ചെറു പടകളൊക്കെ കീഴടക്കി, ഇനിയങ്കം വലിയ പടകളോട്; നാടിന്റെ പൾസറിയാൻ ടെസ്റ്റിംഗിനിറങ്ങിയ മാരുതി മോഡൽ മനസിലായോ?
ഈ വർഷം പോലെ തന്നെ വരും വർഷവും പുത്തൻ മോഡലുകളുടെ ഒരു വമ്പൻ നിര തന്നെ പുറത്തിറക്കാനുള്ള പദ്ധതികളിലാണ് മാരുതി സുസുക്കി. ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കൾ അടുത്ത വർഷം ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ്, ഗ്രാൻഡ് വിറ്റാര 7 -സീറ്റർ, e-വിറ്റാര ഇലക്ട്രിക് എസ്‌യുവി എന്നിങ്ങനെ കുറഞ്ഞത് മൂന്ന് പുതിയ എസ്‌യുവി മോഡലുകളെങ്കിലും വിപണിയിൽ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ റിപ്പോർട്ടുകൾ സപ്പോർട്ട് ചെയ്യുന്ന വിധത്തിൽ ഒരു പുതിയ മാരുതി സുസുക്കി ടെസ്റ്റ് മോഡൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരിക്കുകയാണ്.
മൂടുപടമിട്ട് കാര്യമായ രീതിയിൽ ഇത് മറച്ചിട്ടുണ്ടായിരുന്നതിനാൽ വാഹനം എന്താണ് എന്ന് വ്യക്തമായിരുന്നില്ല. വലിപ്പം കൂട്ടിയ ഗ്രാൻഡ് വിറ്റാരയോ അല്ലെങ്കിൽ അതിൻ്റെ 7 -സീറ്റർ പതിപ്പോ ആയിരിക്കും ഇത് എന്ന് വാഹനത്തിന്റെ അളവുകൾ സൂചിപ്പിക്കുന്നു. ഇതെ ചുറ്റിപ്പറ്റി പല ഊഹാപോഹങ്ങളും ഉയരുന്നുണ്ട്, എന്നിരുന്നാലും ഗ്രാൻഡ് വിറ്റാരയ്ക്കും, വിറ്റാര 7 -സീറ്ററിനുമാണ് മുൻതൂക്കം.

നിലവിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ കർവ്വ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്സ്‌വാഗൺ ടൈഗൂൺ, സിട്രൺ എയർക്രോസ് എസ്‌യുവി എന്നിവയ്‌ക്കെതിരായ മാരുതി സുസുക്കി ഇന്ത്യയുടെ ഏറ്റവും മികച്ച ആയുധമാണ് ഗ്രാൻഡ് വിറ്റാര. ഇന്ത്യൻ വിപണിയിലെ ഈ സെഗ്‌മെൻ്റ് വളരെ മത്സരാധിഷ്ഠിതമാണ് എന്ന് നമുക്ക് ഏവർക്കും അറിയാം, മാത്രമല്ല ഗ്രാൻഡ് വിറ്റാരയ്ക്ക് അതിൻ്റെ ടൊയോട്ട കസിൻ, അർബൻ ക്രൂയിസർ ഹൈറൈഡറുമായി പോലും മത്സരിക്കേണ്ടി വരുന്നുണ്ട്.
2022 -ലാണ് ഈ 5 സീറ്റർ എസ്‌യുവിയെ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ആദ്യമായി പുറത്തിറക്കിയത്. അതിനാൽ തന്നെ ഈ മോഡലിന് ഒരു മിഡ് -ലൈഫ് അപ്‌ഡേറ്റിനുള്ള സമയമാണിത്. മുഖം മിനുക്കലിലൂടെ മാരുതി അതിനു തയ്യാറെടുക്കുന്നതായി തോന്നുന്നു. ടെസ്റ്റിംഗ് നടത്തുന്ന ഈ പ്രോട്ടോടൈപ്പുകൾ പ്രൊഡക്ഷനിൽ എത്തുമ്പോഴേക്കും, നിലവിലെ ഗ്രാൻഡ് വിറ്റാര വിപണിയിൽ കുറഞ്ഞത് മൂന്ന് വർഷം എങ്കിലും പൂർത്തിയാക്കിയിരിക്കും.
മുൻതലമുറ മോഡലിനെ അപേക്ഷിച്ച്, ഫെയ്‌സ്‌ലിഫ്റ്റിൽ, നിർമ്മാതാക്കൾ കൂടുതൽ സവിശേഷതകളും മികച്ച എലമെന്റുകളും ഫിനിഷുകളും മെച്ചപ്പെടുത്തിയ ഫീച്ചറുകളും സുഖസൗകര്യങ്ങളും അവതരിപ്പിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്തുകൊണ്ടും വിപണിയിൽ അനുദിനം ഉയർന്നു വരുന്ന കോംപറ്റീഷനെ നേരിടാനും വാഹനത്തിന് ഒരു ഫ്രഷ് & ന്യൂ ഫീൽ വാഗ്ദാനം ചെയ്യാൻ ഇത് ആവശ്യമാണ്.
ക്യാമറയിൽ പതിഞ്ഞ ഈ പ്രോട്ടോടൈപ്പ് ഫെയ്‌സ്‌ലിഫ്റ്റിനേക്കാൾ 7 -സീറ്റർ ഗ്രാൻഡ് വിറ്റാരയുടേതായിരിക്കാനാണ് സാധ്യത എന്നാണ് കൂടുതൽ പേരും പറയുന്നത്, അങ്ങനെ ചിന്തിക്കാൻ ചില കാരണങ്ങളുമുണ്ട്. ഒന്നാമതായി, ഇത് ത്രീ റോ ഗ്രാൻഡ് വിറ്റാരയാണെന്ന് കുറച്ച് ഉന്നത വൃത്തങ്ങൾ ഇതിനകം സൂചന നൽകിയിട്ടുണ്ട്.

