വിദേശികളെ കൊണ്ട് ഇന്ത്യന്‍ കാര്‍ വാങ്ങിപ്പിച്ച് മാരുതി! ഈ കാറിന്റെ കയറ്റുമതി 3 ഇരട്ടി കൂടി
മാരുതി സുസുക്കിക്ക് നിലവില്‍ ഇന്ത്യയില്‍ മൂന്ന് വാഹന നിര്‍മാണ പ്ലാന്റുകളാണ് ഉള്ളത്. രണ്ടെണ്ണം ഹരിയാനയിലും ഒന്ന് ഗുജറാത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഹരിയാനയിലെ മനേസറില്‍ പ്ലാന്റില്‍ നിന്ന് 1 കോടി വാഹനങ്ങള്‍ ഇതിനോടകം പണിതിറങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമായിരുന്നു നാഴികക്കല്ല് പിന്നിട്ടത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മാരുതി സുസുക്കി കാറുകള്‍ വിദേശ വിപണികളിലേക്ക് കയറ്റി അയക്കാറുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കമ്പനി തങ്ങളുടെ ജനപ്രിയ കോംപാക്ട് എസ്‌യുവികളില്‍ ഒന്നായ ഫ്രോങ്ക്‌സ് ജപ്പാനിലേക്ക് കയറ്റുമതി ആരംഭിച്ചത്. സുസുക്കിയുടെ സ്വന്തം നാടായ ജപ്പാനില്‍ കയറ്റി അയക്കുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത എസ്‌യുവിയായിരുന്നു ഫ്രോങ്ക്‌സ്.
2023-ല്‍ പുറത്തിറങ്ങിയ അന്ന് മുതല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടിയ കാറാണ് ഫ്രോങ്ക്‌സ്. മാരുതിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള എസ്‌യുവി മോഡലുകളില്‍ ഒന്ന് കൂടിയാണ് ബലേനോ അധിഷ്ഠിത ക്രോസ്ഓവര്‍ എസ്‌യുവി. ആഭ്യന്തര വിപണിയില്‍ വന്‍ ചലനം സൃഷ്ടിച്ച ഈ കാര്‍ ഇപ്പോള്‍ കയറ്റുമതിയുടെ കാര്യത്തിലും കമ്പനിക്ക് മുതല്‍ക്കൂട്ടാവുകയാണ്. 2024 സെപ്റ്റംബറില്‍ മാരുതി സുസുക്കി 5200 ഫ്രോങ്ക്‌സ് ആണ് കപ്പല്‍ കയറ്റി അയച്ചത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 354.94 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. കൃത്യം 1 വര്‍ഷം മുമ്പ് അതായത് 2023 സെപ്റ്റംബറില്‍ മാരുതി സുസുക്കി സുസുക്കിക്ക് വിദേശത്ത് മൊത്തം 1,143 പുതിയ ഉപഭോക്താക്കളെയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിസാന്‍ സണ്ണിക്ക് ശേഷം ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ കാറായി മാറിയിരിക്കുകയാണ് ഫ്രോങ്ക്‌സ്. നിലവില്‍ കയറ്റുമതി ഗണ്യമായി വര്‍ധിച്ചത് ആഗോള തലത്തില്‍ എസ്‌യുവിയുടെ ഡിമാന്‍ഡ് എടുത്ത് കാണിക്കുന്നു.
രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഫ്രോങ്ക്‌സ് ഓഫര്‍ ചെയ്യുന്നത്. 90 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്. രണ്ടാമത്തെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 100 bhp പവറും 148 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാവുന്നതാണ്.

77.5 bhp പവറും 98 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിഎന്‍ജി പതിപ്പിലും ഫ്രോങ്ക്‌സ് ലഭ്യമാണ്. ഇത് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വ്യത്യസ്ത ഡ്രൈവിംഗ് മുന്‍ഗണനകള്‍ ആവശ്യപ്പെടുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. മാത്രമല്ല നിരവധി നൂതന ഫീച്ചറുകള്‍ സജ്ജീകരിച്ച ക്യാബിനും ഇതിന് ലഭിക്കുന്നു.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കാറിന്റെ അകത്ത് സജ്ജീകരിച്ചിരിക്കുന്നു. ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയ സവിശേഷതകളും ഇതില്‍ ലഭ്യമാണ്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 360-ഡിഗ്രി ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ കാറില്‍ സുരക്ഷയൊരുക്കുന്നു.

മാരുതി സുസുക്കി ഫ്രോങ്ക്‌സ് ഇന്ത്യയില്‍ മത്സരാധിഷ്ഠിത വിലയിലാണ് വില്‍ക്കുന്നത്. 7.51 ലക്ഷം രൂപ മുതല്‍ 13.04 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്. അത്യന്തം മത്സരം നിറഞ്ഞ ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ ടാറ്റ നെക്‌സോണ്‍, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, മഹീന്ദ്ര XUV 3XO എന്നീ സബ് കോംപാക്ട് എസ്‌യുവികളോടാണ് ഫ്രോങ്ക്‌സ് മത്സരിക്കുന്നത്.
ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലും മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ വിജയം അതിന്റെ ശക്തമായ വിപണി സാന്നിധ്യം എടുത്തുകാട്ടുന്നു. ഇതിന്റെ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍, വിപുലമായ ഫീച്ചറുകള്‍, മത്സരാധിഷ്ഠിത വിലനിര്‍ണയം എന്നിവ ഇന്തക്ക് അകത്തും പുറത്തുമുള്ള എസ്‌യുവി പ്രേമികള്‍ക്കിടയില്‍ ഇതിനെ ഒരു ജനപ്രിയ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. ഹൈബ്രിഡ് പവര്‍ട്രെയിന്‍ സജ്ജീകരിച്ച ഫ്രേങ്ക്‌സ് വൈകാതെ പുറത്തിറങ്ങുമെന്നാണ് വിവരം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








