ലക്ഷങ്ങളുടെ കിഴിവുകൾ ഇനി ഇല്ല, ജിംനിയ്ക്ക് വീണ്ടും വില ഉയരും! മാരുതി ഇത് എന്ത് ഭാവിച്ചാണ്?
2023 ഡിസംബറിൽ, മാരുതി സുസുക്കി അപ്രതീക്ഷിതമായി ജിംനി ലൈഫ്‌സ്റ്റൈൽ ഓഫ്റോഡ് എസ്‌യുവിയുടെ വിലയിൽ ചില അവിശ്വസനീയമായ ലാഭകരവുമായ ആനുകൂല്യങ്ങൾ അവതരിപ്പിച്ചു, 2023 -ലെ വിൽപ്പന മെച്ചപ്പെടുത്താനും ഡീലർ സ്റ്റോക്കുകൾ ഉടനടി ക്ലിയർ ചെയ്യാനും ഇത് വളരെയധികം സഹായിച്ചു. എന്നിരുന്നാലും, ഈ ആനുകൂല്യങ്ങൾ ഈ മാസം മുതൽ ഉണ്ടാവില്ല എന്ന് മാരുതി സുസുക്കി വ്യക്തമാക്കി.
ഓഫറുകൾക്ക് ശേഷം എത്തിയിരുന്ന കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഓഫ് റോഡർ വാങ്ങാൻ കൂടുതൽ ചെലവേറിയതായിരിക്കും എന്നത് ഇത് വ്യക്തമാക്കുന്നു. 2023 ഡിസംബറിൽ ജിംനിയിൽ മാരുതി സുസുക്കി പലവിധ ആനുകൂല്യങ്ങളും അവതരിപ്പിച്ചു, അതിൽ സീറ്റ ബേസ് വേരിയന്റിൽ രണ്ട് ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും ടോപ്പ് സ്പെക്ക് ആൽഫ വേരിയന്റുകളിൽ ഒരു ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

കൂടാതെ ജിംനിയുടെ എല്ലാ ഉപഭോക്താക്കൾക്കും കാർ നിർമ്മാതാക്കൾ ഒരു "തണ്ടർ എഡിഷൻ" കിറ്റും സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. ഈ കിറ്റിൽ എക്സ്റ്റീരിയറിനും ഇന്റീരിയറിനും വേണ്ടിയുള്ള കുറച്ച് ആഡ്-ഓൺ ആക്‌സസറികളും ഉൾപ്പെടുന്നു. എന്നിരുന്നാലും, 2024 ജനുവരി മുതൽ, ഈ കിഴിവുകളെല്ലാം കമ്പനി അസാധുവാക്കിയിരിക്കുകയാണ്. എന്നിരുന്നാലും, കഴിഞ്ഞ മാസം ഇവ സൃഷ്ടിച്ച ശക്തമായ ആക്കം നിലനിർത്താൻ മാരുതി സുസുക്കി ഇപ്പോഴും കുറച്ച് കിഴിവുകൾ വാഹനത്തിൽ വാഗ്ദാനം ചെയ്തേക്കാം.
മാരുതി സുസുക്കി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പുറത്തുവിടുന്ന റിപ്പോർട്ട് അനുസരിച്ച്, ഡീലർഷിപ്പുകളിൽ ഓഫ് റോഡറിന്റെ 2023 -ൽ നിർമ്മിച്ച യൂണിറ്റുകൾ ക്ലിയർ ചെയ്യുന്നതിനായി 2023 ഡിസംബറിൽ ജിംനിക്ക് കനത്ത കിഴിവുകൾ വാഗ്ദാനം ചെയ്തത്. പുതിയ കലണ്ടർ വർഷത്തിൽ കഴിഞ്ഞ വർഷത്തെ സ്റ്റോക്കുകൾ മുന്നോട്ട് കൊണ്ടുപോകാൻ മാരുതി സുസുക്കി ആഗ്രഹിക്കുന്നില്ല.

അതിനാലാണ് പ്രൈസ് കട്ടുകൾ വാഗ്ദാനം ചെയ്തിരുന്നത്. 2023 നവംബറിലെ ജിംനിയുടെ വിൽപ്പന പ്രകടനത്തെ ആശ്രയിച്ചുമാണ് ഈ കിഴിവുകൾ വാഗ്ദാനം ചെയ്തത് എന്നതും ശ്രദ്ധേയമാണ്. 2023 നവംബറിൽ ഓഫ് റോഡറിനായി മാരുതി സുസുക്കി വെച്ചിരുന്ന ഉയർന്ന പ്രതീക്ഷകളേക്കാൾ കുറവ് വിൽപ്പനയാണ് മോഡൽ കൈവരിച്ചത്.
2023 ഡിസംബറിൽ വാഗ്‌ദാനം ചെയ്‌ത ഈ കിഴിവുകൾ ഒരു പെർമെനന്റ് പ്രൈവ് കട്ട് അല്ല, മറിച്ച് ഓഫ് റോഡറിൽ വാഗ്ദാനം ചെയ്യുന്ന താൽക്കാലിക ആനുകൂല്യങ്ങളാണ് എന്നും മാരുതി സുസുക്കി വ്യക്തമാക്കി. സീറ്റ മാനുവലിന് 12.74 ലക്ഷം രൂപയിൽ ആരംഭിക്കുന്ന അതേ എക്‌സ്-ഷോറൂം വിലകൾ തന്നെ ഓഫ് റോഡറിന് തുടർന്നും ഉണ്ടായിരിക്കും എന്നാണ് ഇതിനർത്ഥം.

