസൻസും മികവുറ്റതാണ്. അതോടൊപ്പം ഫീച്ചർ പായ്ക്ക്ഡായിട്ടാണ് ഫ്രോങ്ക്സ് എത്തുന്നത്. മാരുതിയുടെ സബ്കോംപാക്ട് ക്രോസ്ഓവർ എസ്യുവി വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹെഡ്സ് -അപ്പ് ഡിസ്പ്ലേ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എസി എന്നിവ വാഗ്ദാനം ചെയ്യുന്നു.
അതോടൊപ്പം യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി ഓപ്ഷനുകളും നൽകുന്നുണ്ട്. വാഹനത്തിന്റെ സേഫ്റ്റി കിറ്റിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360 ഡിഗ്രി ക്യാമറ എന്നിവ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റൈലിനും കംഫർട്ടിനുമൊപ്പം സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ഒരു ചോയിസായിട്ടാണ് മാരുതി ഫ്രോങ്ക്സിനെ എത്തിക്കുന്നത്.
നാച്ചുറലി ആസ്പിരേറ്റഡ്, ടർബോ -പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായും ഫ്രോങ്ക്സ് ലഭ്യമാണ്, ഇതോടൊപ്പം ഒരു ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റിന്റെ ഓപ്ഷനും കമ്പനി നൽകുന്നുണ്ട്. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ യൂണിറ്റ് 90 PS മാക്സ് പവറും 113 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു, ഇത് അഞ്ച് -സ്പീഡ് മാനുവൽ, അഞ്ച് -സ്പീഡ് AMT ഓപ്ഷനുകളിൽ ലഭ്യമാണ്.

1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ + സിഎൻജി മോഡിൽ 77.5 PS മാക്സ് പവറും, 98.5 Nm ടോർക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമേ ഇതിനൊപ്പം ലഭ്യമാവൂ. അടുത്തതായി 1.0 ലിറ്റർ ടർബോ -പെട്രോൾ ഓപ്ഷനാണ് മൂന്നാമത്തേത്, ഈ യൂണിറ്റ് 100 PS മാക്സ് പവറും 148 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു.
അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഇതിനൊപ്പം ലഭ്യമാണ്. മാരുതി ഫ്രോങ്ക്സിന് 7.52 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ടൊയോട്ട അർബൻ ക്രൂയിസർ ടെയ്സർ, ഹ്യുണ്ടായി എക്സ്റ്റർ, ടാറ്റ പഞ്ച് തുടങ്ങിയ മൈക്രോ എസ്‌യുവികളാണ് ഫ്രോങ്ക്സിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








