ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
മികച്ച ബ്രാന്‍ഡ് ക്യാമ്പയിനുകള്‍ ഒരു വാഹന നിര്‍മാതാവിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഒരു ഉല്‍പ്പന്നവും അതിന്റെ തനതായ സവിശേഷതകളും ഉപഭോക്താക്കളുടെ മനസ്സിലെത്തിക്കാന്‍ ക്യാമ്പയിനുകള്‍ സഹായിക്കും. മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ എന്നീ മോഡലുകളിലൂടെ ജനപ്രിയമായി മാറിയ സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ മേന്‍മകള്‍ ഉയര്‍ത്തിക്കാട്ടി മാരുതി സുസുക്കി ഇന്ത്യ ഇപ്പോള്‍ പുതിയ ബ്രാന്‍ഡ് ക്യാമ്പയിനിന് തുടക്കമിട്ടിരിക്കുകയാണ്.
ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമെന്ന് മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിന് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യുന്ന സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ ഇന്തോ-ജാപ്പനീസ് വാഹന ഭീമന്റെ സമര്‍പ്പണത്തിന്റെ തെളിവ് കൂടിയാണ് ഈ കാമ്പയിന്‍. കമ്പനിയുടെ സ്‌ട്രോങ് ഹൈബ്രിഡ് ഫീച്ചര്‍ കാര്‍ മോഡലുകള്‍ ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കാന്‍ പ്രാപ്തമാണ്. ഐസി എഞ്ചിനുമായി വരുന്ന ഈ കാറുകള്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ വഴി 60 ശതമാനം വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കും.

ഫീച്ചറുകളാല്‍ സമ്പന്നമായ കാര്‍ മോഡലുകളിലേക്ക് ഇന്ത്യക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായാണ് കമ്പനി 'ഇത് അവിശ്വസനീയമാണ്. ഇത് സ്‌ട്രോംഗ് ഹൈബ്രിഡ് ആണ്' എന്ന പേരില്‍ ക്യാമ്പയിനിന് തുടക്കമിട്ടത്. സ്‌ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ ശ്രദ്ധേയമായ കഴിവുകളാണ് കാമ്പയിനിന്റെ അടിസ്ഥാനം. നിശബ്ദവും പരിസ്ഥിതി സൗഹൃദവുമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നുവെന്ന് മാത്രമല്ല വാഹനങ്ങളുടെ ഉദ്വമനം കുറയ്ക്കുന്നതിനുള്ള ഒരു സുപ്രധാന മുന്നേറ്റം കൂടിയാണിത്. മാത്രമല്ല കമ്പനിയുടെ സ്‌ട്രോംഗ് സാങ്കേതികവിദ്യ സമാനതകളില്ലാത്ത ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
ഫുള്‍ ടാങ്കില്‍ 1200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. ഈ ഹൈബ്രിഡ് ശേഷി ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അനുയോജ്യമായ സാഹചര്യങ്ങളില്‍ വാഹനത്തിന് ഇലക്ട്രിക് മോഡില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയും അതുവഴി മലിനീകരണം കുറയ്ക്കുകയും ക്ലീനര്‍ ഡ്രൈവിംഗ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്ന ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ മോഡലുകളെ കുറിച്ച് ചുവടെ വിശദീകരിക്കാം.

ഗ്രാന്‍ഡ് വിറ്റാര: മാരുതി സുസുക്കിയും ടൊയോട്ടയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത മിഡ്‌സൈസ് എസ്‌യുവിയാണ് ഗ്രാന്‍ഡ് വിറ്റാര. ഇതിന്റെ ടൊയോട്ട റീബാഡ്ജ് പതിപ്പ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്ന പേരില്‍ വില്‍പ്പനക്കെത്തുന്നു. 10.80 ലക്ഷം രൂപ മുതലാണ് ഗ്രാന്‍ഡ് വിറ്റാരയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. എന്നിരുന്നാലും സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ വില 18.43 ലക്ഷം മുതല്‍ 19.93 ലക്ഷം രൂപ വരെ പോകുന്നു.
സീറ്റ+, ആല്‍ഫ+ എന്നീ ട്രിമ്മുകളിലാണ് സ്‌ട്രോംഗ് ഹൈബ്രിഡ് മാരുതി ഓഫര്‍ ചെയ്യുന്നത്. സിവിടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഇത് ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. 45 ലിറ്റര്‍ വരെയാണ് ഇതിന്റെ ഫ്യുവല്‍ ടാങ്ക് ശേഷി. ഈ മിഡ്‌സൈസ് എസ്‌യുവിയില്‍ 45 ലിറ്റര്‍ പെട്രോള്‍ നിറച്ചാല്‍ 1200 കിലോമീറ്റര്‍ ഓടാമെന്നാണ് മാരുതി പറയുന്നത്.
സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് കീഴില്‍ കമ്പനി നല്‍കുന്ന ബാറ്ററി പായ്ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ ഈട് നല്‍കുമെന്ന് പറയപ്പെടുന്നു. ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി പതിപ്പും മാരുതി വില്‍പ്പനക്കെത്തിക്കുന്നുണ്ട്. 13.11 ലക്ഷം രൂപ മുതലാണ് ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. മിഡ്‌സൈസ് എസ്‌യുവിയുടെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.6 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്‍വിക്റ്റോ: ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പാണ് ഇന്‍വിക്‌റ്റോ. മാരുതിയുടെ ഏറ്റവും വില കൂടിയ കാറായ ഇന്‍വിക്‌റ്റോ നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖല വഴിയാണ് വില്‍ക്കുന്നത്. 25.30 ലക്ഷം മുതല്‍ 29.01 ലക്ഷം രൂപ വരെയാണ് ഇന്‍വിക്‌റ്റോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതില്‍ വരുന്നത്. ഇ-സിവിടി ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു.

ഈ പ്രീമിയം എംപിവി ലിറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മികച്ച മൈലേജും കൈനിറയെ പ്രീമിയം ഫീച്ചറുകളും നല്‍കുന്ന ഈ രണ്ട് മോഡലുകളും ഇതിനോടകം തന്നെ ജനപ്രിയമാണ്. ഹൈബ്രിഡ് ടെകിന്റെ മെച്ചങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ച് വില്‍പ്പന ഇനിയും കൂട്ടാനാണ് കമ്പനിയുടെ പ്ലാന്‍. ചെറുകാര്‍ വില്‍പ്പന മന്ദഗതിയിലാകുകയും യൂടിലിറ്റി വാഹനങ്ങള്‍ക്ക് പ്രചാരമേറുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിപണി വിഹിതം നിലനിര്‍ത്താന്‍ ഇവയുടെ വിജയം നിലനിര്‍ത്തുക നിര്‍ണായകമാണ്.


Click it and Unblock the Notifications