എന്നിരുന്നാലും, കാർ നിർമ്മാതാക്കൾ 2024 ജനുവരിയിൽ മാന്യമായ കിഴിവുകൾ വാഹനത്തിൽ വാഗ്ദാനം ചെയ്തേക്കാം, എന്നാൽ അത് 2023 ഡിസംബറിലെ പോലെ അത്ര വമ്പൻ ആയിരിക്കില്ല. 2023 ജൂണിൽ ലോഞ്ച് ചെയ്ത മാരുതി സുസുക്കി ജിംനി, സീറ്റ, ആൽഫ എന്നീ രണ്ട് വേരിയന്റുകളിലാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.
104 PS മാക്സ് പവറും 134.6 Nm പീക്ക് torque ഉം അവകാശപ്പെടുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ രണ്ട് വേരിയന്റുകൾക്കും കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് ജിംനിയുടെ ഈ രണ്ട് വകഭേദങ്ങളും വിൽപ്പനയ്‌ക്ക് എത്തുന്നത്.
ഇന്ത്യയിൽ മാരുതി സുസുക്കി ജിംനി നേരിടുന്ന ഒരേയൊരു പ്രധാന കോംപറ്റീഷൻ ത്രീ ഡോർ മഹീന്ദ്ര ഥാറിൽ നിന്നാണ്, വലുതും കൂടുതൽ പ്രീമിയവും ചെലവേറിയതുമായ ഫൈവ് ഡോർ പതിപ്പ് ഈ വർഷം വിപണിയിൽ എത്തുന്നതോടെ മത്സരം കൂടുതൽ മുറുകും. ഫ്രോങ്ക്‌സ്, ജിംനി, ഇൻവിക്‌റ്റോ തുടങ്ങിയ വിജയകരമായ മോഡൽ ലോഞ്ചുകളിലൂടെ ഒരു വർഷത്തിനുശേഷം മാരുതി സുസുക്കി, ഇപ്പോൾ ചില തകർപ്പൻ പുതിയ മോഡലുകളുമായി 2024 -നെ നേരിടാൻ ലക്ഷ്യമിടുകയാണ്.

2024 -ൽ മാരുതി സുസുക്കിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ആദ്യത്തെ പ്രധാന ലോഞ്ച്, വിദേശത്ത് ഇതിനകം തന്നെ അരങ്ങേറ്റം കുറിച്ച പുതിയ നാലാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കാണ്. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന നിലവിലെ തലമുറ പതിപ്പിനെ അപേക്ഷിച്ച് പുതിയ സ്വിഫ്റ്റിന് സ്ലീക്ക് & ഷാർപ്പ് രൂപകൽപ്പനയുണ്ട്, ആംഗുലാർ ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും ഇതിന് ഒരു എവൊല്യൂഷണറി രൂപം നൽകുന്നു.
പുതിയ സ്വിഫ്റ്റിന്റെ ലോഞ്ചിനെ തുടർന്ന്, 2024 -ന്റെ ആദ്യ പകുതിയിൽ സെഡാൻ പതിപ്പായ ഡിസയറിനേയും അവതരിപ്പിക്കാൻ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ പദ്ധതിയിടുന്നു. പുതിയ തലമുറ ഡിസയറിന് നിലവിലെ മോഡലിനെപ്പോലെ തന്നെ ഹാച്ച്ബാക്ക് സഹോദരനിൽ നിന്ന് അല്പം വേറിട്ട രൂപകൽപനയും ഡിസൈനും ഉണ്ടാകും.

ഫ്ലോട്ടിംഗ് 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, അപ്‌ഡേറ്റ് ചെയ്ത സെന്റർ കൺസോൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജർ തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്ന ക്യാബിൻ ലേയൗട്ട് പുതിയ സ്വിഫ്റ്റിന് സമാനമാകും എന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റും ഇന്ത്യയിൽ അവതരിപ്പിക്കും.
വാഹനം ഇതിനോടകം ട്രയൽ റണ്ണുകൾ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്, ഇത് പ്രൊഡക്ഷൻ പതിപ്പ് റെഡിയായിക്കഴിഞ്ഞു എന്ന് സൂചിപ്പിക്കുന്നു. eVX ഇലക്ട്രിക് എസ്‌യുവി 2024 -ന്റെ രണ്ടാം പകുതിയിൽ, ഒരുപക്ഷേ ഉത്സവ സീസണിന് മുന്നോടിയായി ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. eVX -ന്റെ വരവോടെ രാജ്യത്തെ ഇവി രംഗത്തേക്ക് മാരുതി സുസുക്കിയും കൂടെ ചുവടു വെയ്ക്കുമ്പോൾ കാര്യങ്ങൾ അല്പം കൂടെ ത്രില്ലിംഗായി മാറും എന്ന കാര്യത്തിൽ സംശയമില്ല.


Click it and Unblock the Notifications








