ക്ഷമിക്കണം ബിസിനസാണെന്ന് മാരുതി, ജനുവരി മുതൽ നാല് ശതമാനം വിലവർധന
പ്രീമിയം ബ്രാൻഡുകളെല്ലാം ജനുവരി മാസം മുതൽ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഹ്യുണ്ടായിയും തങ്ങളുടെ എല്ലാ മോഡലുകൾക്കും ജനുവരി ഒന്ന് മുതൽ 3 ശതമാനം വില കൂട്ടുമെന്ന് അറിയിച്ചു. ഇനി ഏത് ബ്രാൻഡാണ് വില കൂട്ടാൻ പോകുന്നതെന്ന് കാത്തിരിക്കുമ്പോഴാണ് മാരുതി സുസുക്കിയുടെ ഒരു പ്രഖ്യാപനം. മറ്റ് കമ്പനികൾ വില കൂട്ടുന്ന സ്ഥിതിക്ക് അവരും കൂട്ടണമല്ലോ. കമ്പനി കൂട്ടാൻ പോകുന്നത് 4 ശതമാനമാണ്. ഈ പ്രഖ്യാപനം കഴിഞ്ഞതോടെ സ്റ്റോക്ക് മാർക്കറ്റിൽ മാരുതിയുടെ ഓഹരി വിലയിൽ 1.5 ശതമാനത്തിൻ്റെ വർധനവാണ് വന്നത്. എന്തൊക്കെ പറഞ്ഞാലും എല്ലാം ബിസിനസാണല്ലോ.
ഏതൊരു സാധാരണക്കാരൻ്റേയും സ്വന്തമായൊരു വാഹനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എന്നും കൂടെ നിൽക്കുന്ന ബ്രാൻഡാണ് മാരുതി സുസുക്കി. പക്ഷേ വർധിച്ച് വരുന്ന നിർമാണചിലവ് കാരണം കമ്പനി വില വർധിപ്പിക്കാൻ നിർബന്ധിതരാകുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള 10 കാറുകള്‍ എടുത്താല്‍ അതില്‍ ആറെണ്ണം മാരുതിയുടേതാണ്. എംപിവികള്‍, ഹാച്ച്ബാക്കുകള്‍, എസ്‌യുവികള്‍ എന്നിങ്ങനെ വിവിധ ബോഡിസ്‌റ്റൈലുകളിലുള്ള കാറുകള്‍ ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നത്. പുത്തൻ ഡിസയർ കൂടി എത്തിയതോടെ ഇനി പിടിച്ചാൽ കിട്ടൂല.

LXi, VXi, ZXi, ZXi+ എന്നിങ്ങനെ നാല് ഓപ്ഷനുകളിൽ നിന്ന് ഡിസയർ തെരഞ്ഞെടുക്കാനാകും. നാല്-മീറ്ററിൽ താഴെ വലിപ്പമുള്ള സെഡാന് 3,995 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,525 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. മോഡലിന് 1,375 കിലോഗ്രാം ഗ്രോസ് വെഹിക്കിൾ വെയ്റ്റാണുള്ളത്. അതായത് മൊത്തത്തിലുള്ള ഭാരം ഇത്രവരുമെന്ന് സാരം.
മൊത്തത്തിലുള്ള ഡിസൈൻ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അനുകരിക്കുന്നുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് ഡാഷ്ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. Arkayms സൗണ്ട് സിസ്റ്റം കൊടുത്തിരിക്കുന്നതിനാൽ യാത്രകളിൽ സംഗീതാസ്വാദനം മികച്ചതാവും.

382 ലിറ്റർ ലഗേജ് സ്പേസാണ് ഡിസയറിനുള്ളത്. അതായത് ഒരു ട്രിപ്പിന് ഫാമിലിക്ക് വേണ്ടുന്ന സാധനങ്ങളെല്ലാം കയറ്റാൻ യെവൻ മതിയാവും. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ വാഹനത്തിൽ സ്റ്റാൻഡേർഡായി നിരവധി സുരക്ഷാ ഫീച്ചറുകളും മാരുതി കൊടുത്തിട്ടുണ്ട്. 6 എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റിനും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയാണ് ഡിസയറിലെ സേഫ്റ്റി ഫീച്ചറുകൾ.
പുതിയ സ്വിഫ്റ്റിൽ കണ്ട അതേ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് പുതിയ ഡിസയറും വരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മാരുതി പറയുന്നത്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുമായി വരുന്നതിനാൽ നല്ല മൈലേജും കിട്ടും.

നാലാംതലമുറ ആവർത്തനത്തിലും മുൻഗാമികളോട് നീതി പുലർത്തിയാണ് മാരുതി ഡിസയറിന് വിലയിട്ടിരിക്കുന്നത്. 6.79 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മാരുതി കാർ വാങ്ങാം. ജനുവരി മുതൽ വില കൂട്ടാൻ പോകുന്ന സ്ഥിതിക്ക് ക്രിസ്മസിന് വീട്ടിൽ ഒരു വണ്ടി എത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒട്ടും സമയം കളയേണ്ട. കാശ് ലാഭിച്ചാൽ അതിന് പെട്രോൾ അടിച്ച് കറങ്ങാമല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








