മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
2024 -ൽ മാരുതി സുസുക്കി തങ്ങളുടെ തലപ്പത്ത് കുറച്ച് അഴിച്ചു പണികൾ നടത്തുകയാണ്. 2024 ഏപ്രിൽ 1 മുതൽ പുതിയ മാർക്കറ്റിംഗ് ആൻ്റ് സെയിൽസ് മേധാവിയായി പാർഥോ ബാനർജിയെ നിയമിക്കാനുള്ള ബോർഡിൻ്റെ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ സർവീസ് മേധാവിയായി സേവനമനുഷ്ഠിക്കുന്ന ബാനർജി, ശശാങ്ക് ശ്രീവാസ്തവയിൽ നിന്ന് ചുമതലയേൽക്കും.
കൂടാതെ, തരുൺ അഗർവാളിനെയാണ് എഞ്ചിനീയറിംഗ് തലവനായി തിരഞ്ഞെടുത്തിരിക്കുന്നത്, സിവി രാമനെ മെമ്പർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മാറ്റിയതിനെ തുടർന്നാണ് അഗർവാളിൻ്റെ പുതിയ നിയമനം. നിലവിൽ, അഗർവാൾ എക്‌സിക്യൂട്ടീവ് ഓഫീസറും പവർട്രെയിൻ വെർട്ടിക്കൽ മേധാവിയുമാണ്. കൂടാതെ, സന്ദീപ് റെയ്‌നയെ പ്രൊഡക്റ്റ് പ്ലാനിംഗ് തലവനായി സ്ഥാനക്കയറ്റം നൽകി, റാം സുരേഷ് അകെല്ല ഇപ്പോൾ സർവീസ് ടീമിനെ നയിക്കും.

2024 ഏപ്രിൽ 1 മുതൽ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) തലവനായി മനോജ് ഗൗതമിനെയും ഹ്യൂമൻ റിസോഴ്‌സ് (എച്ച്ആർ) തലവനായി സലിൽ ബി ലാലിൻ്റെയും നിയമനങ്ങളും വാഹന നിർമ്മാതാവ് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. കൂടാതെ, സുനിൽ കക്കറിനെ സപ്ലൈ ചെയിൻ മേധാവിയിൽ നിന്ന് കോർപ്പറേറ്റ് പ്ലാനിംഗ് തലവനായും ദീപക് തുക്രാൾ, രാഹുൽ ഭാരതി എന്നിവരെ യഥാക്രമം സപ്ലൈ ചെയിൻ മേധാവിയായും കോർപ്പറേറ്റ് കാര്യ മേധാവിയായും നിയമിക്കാനാണ് തീരുമാനം വന്നിരിക്കുന്നത്.
മാരുതി സുസുക്കിയുടെ മറ്റ് അനുബന്ധ വാർത്തകളിലേക്ക് നോക്കിയാൽ റോഡ് സുരക്ഷയ്‌ക്കായുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭത്തിന് വേണ്ടി ഉത്തർപ്രദേശിലെ അയോധ്യയിലുള്ള ഡ്രൈവർ ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ മാരുതി സുസുക്കി അതിൻ്റെ ആദ്യത്തെ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് വിജയകരമായി പ്രവർത്തിപ്പിച്ചിരിക്കുകയാണ്.

2023 ഡിസംബറിൽ യുപി ഗവൺമെൻ്റുമായി മെമ്മോറാണ്ടം ഓഫ് എഗ്രിമെൻ്റ് (എംഒഎ) ഒപ്പുവെച്ചതിനെത്തുടർന്ന് വെറും 45 ദിവസത്തിനുള്ളിൽ അയോധ്യ ട്രാക്ക് പൂർത്തിയാക്കി എന്നതാണ് ഏറ്റവും ശ്രദ്ധേയമാണ്. കൂടാതെ, റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള മാരുതി സുസുക്കിയുടെ പദ്ധതികൾ അയോധ്യയ്ക്ക് അപ്പുറത്തേക്കും വ്യാപിക്കുകയാണ്, ഗോരഖ്പൂർ, മഥുര, പ്രയാഗ്‌രാജ്, വാരണാസി എന്നിവിടങ്ങളിൽ ഡിടിടിഐകൾ ഓട്ടോമേറ്റ് ചെയ്യാനുള്ള പദ്ധതികളുമുണ്ട്, ഇവയെല്ലാം ഉടൻ പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.
സമഗ്രവും കാര്യക്ഷമവും സുതാര്യവുമായ പരിശോധനാ നടപടിക്രമങ്ങൾ ഉറപ്പാക്കുന്ന, ഹൈ-ഡെഫനിഷൻ ക്യാമറകളും ഒരു ഇൻ്റഗ്രേറ്റഡ് ഐടി ഇൻഫ്രാസ്ട്രക്ചറും ഉൾക്കൊള്ളുന്ന 100 ശതമാനം കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണ് അയോധ്യ എഡിടിടിയിൽ ഉള്ളത്. ലൈറ്റ് മോട്ടോർ വെഹിക്കിൾസ് (എൽഎംവി), ഹെവി മോട്ടോർ വെഹിക്കിൾസ് (എച്ച്എംവി) അപേക്ഷകർക്ക് ഒരേ ട്രാക്കിൽ ടെസ്റ്റിംഗ് സൗകര്യമൊരുക്കുന്നുണ്ട്.
ഡ്രൈവിംഗ് ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കിടയിൽ റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ഡ്രൈവിംഗ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് മാരുതി സുസുക്കിയുടെ ഈ സംരംഭത്തിലൂടെ അടിവരയിടുന്നത്. അയോധ്യ എഡിടിടിയുടെ വിജയകരമായ ഓട്ടോമേഷനും ഉത്തർപ്രദേശിലെ മറ്റ് നഗരങ്ങളിലുടനീളം വരാനിരിക്കുന്ന നടപ്പാക്കലുകളും വഴി, സുരക്ഷിതമായ റോഡുകളും ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് രീതികളും പരിപോഷിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നൽകാനാണ് ലക്ഷ്യമിടുന്നതെന്നാണ് കമ്പനി പറഞ്ഞത്.
ബലേനോ, വാഗണ്‍ആര്‍ എന്നിവയുടെ 16,000 യൂണിറ്റുകള്‍ തിരിച്ചുവിളിക്കാന്‍ മാരുതി സുസുക്കി ഇന്ത്യ തീരുമാനിച്ചിരുന്നു. ഫ്യുവല്‍ പമ്പ് മോട്ടോറില്‍ കണ്ടെത്തിയ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് മാരുതി സുസുക്കി അറിയിച്ചിരുന്നു. 2019 ജൂലൈ 30-നും 2019 നവംബര്‍ ഒന്നിനും ഇടയില്‍ നിര്‍മ്മിച്ച ബലേനോയുടെ 11,851 യൂണിറ്റുകളും വാഗണ്‍ആറിന്റെ 4,190 യൂണിറ്റുകളും തിരിച്ചുവിളിക്കുന്നതായാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








