3 ലക്ഷം രൂപയോളം പോക്കറ്റിലിരിക്കും! ഹൈക്രോസിനെക്കാൾ ഇൻവിക്ടോ ലാഭകരമാവുന്നത് ഇങ്ങനെ
മാരുതി സുസുക്കി തങ്ങളുടെ മുൻനിര ഹൈബ്രിഡ് എംപിവിയായ ഇൻവിക്ടോയ്ക്ക് വമ്പൻ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള ഈ ഹൈബ്രിഡ് എംപിവിക്ക് ഇതിനകം തന്നെ 1.25 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്നത് ഇതാദ്യമാണ് എന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം വലിയ കാത്തിരിപ്പില്ലാതെ തന്നെ ഇന്നോവ ഹൈക്രോസിൻ്റെ അതേ വാഹനം നമുക്ക് സ്വന്തമാക്കാം എന്നതും ഞങ്ങളുടെ അഭിപ്രായത്തിൽ മിക്കച്ച ഒരു ഡീൽ തന്നെയാണ്. മാരുതി സുസുക്കി ഇൻവിക്‌റ്റോയുടെ ഡിസ്‌കൗണ്ടുകളുടെ പൂർണ്ണമായ വിശദാംശങ്ങളും ഇന്നോവ ഹൈക്രോസിനുള്ള മികച്ച ബദൽ ഓപ്ഷനായി മാറുന്നത് എന്തുകൊണ്ടാണ് എന്നുമാണ് ഈ ലേഖനത്തിലൂടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്.
ആദ്യം, നമുക്ക് മാരുതി സുസുക്കി ഇൻവിക്റ്റോയുടെ ഡിസ്കൗണ്ടുകളുടേയും ഓഫറുകളുടേയും വിശദാംശങ്ങളിലേക്ക് നേരിട്ട് കടക്കാം. ഈ പ്രത്യേക ഹൈബ്രിഡ് -ഒൺലി എംപിവി സീറ്റ, ആൽഫ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി നിലവിൽ 1,00,000 രൂപയുടെ പ്രമോഷണൽ ഡിസ്‌കൗണ്ട് ഓഫറുമായി വരുന്നത് ടോപ്പ് സ്പെക്ക് ആൽഫ വേരിയൻ്റാണ്.

എന്നാൽ MSSF (മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ്) തിരഞ്ഞെടുത്താൽ മാത്രമേ ഈ ഒരു ലക്ഷം രൂപയുടെ കിഴിവ് ഉപഭോക്താക്കൾക്ക് ലഭ്യമാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഇതേ ആൽഫ വേരിയൻ്റിന് 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. കൈമാറ്റം ചെയ്യുന്ന വാഹനം മാരുതി സുസുക്കി എർട്ടിഗ, XL6 അല്ലെങ്കിൽ ടൂർ M എന്നിവ ആണെങ്കിൽ മാത്രമേ ഈ ആനുകൂല്യം ബാധകമാകൂ എന്നതാണ് മറ്റൊരു സത്യം.
ആൽഫ വേരിയൻ്റിലെ ഈ കിഴിവുകൾ കൂടാതെ, ലോ സ്പെക്ക് സീറ്റ വേരിയൻ്റിന് 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമേ മാരുതി നൽകുന്നുള്ളൂ. ആൽഫ വേരിയൻ്റ് പോലെ, മുകളിൽ സൂചിപ്പിച്ച വാഹനങ്ങൾ കൈമാറ്റം/ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ മാത്രമേ ഇത് ബാധകമാകൂ മറ്റ് മോഡലുകൾ നൽകിയാൽ ഈ ബോണസ് ലഭിക്കില്ല.

ഇനി ടൊയോട്ട ഇന്നോവ ഹൈക്രോസിന് മാരുതി ഇൻവിക്ടോ ഒരു മികച്ച ബദൽ ആയിരിക്കുന്നത് എന്തുകൊണ്ട് എന്ന് നമുക്ക് ചിന്തിക്കാം. നിങ്ങളൊരു ടൊയോട്ട ഇന്നോവ ഹൈക്രോസ് ആരാധകനാണെങ്കിലും നീണ്ട കാത്തിരിപ്പ് കാലയളവ് ആഗ്രഹിക്കുന്നില്ല എങ്കിലോ വാഹനത്തിനായി മൂന്നോ നാലോ ലക്ഷം രൂപ കൂടുതൽ ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എങ്കിലോ, മാരുതി സുസുക്കി ഇൻവിക്‌റ്റോ ഒരു മികച്ച ബദലാണ്. ഇത് പരിഗണിച്ചാൽ ഗുണകരമാവുന്ന കാരണങ്ങൾ ഇതാ.
പോക്കറ്റ് ഫ്രണ്ട്ലി: ഇന്നോവ ഹൈക്രോസിനേക്കാൾ മാരുതി സുസുക്കി ഇൻവിക്ടോ എടുത്താലുള്ള ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഗുണം എന്നത് കാര്യമായി പണം ലാഭിക്കുക എന്നതാണ്. ഇൻവിക്ടോയുടെ ടോപ്പ്-സ്പെക്ക് വേരിയൻ്റിന് 29.01 ലക്ഷം രൂപയും ഇന്നോവ ഹൈക്രോസിൻ്റെ ടോപ്പ്-സ്പെക്ക് വേരിയൻ്റിന് 30.98 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില എന്നതും ശ്രദ്ധേയമാണ്. അതിനാൽ ഇൻവിക്ടോ എടുക്കുകയാണെങ്കിൽ നമുക്ക് 1.97 ലക്ഷം രൂപ വരെ ലാഭിക്കാം.

