ഇമ്മാതിരി ഡീൽ ഉള്ളപ്പോൾ ഹൈക്രോസിന്റെ വില വർധനവിൽ കരയണോ? 2.5 ലക്ഷം കിഴിവിൽ 23 കി.മീ മൈലേജുള്ള ഇത് നോക്കിക്കൂടെ?
ആശയോടെ ഹൈക്രോസ് 7 -സീറ്റർ വാങ്ങാനിരുന്ന ഉപഭോക്താക്കൾക്ക് വെള്ളിടിയായി ടൊയോട്ടയുടെ വില വർധന. നിന്ന നിൽപ്പിൽ കണ്ണുംപൂട്ടി വാഹനത്തിന്റെ വില 36,000 രൂപയോളമാണ് കമ്പനി കൂട്ടിയത്. എന്നാൽ ഇക്കാര്യത്തിൽ ആശങ്കരാവുന്ന ഭൂരിഭാഗവും അറിഞ്ഞും അറിയാതെയും അവഗണിക്കുന്ന മറ്റൊരു പ്രീമിയം 7 -സീറ്ററുണ്ട്. 36,000 രൂപ വില വർധനവിന് പകരം 2.0 ലക്ഷം രൂപയോളം വിലക്കിഴിവിലാണ് ഈ മോഡൽ വരുന്നത് എന്നതും കൂടെ പരിഗണിക്കുമ്പോൾ, ഇതിലും മികച്ച ഒരു ഡീൽ വേറെ ഇല്ല എന്ന് തന്നെ നിസംശയം പറയാം.
ഈ മുതൽ മറ്റൊന്നുമല്ല നമ്മുടെ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി സുസുക്കി പതിപ്പായ ഇൻവിക്ടോ തന്നെയാണ്. ഹൈക്രോസ് വിപണിയിൽ വിറ്റു പോവുന്ന അതേ അളവിൽ ഇൻവിക്ടോ മാരുതി വിൽക്കുന്നില്ല എന്നത് വാസ്തവമാണ്. എന്നിരുന്നാലും, മാരുതിയുടെ പതിപ്പും വരുന്നത് ടൊയോട്ടയുടെ ഹൃദയത്തോടെയാണ് എന്ന കാര്യം മറക്കേണ്ട!

അതുകൊണ്ട് തന്നെ വാഹനത്തിൽ വരുന്ന ലോഗോയും നെയിപ്ലറ്റും മാറ്റി നിർത്തിയാൽ സംഭവം ഹൈക്രോസ് തന്നെ എന്ന് നിസംശയം പറയാം. അല്പം ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ മനസ്സ് ഉണ്ടെങ്കിൽ വമ്പൻ ലാഭത്തിൽ തന്നെ മികച്ചതും വളരെ കംഫർട്ടബിളുമായ പ്രീമിയം എംപിവി ചുളുവിലയ്ക്ക് നല്ല ലാഭത്തിൽ തന്നെ കൈക്കലാക്കാം. താൽപര്യമുണ്ടെങ്കിൽ നമുക്ക് മാരുതി ഇൻവിക്ടോയുടെ ഡിസ്കൗണ്ടിനെക്കുറിച്ച് സംസാരിക്കാം!
സീറ്റ പ്ലസ് 7 -സീറ്റർ, സീറ്റ പ്ലസ് 8 -സീറ്റർ & ആൽഫ പ്ലസ് 7 -സീറ്റർ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് മാരുതി ഇൻവിക്ടോ വാഗ്ദാനം ചെയ്യുന്നത്. ഇവയിൽ, ആൽഫ പ്ലസ് 7 സീറ്റർ ടോപ്പ് സ്പെക്ക് വേരിയന്റ് 2.5 ലക്ഷം രൂപ വരെ മൊത്തം ആനുകൂല്യങ്ങളോടെ ലഭ്യമാണ്.

