മാരുതിയുടെ 'പേരുദോഷം' മാറ്റി 5 സ്റ്റാര്‍ അടിക്കുമോ? ഗ്രാന്‍ഡ് വിറ്റാരയുടെ ക്രാഷ് ടെസ്റ്റ് ചിത്രങ്ങള്‍ പുറത്ത്
കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ മൈലേജ്, ബജറ്റ്, ഫീച്ചറുകള്‍ എന്നിവക്കൊപ്പം തന്നെ സേഫ്റ്റിയും പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കാര്‍ കമ്പനികള്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങളില്‍ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്ത് തീടങ്ങിയിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി ആവിഷ്‌കരിച്ച ഭാരത് NCAP വഴിയാണ് നിലവില്‍ ഇന്ത്യന്‍ കാറുകളുടെ സുരക്ഷ വിലയിരുത്തുന്നത്. മാരുതി സുസുക്കി ഇതിനോടകം ബ്രെസ, ബലേനോ, ഗ്രാന്‍ഡ് വിറ്റാര എന്നീ മോഡലുകള്‍ ഇടിക്കൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഏവരും പ്രതീക്ഷയോടെ കാത്തിരുന്നത് മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ ക്രാഷ് ടെസ്റ്റ് ഫലം അറിയാനാണ്. ടെസ്റ്റ് കഴിഞ്ഞെങ്കിലും സുരക്ഷാ റേറ്റിംഗ് ഇപ്പോഴും തീര്‍ച്ചപ്പെടുത്തിയിട്ടില്ല.
ഇപ്പോള്‍ ടെസ്റ്റിംഗ് കേന്ദ്രത്തില്‍ നിന്ന് ചോര്‍ന്ന ഗ്രാന്‍ഡ് വിറ്റാരയുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ചിത്രങ്ങള്‍ ടീം ബിഎച്ച്പിയാണ് പങ്കുവെച്ചത്. വിഷയവുമായി ബന്ധപ്പെട്ട വീഡിയോകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ ജനപ്രിയ മോഡലുകളുമായി മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലാണ് ഗ്രാന്‍ഡ് വിറ്റാര മത്സരിക്കുന്നത്. മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ ക്രാഷ് ടെസ്റ്റിന്റെ ചിത്രങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം.

ഗ്രാന്‍ഡ് വിറ്റാര വിവിധ ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയമാകുന്ന ദൃശ്യങ്ങളാണ് ചോര്‍ന്നത്. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റ്, സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റ്, ചലിക്കുന്ന കാറിനെ വശത്ത് നിന്ന് ഇടിക്കുന്ന സൈഡ് ഇംപാക്ട് ടെസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവ അനൗദ്യോഗിക വീഡിയോകളാണെങ്കിലും എയര്‍ബാഗുകള്‍ ശരിയായി വിന്യസിച്ചിട്ടുണ്ടെന്നും ബാഹ്യമായ കേടുപാടുകള്‍ വളരെ കുറവാണെന്നും പ്രാഥമിക നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു.
മാരുതിയുടെ പുതിയ എസ്‌യുവി സുരക്ഷാ റേറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം. ഇത് ഉറപ്പിക്കണമെങ്കില്‍ ഔദ്യോഗിക ഫലങ്ങള്‍ക്കായി കാത്തിരിക്കണം. മാരുതി സുസുക്കിയുടെ കാറുകള്‍ പൊതുവേ ക്രാഷ് ടെസ്റ്റുകളില്‍ തവിട് പൊടിയാകാറാണ് പതിവ്. ഓരോ മാസവും ആയിരക്കണക്കിന് യൂണിറ്റുകള്‍ വിറ്റുപോകുന്ന ഈ കാറുകള്‍ പക്ഷേ സേഫ്റ്റിയുടെ കാര്യത്തില്‍ വട്ടപ്പൂജ്യമായി മാറുന്നു. സുസുക്കിയുടെ കാറുകളില്‍ ബ്രെസ മാത്രമാണ് ഇതിന് അപവാദം. എന്നിരുന്നാലും, മാരുതിയുടെ പുതിയ മോഡലുകള്‍ക്ക് ഈ ധാരണയെ തിരുത്തിക്കുറിക്കാന്‍ സാധിക്കും.

സുരക്ഷയുടെ കാര്യത്തില്‍ മാരുതിയെ കുറിച്ച് ഉപഭോക്താക്കളുടെ മനസ്സില്‍ രൂപപ്പെട്ട ബിംബത്തെ തച്ചുടക്കുന്നതില്‍ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് കാര്യമായ ഉത്തരവാദിത്തമുണ്ട്. അതില്‍ ഗ്രാന്‍ഡ് വിറ്റാരയടക്കമുള്ള മോഡലുകള്‍ വിജയിക്കുകയാണെങ്കില്‍ അത് മാരുതി സുസുക്കിക്ക് പുതു ഊര്‍ജമേകും. ഇതിനോടകം നമ്പര്‍ വണ്‍ ആയി ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ കാറുകളുടെ ഡിമാന്‍ഡും വില്‍പ്പനയും കുത്തനെ കൂടും. ഔദ്യോഗിക ക്രാഷ് ടെസ്റ്റ് റേറ്റിംഗ് കമ്പനിയുടെയും ആരാധകരുടെയും പ്രതീക്ഷകള്‍ നിറവേറ്റുമോ എന്നറിയാന്‍ നമുക്ക് ആകാംക്ഷയോടെ കാത്തിരിക്കാം.
മാരുതി ഗ്രാന്‍ഡ് വിറ്റാരയെ കുറിച്ച് പറയുമ്പോള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എസ്‌യുവി രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. വെറും രണ്ട് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം. ഈ എസ്‌യുവി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.5-ലിറ്റര്‍ 4-സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും 1.5-ലിറ്റര്‍ 3-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുമാണവ.

മൈല്‍ഡ് ഹൈബ്രിഡ് 103 hp പവറും 136 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ സ്‌ട്രോംഗ് ഹൈബ്രിഡ് 116 hp പവറും 141 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റ് ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. സ്‌ട്രോംഗ് ഹൈബ്രിഡില്‍ എസി സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറും ലിഥിയം അയണ്‍ ബാറ്ററി പായ്ക്കും ഉള്‍പ്പെടുന്നു.
മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാം. അതേസമയം ഇ-സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് വാങ്ങാന്‍ സാധിക്കൂ. ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയും വിപണിയിലുണ്ട്. ലിറ്ററിന് 28 കിലോമീറ്ററാണ് ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ARAI അവകാശപ്പെടുന്ന മൈലേജ്. 10.99 ലക്ഷം മുതല്‍ 20.09 ലക്ഷം രൂപ വരെയാണ് മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ എക്‌സ് ഷോറൂം വില.


Click it and Unblock the Notifications








