ഫുൾ ടാങ്കിൽ വേണേൽ ഗോവ പോയിവരാം; 40 കി.മീ മൈലേജുമായി ബലേനോ ഹൈബ്രിഡ് അണിയറയിൽ
2015 -ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മാരുതി സുസുക്കി ബലേനോ ഹാച്ച്ബാക്ക് ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ ശക്തമായ വിൽപ്പന സ്ഥിരമായി നേടുന്ന ഒരു മോഡലാണ് എന്ന് കണക്കുകൾ തെളിയിച്ചിട്ടുണ്ട്. 2021 അവസാനത്തോടെ ഒരു ദശലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് മോഡൽ കൈവരിച്ചു.
2023 മാർച്ചിൽ ഇത് രണ്ട് ദശലക്ഷം മാർക്ക് പിന്നിട്ടു. ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ബ്രാൻഡിൻ്റെ ആദ്യത്തെ പ്രൊഡക്ഷൻ മോഡൽ എന്ന നിലയിൽ ഇത് മാരുതിയുടെ ഭാവി ശ്രമങ്ങൾക്കും വഴിയൊരുക്കിയ മോഡലാണ്. മുമ്പ് വിപണിയിൽ ഉണ്ടായിരുന്ന ബലേനോ സെഡാനിനേക്കാളും ഈ ഹാച്ച്ബാക്ക് പതിപ്പാണ് ജനഹൃദയങ്ങളിൽ ഇടം പിടിച്ചത്.

2017 -ൽ, കാർ നിർമ്മാതാക്കൾ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിൻ ഫീച്ചർ ചെയ്യുന്ന പെർഫോമെൻസിനെ അടിസ്ഥാനമാക്കിയുള്ള ബലേനോ RS വേരിയന്റ് അനാച്ഛാദനം ചെയ്തു, പിന്നീട് ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ 2020 -ൻ്റെ തുടക്കത്തിൽ ഈ വേരിയയന്റിനെ ബ്രാൻഡിന് നിർത്തലാക്കേണ്ടി വന്നു.
2019 -ൽ വാഹനത്തിൻ്റെ ആദ്യം ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തി, തുടർന്ന് 2022 -ൽ അടുത്ത മുഖം മിനുക്കലിനും മോഡൽ വിധേയമായി. നിലവിൽ ബലേനോ മോഡൽ ലൈനപ്പ് സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ വകഭേദങ്ങളെ ഉൾക്കൊള്ളുന്നു, പ്രീമിയം ഹാച്ച്ബാക്കിന്റെ എക്സ്-ഷോറൂം വില 6.61 ലക്ഷം രൂപ മുതൽ 9.88 ലക്ഷം രൂപ വരെയാണ്.

90 bhp പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ, ഫോർ സിലിണ്ടർ ഡ്യുവൽജെറ്റ് K12N പെട്രോൾ എഞ്ചിൻ, അഞ്ച് സ്പീഡ് മാനുവൽ, AMT ഗിയർബോക്സുകളുമായി കണക്ട് ചെയ്തിരിക്കുന്നു. അധികം താമസിയാതെ തന്നെ, മാരുതി ബലേനോയ്ക്ക് ഒരു തലമുറ മാറ്റം/ ജനറേഷൻ അപ്പ്ഡേറ്റ് നൽകാൻ ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഒരുങ്ങുന്നു.
YTA എന്ന കോഡ് നെയിമുള്ള ഈ പുതിയ മോഡൽ 2026 -ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. മെച്ചപ്പെട്ട സ്‌റ്റൈലിംഗും ഇൻ്റീരിയറും ഇത് ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും ഇതിനെല്ലാം ഉപരിയായി വാഹനത്തിന്റെ മെയിെൻ ശ്രദ്ധാകേന്ദ്രം അതിൻ്റെ പുതിയ ഹൈബ്രിഡ് പവർട്രെയിൻ ആയിരിക്കും.

അടുത്തിടെ പുറത്തു വന്ന ഒരു പുതിയ മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയേക്കാൾ ചെലവ് കുറഞ്ഞ സീരീസ് ഹൈബ്രിഡ് പവർട്രെയിൻ വികസിപ്പിക്കുന്നതിൽ മാരുതി സുസുക്കി വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കുന്നു. ഇത് കൂടുതൽ താങ്ങാനാവുന്ന ബജറ്റ് ഹൈബ്രിഡ് മോഡലുകളിലേക്ക് വഴിയൊരുക്കും എന്ന് പ്രതീക്ഷിക്കാം.
പുതിയ ഹൈബ്രിഡ് സിസ്റ്റം ബ്രാൻഡ് അടുത്തിടെ ജപ്പാനിൽ അവതരിപ്പിച്ച 2024 സ്വിഫ്റ്റിൽ വരുന്ന പുതിയ Z12E ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ, 1.5 kWh മുതൽ 2.0 kWh കപ്പാസിറ്റിയുള്ള ഒരു ബാറ്ററി പായ്ക്ക്, ഒരു ഇലക്ട്രിക് മോട്ടോർ എന്നിവ സംയോജിപ്പിക്കും. ലിറ്ററിന് 40 കിലോമീറ്ററിലധികം മൈലേജാണ് ഈ സിസ്റ്റം അവകാശപ്പെടുന്നത്. ഫുൾ ടാങ്കിൽ കൊച്ചിയിൽ നിന്ന് ഗോവയ്ക്കു പോയി ഏറെ കുറെ തിരികെ എത്താൻ ഇത് മതിയായേക്കും.

ഈ സിസ്റ്റം 2025 -ൽ ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം പ്രീമിയർ ചെയ്യാൻ കമ്പനി ഒരുങ്ങുകയാണ്. പുതിയ സുസുക്കി HEV പിന്നീട് യഥാക്രമം 2026 -ലും 2027 -ലും സ്‌പേഷ്യ അടിസ്ഥാനമാക്കിയുള്ള എംപവിയിലും, സ്വിഫ്റ്റ് ഹാച്ച്‌ബാക്കിലും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. പ്രതീക്ഷകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഹൈബ്രിഡ് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ആറിൽ അധികം മോഡലുകൾ മാരുതി സുസുക്കി അവതരിപ്പിച്ചേക്കാം, ഇവ ദശാബ്ദത്തിൻ്റെ അവസാനത്തോടെ പ്രതിവർഷം മൊത്തം വിൽപ്പനയിൽ എട്ട് ലക്ഷം യൂണിറ്റുകൾ കൈവരിച്ചേക്കാം എന്നാണ് മാരുതിയുടെ വിശ്വാസം.


Click it and Unblock the Notifications