കൂടുതൽ ലാഭം നൽകിക്കൊണ്ട്, മാരുതി ഒരു ലക്ഷം രൂപയുടെ എക്സ്ചേഞ്ച് ബോണസും ഇതോടൊപ്പം വാഗ്‌ദാനം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. കൂടാതെ നിങ്ങൾ മാരുതിയുടെ തന്നെ ഫിനാൻസ് സിസ്റ്റമായ MSSF -ൽ നിന്ന് ലോൺ എടുക്കുകയാണെങ്കിൽ, മറ്റൊരു 1.5 ലക്ഷം രൂപ കിഴിവും ലഭിക്കും.
മറുവശത്ത്, മറ്റ് രണ്ട് വേരിയൻ്റുകൾക്കും ഒരു ലക്ഷം രൂപയുടെ എക്സ്ചേഞ്ച് ബോണസും 50,000 രൂപയുടെ MSSF ഓഫറുമാണ് ലഭിക്കുന്നത്. ആകെ മൊത്തത്തിൽ, ഇത്രയും വലിയ കിഴിവുകളോടെ നമുക്ക് ഒരു ടൊയോട്ട പ്രൊഡക്ട് തന്നെ ലഭിക്കുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇത് മികച്ച ഒരു ഡീൽ തന്നെയാണ്.

ടൊയോട്ട ഇന്നോവ ഹൈക്രോസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതിൽ ആദ്യത്തെ 2.0 -ലിറ്റർ NA ഓപ്ഷൻ 173 bhp പവറും, 209 Nm ടോർക്കും സൃഷ്ടിക്കും, രണ്ടാമത്തെ 2.0 -ലിറ്റർ ഹൈബ്രിഡ് പവർട്രെയിൻ 184 bhp മാക്സ് പവറും 206 Nm ടോർക്കുമായി വരുന്നു.
ഇവയിൽ, ഇൻവിക്ടോയ്‌ക്കൊപ്പം 2.0 ലിറ്റർ ഹൈബ്രിഡ് എഞ്ചിൻ മാത്രമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ e-CVT ഗിയർബോക്‌സുമായി മാത്രമാണ് ഫിറ്റ് ചെയ്തിരിക്കുന്നത്. എഞ്ചിൻ ടൊയോട്ട വികസിപ്പിച്ചതാണ് അതിനാൽ തന്നെ വളരെ വിശ്വസനീയവുമാണ് എന്നത് എടുത്തു പറയേണ്ടതില്ലല്ലോ. കൂടാതെ, ഹൈബ്രിഡ് പവർട്രെയിൻ ലിറ്ററിന് 23 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നുണ്ട്.
എഞ്ചിന് പുറമെ, ഇന്ന് വിൽപ്പനയ്‌ക്ക് എത്തുന്ന ഏറ്റവും സുഖപ്രദമായ 7 -സീറ്ററുകളിൽ ഒന്നാണ് ഇൻവിക്‌റ്റോ. വളരെ ബാലൻസ്ഡ് ആയ സസ്പെൻഷൻ സജ്ജീകരണമുള്ള വിശാലമായ എംപിവിയാണിത്. കൂടാതെ, ഇത് ഒരു ഫീച്ചർ ലോഡഡ് കാറാണ് എന്ന കാര്യത്തിലും തർക്കമില്ല. ആകെ മൊത്തിൽ ഒരു കിടിലൻ പാക്കേജ് തന്നെ.
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ADAS, TPMS, വെൻ്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും അതിലേറെയും ഇതിലുണ്ട്. നിലവിൽ ഇൻവിക്ടോയുടെ എക്സ്-ഷോറൂം വില 29.77 ലക്ഷം രൂപയ്ക്കും 34.10 ലക്ഷം രൂപയ്ക്കും ഇടയിലാണ്. കൂടാതെ, ഹൈക്രോസിൽ നിന്ന് വ്യത്യസ്തമായി, ഇൻവിക്റ്റോയ്ക്ക് കാത്തിരിപ്പ് കാലയളവും വളരെ കുറവാണ്.


Click it and Unblock the Notifications