രണ്ടാമതായി, വാഹനത്തിന്രെ വലിപ്പവും അനുപാതവും 5 -സീറ്റർ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റിനെക്കാൾ 7 -സീറ്റർ പോലെ തോന്നിപ്പിക്കുന്നു എന്നതാണ്. ഇന്റേണലായി Y17 എന്ന കോഡ്നെയിമിൽ അറിയപ്പെടുന്ന, ഈ 7 -സീറ്റർ പ്രോജക്റ്റ് മാരുതി സുസുക്കി വളരെക്കാലമായി പരീക്ഷണം തുടരുകയാണ്. മൂന്നാമത്തെ കാര്യം എന്നത് മറവുകളിൽ പോലും പ്രകടമാകുന്ന ചില ഡിസൈൻ എലമെന്റുകളാണ്.
വിൻഡോ ലൈൻ, മിറർ പൊസിഷൻ, ഫെൻഡർ ഡിസൈൻ എന്നിവയെല്ലാം ഗ്രാൻഡ് വിറ്റാരയെ അനുസ്മരിപ്പിക്കുന്നതാണ്. എന്നാൽ സൂക്ഷ്മമായി ഒന്നു നോക്കുമ്പോൾ, മൂന്നാമത്തെ വരിയുടെ എക്സ്ട്ര നീളവും ഇടവും വളരെ വ്യക്തമായി സൂചിപ്പിക്കുന്ന ലോംഗർ റിയർ ഓവർഹാംഗും നമുക്ക് കാണാം. വീൽബേസും ഇതിൽ ഉയരാമായിരുന്നു.
മൊത്തത്തിലുള്ള രൂപഭാവം ഇരുമോഡലുകളിലും ഏറെ കുറെ സാമ്യമുള്ളതാണെങ്കിലും, ഡീറ്റെയിൽഡായ വിശദാംശങ്ങൾ 5 -സീറ്റർ എസ്‌യുവിയിൽ നിന്ന് ശ്രദ്ധേയമായ വ്യതിയാനങ്ങളുമായി വരുന്നു. വരാനിരിക്കുന്ന മാരുതി e-വിറ്റാര ഇലക്ട്രിക് എസ്‌യുവിയുമായി ഇതിന് ശക്തമായ ഡിസൈൻ സാമ്യങ്ങൾ ഉണ്ടായേക്കാം എന്നതും ശ്രദ്ധേയമാണ്. ഹെഡ്‌ലാമ്പുകളും ഫ്രണ്ട് ബമ്പറും അതിന്റെ ഡിസൈന്റെ കാര്യത്തിൽ ഇവിയിൽ കാണുന്നവയോട് കൂടിച്ചേർന്ന് നിൽക്കും എന്ന് പറയാം.
ടെസ്റ്റ് മോഡലിന് e-വിറ്റാര ഇൻസ്പയർഡ് LED ഡിആർഎൽ സജ്ജീകരണമുണ്ടായിരുന്നു എന്നതു ശ്രദ്ധേയമാണ്. മെയിൻ ഹെഡ്‌ലാമ്പുകൾ വാഹനത്തിന്റെ ബമ്പറിൽ പ്ലേസ് ചെയ്തിരിക്കുന്നതായി തോന്നുന്നു, കൂടാതെ നിർമ്മാതാക്കളുടെ സിഗ്നേച്ചർ ത്രീ -ഡോട്ട് മോട്ടിഫും ഇതിൽ നിലനിർത്തിയതായി തോന്നുന്നു. 7 -സീറ്ററിന് പിന്നിൽ മുഴുവൻ വീതിയും കവർ ചെയ്യുന്ന LED ടെയിൽ -ലാമ്പുകളും ലഭിച്ചേക്കാം.
ക്യാബിനും ഇന്റീരിയർ വിശദാംശങ്ങളും ഈ വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയില്ല. എന്നിരുന്നാലും, ഒരു വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് യൂണിറ്റിൻ്റെയും പുതിയ ഡാഷ്‌ബോർഡ് ഡിസൈനിൻ്റെയും പെട്ടെന്നുള്ള ഒരു വ്യൂ ലഭ്യമാണ്. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ വഴിയെ ലഭിക്കും എന്ന് പ്രതീക്ഷിക്കാം.
സ്റ്റാൻഡേർഡ് വിറ്റാരയുടെ അതേ (ഗ്ലോബൽ C) പ്ലാറ്റ്‌ഫോമിലായിരിക്കും Y17 എസ്‌യുവിയും നിർമ്മിക്കപ്പെടുന്നത്. വാഹനത്തിന് പരിചിതമായ പവർട്രെയിനുകളും നിലനിർത്താൻ കഴിയും. 1.5 -ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മൈൽഡ് ഹൈബ്രിഡ്, 1.5 -ലിറ്റർ, ത്രീ -സിലിണ്ടർ പെട്രോൾ -സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം എന്നിവ ഇതിൽ വന്നേക്കാം. സട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ e-CVT ട്രാൻസ്മിഷനുമായി കണക്ട് ചെയ്യപ്പെടും, അതേസമയം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ NA മോഡലിൽ നൽകാം.


Click it and Unblock the Notifications