നിലവിൽ ലഭ്യമായ ഓഫറുകൾ പരിഗണിക്കുന്നതിന് മുമ്പാണ് ഈ ലാഭം എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതനുശേഷം നിങ്ങൾ ഇൻവിക്ടോ തിരഞ്ഞെടുക്കുകയാണ് എങ്കിൽ, 1.25 ലക്ഷം രൂപ കിഴിവും ലഭിക്കും. ഇത് ഹൈക്രോസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൻവിക്ടോ വാങ്ങുന്നതിലൂടെ 3.22 ലക്ഷം രൂപയോളം ലാഭിക്കാം, ഇത് ചെറിയൊരു തുക അല്ല.
ചെറിയ കാത്തിരിപ്പ് കാലയളവ്: നിലവിൽ, മാരുതി ഇൻവിക്ടോ വാഗ്ദാനം ചെയ്യുന്ന കിഴിവുകൾ ഒന്നും നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽപ്പോലും, ഇന്നോവ ഹൈക്രോസ് ZX അല്ലെങ്കിൽ ZX (O) വേരിയൻ്റ് ലഭിക്കണമെങ്കിൽ, മിനിമം ആറുമാസം കാത്തിരിക്കേണ്ടിവരും. അത് അല്ലാതെ നിങ്ങൾക്ക് വാഹനം നേരത്തെ ലഭിക്കണൺ എങ്കിൽ 3.0 മുതൽ 4.0 ലക്ഷം രൂപ പ്രീമിയം അടയ്‌ക്കേണ്ടി വരും. മറുവശത്ത് ഇൻവിക്ടോ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഏത് വേരിയൻ്റും ഏത് നിറവും എളുപ്പത്തിൽ ലഭിക്കും.
ഏറെകുറെ സമാന സവിശേഷതകൾ: ഇന്നോവ ഹൈക്രോസിനേക്കാൾ ഏകദേശം 3.0 ലക്ഷം രൂപ കുറവാണെങ്കിലും, മാരുതി സുസുക്കി ഇൻവിക്‌റ്റോയ്‌ക്കൊപ്പം, നമുക്ക് അടിസ്ഥാനപരമായി ഒരേ ഫീച്ചറുകൾ ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും സപ്പോർട്ട് ചെയ്യുന്ന അതേ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും മൊത്തത്തിലുള്ള ഡാഷ്‌ബോർഡ് ലേയൗട്ടും ഇൻവിക്ടോയ്ക്ക് ഹൈക്രോസിന് സമാനമായി ലഭിക്കുന്നു.
അത് കൂടാതെ മധ്യനിരയിൽ അതേ ക്യാപ്റ്റൻ്റെ സീറ്റുകളും ലഭിക്കുന്നു, എന്നാൽ ഹൈക്രോസ് ഹൈബ്രിഡിന് ലഭിക്കുന്ന ഓട്ടോമൻ ശൈലിയിലുള്ള സീറ്റുകൾ ഇതിൽ വരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അത് കൂടാതെ ഇൻവിക്ടോയ്ക്ക് ഒമ്പത് സ്പീക്കറുകൾക്ക് പകരം ആറ് JBL സ്പീക്കറുകളാണ് വരുന്നത്, ADAS ഫംഗ്ഷനുകളും നഷ്‌ടപ്പെടുന്നു. എന്നിരുന്നാലും, ഇവ കൂടാതെ, രണ്ട് വാഹനങ്ങളും സമാനമാണ്.
ഒരേ ഹൈബ്രിഡ് പവർട്രെയിൻ: മെക്കാനിക്കലായി, ഈ രണ്ട് മോഡലുകളും ഒന്നുതന്നെയാണ് എന്നതാണ് വാസ്തവം. ടൊയോട്ട വികസിപ്പിച്ചെടുത്ത സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമുള്ള അതേ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇൻവിക്ടോയ്ക്കും ലഭിക്കുന്നത്. ഈ ഡ്രൈവ്ട്രെയിൻ 184 bhp മാക്സ് പവറും 209 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് കാറുകളിലും eCVT ഗിയർബോക്‌സുകളാണ് സജ്ജീകരിച്ചിരിക്കുന്നത്, കൂടാതെ മാനുവൽ ട്രാൻസ്മിഷന് ഓപ്ഷനുകളൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








