ഷോറൂമിലേക്ക് 'അടിച്ചുകേറി വാ'! ഓട്ടോമാറ്റിക് കാറുകളുടെ വില വെട്ടിക്കുറച്ച് മാരുതി
ഗതാഗതക്കുരുക്കുകള്‍ക്ക് പേരുകേട്ട ഇന്ത്യന്‍ റോഡുകളില്‍ മാനുവല്‍ കാറുകള്‍ ഓടിച്ച് നടക്കുന്നത് അത്ര സുഖമുള്ള പരിപാടിയല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി വരുന്ന കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിയിട്ടുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കുറഞ്ഞ വിലയില്‍ ഓട്ടോമാറ്റിക്കിന്റെ സൗകര്യം നല്‍കാനായിട്ടാണ് ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) വേരിയന്റുകള്‍ പുറത്തിറക്കിയത്. ബജറ്റ് വിലയില്‍ വരുന്ന കുറച്ച് മാരുതി കാറുകളില്‍ ഈ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. മാരുതി സുസുക്കിയുടെ എജിഎസ് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്ന കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കളെ കാത്ത് ഒരു സന്തോഷവാര്‍ത്തയുണ്ട്.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വിവിധ മോഡലുകളിലുടനീളം ഓട്ടോ ഗിയര്‍ ഷിഫ്റ്റ് വേരിയന്റുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. ശനിയാഴ്ച (2024 ജൂണ്‍ ഒന്ന്) മുതല്‍ പുതിയ വില പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നു. ആള്‍ട്ടോ K10, എസ്‌പ്രെസ്സോ, സെലേറിയോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഫ്രോങ്ക്‌സ്, ഇഗ്‌നിസ് എന്നിവയുള്‍പ്പെടെയുള്ള മോഡലുകളുടെ എജിഎസ് വേരിയന്റുകള്‍ക്ക് ഇനി 5,000 രൂപ കുറച്ച് മുടക്കിയാല്‍ മതി.

ഈ തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എജിഎസ് വേരിയന്റുകളുടെ വില്‍പ്പന പ്രതീക്ഷിച്ചതിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വില കുറക്കാന്‍ കമ്പനി തീരുമാനിച്ചതെന്നാണ് വിവരം. എക്‌സ്‌ചേഞ്ച് ഫയലിംഗിലൂടെയാണ് കമ്പനി തങ്ങളുടെ മോഡലുകളിലുടനീളം എജിഎസ് വേരിയന്റുകളുടെ വില കുറക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. എജിഎസ് സാങ്കേതികവിദ്യ കൂടുതല്‍ പേര്‍ക്ക് ആക്‌സസ് ചെയ്യാനും വില കുറയുന്നതോടെ തങ്ങളുടെ മോഡല്‍ നിരയുടെ ആകര്‍ഷണീയത ഉയര്‍ത്താനാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു.
എജിഎസ് വേരിയന്റുകള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ തങ്ങളുടെ ജനപ്രീതി ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുടെ നേട്ടങ്ങള്‍ സമന്വയിപ്പിക്കുന്ന ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യയാണ് ഓട്ടോ ഗിയര്‍ ഷിഫ്റ്റ്. 2014-ലാണ് മാരുതി സുസുക്കി എജിഎസ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡ്രൈവറുടെ ഇടപെടലില്ലാതെ ഗിയര്‍ ഷിഫ്റ്റുകളും ക്ലച്ച് കണ്‍ട്രോളുകളും ഈ ഓട്ടോമാറ്റിക് കാറുകളില്‍ ഇലക്ട്രിക്കലി ഓട്ടോമേറ്റഡ് ആണ്.

ട്രാന്‍സ്മിഷന്‍ ഇലക്ട്രോണിക് കണ്‍ട്രോളര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഇന്റലിജന്റ് ഷിഫ്റ്റ് കണ്‍ട്രോള്‍ ആക്യുവേറ്റര്‍ ഈ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുണ്ട്. ഡ്രൈവിംഗ് സാഹചര്യങ്ങള്‍ വിലയിരുത്തി ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുകള്‍ ക്രമീകരിക്കാനും അതുവഴി ഡ്രൈവിംഗ് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനും ഇതിന് സാധിക്കുന്നു. ഈ രണ്ട് ഘടകങ്ങളും കാറിന്റെ ട്രാന്‍സ്മിഷന്‍ യൂണിറ്റില്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ഇത് ക്ലച്ചിന്റെ സിങ്ക്രണൈസ്ഡ് കണ്‍ട്രോളും സുഗമമായ ഗിയര്‍ ഷിഫ്റ്റുകളും ഉറപ്പാക്കുന്നു.
മെച്ചപ്പെട്ട പെര്‍ഫോമന്‍സ് പുറത്തെടുക്കുന്നതിനും വാഹനത്തിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇത് എജിഎസിന് സഹായകമാണ്. കണ്ടിന്യുവസ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സിവിടി), ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി), ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (ഐഎംടി), ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ എന്നിങ്ങനെ മറ്റ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇതിനോടകം തന്നെ ചെലവ് കുറഞ്ഞതാണ് എജിഎസ്.

ഇതിന്റെ വില വീണ്ടും കുറയ്ക്കുന്നതിലൂടെ എജിഎസ് മോഡലുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മാരുതിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ ഒരു തീരുമാനം ജൂണ്‍ മാസത്തിലെ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ പ്രതിഫലിക്കും. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024 മാര്‍ച്ച് വരെ മാരുതി സുസുക്കി ഇന്ത്യയുടെ പാസഞ്ചര്‍ വാഹന വിഭാഗത്തിലെ വിപണി വിഹിതം 39.33 ശതമാനമാണ്.
2023 ഡിസംബറില്‍ കമ്പനി കൈവശം വച്ചിരുന്ന 42 ശതമാനം വിപണി വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറവാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, മാരുതി എക്കാലത്തെയും ഉയര്‍ന്ന മൊത്ത വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ 21.35 ലക്ഷം യൂണിറ്റുകളായിരുന്നു വില്‍പ്പന. 2023 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വില്‍പ്പനയായ 19.66 ലക്ഷം യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 8.5 ശതമാനമാണ് വളര്‍ച്ച. ഈ സാമ്പത്തിക വര്‍ഷം അത് വീണ്ടും ഉയര്‍ത്താനാണ് കമ്പനിയുടെ ലക്ഷ്യം.


Click it and Unblock the Notifications








