റോക്കറ്റ് വേഗത്തില്‍ 2.50 ലക്ഷം വീടുകളില്‍! ക്രെറ്റയെ വരെ പിന്നിലാക്കി മാരുതി എസ്‌യുവിയുടെ തേരോട്ടം
മാരുതി സുസുക്കി ഒരിക്കല്‍ വിറ്റാര ബ്രെസ എന്ന പേരില്‍ സബ് കോംപാക്റ്റ് എസ്‌യുവി ഇന്ത്യയില്‍ വില്‍പ്പനക്കെത്തിച്ചിരുന്നു. തലമുറമാറ്റത്തിന്റെ സമയത്ത് കാറിന്റെ പേര് 'ബ്രെസ' എന്നാക്കി ചുരുക്കി. 'വിറ്റാര' എന്ന നാമം പക്ഷേ മറ്റൊരു കാറില്‍ പരീക്ഷിക്കാനായി മാരുതി സുസുക്കി മാറ്റിവെച്ചതായിരുന്നു. ഇന്ത്യന്‍ വിപണി എസ്‌യുവികള്‍ക്ക് പിന്നാലെ പായാന്‍ തുടങ്ങിയപ്പോള്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ മാരുതി 2022-ല്‍ ഒരു പോരാളിയെ കൊണ്ടുവന്നു. 2022 സെപ്റ്റംബറില്‍ ബ്രെസയേക്കാള്‍ വലുതും വില കൂടിയതുമായ കാറിന് കമ്പനി 'ഗ്രാന്‍ഡ് വിറ്റാര' എന്ന് പേരിട്ടു. ഇന്ന് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര.
മറ്റ് മാരുതി കാറുകള്‍ പോലെ വില്‍പ്പന റെക്കോഡുകള്‍ തകര്‍ക്കുന്നത് ഗ്രാന്‍ഡ് വിറ്റാരക്കും ശീലമാണ്. ഇപ്പോള്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ മൊത്തം വില്‍പ്പന 2.50 ലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്. ഏറ്റവും വേഗത്തില്‍ 2.5 ലക്ഷം യൂണിറ്റ് വില്‍പ്പന നേട്ടം കൈവരിക്കുന്ന മിഡ്‌സൈസ് എസ്‌യുവിയായി ഗ്രാന്‍ഡ് വിറ്റാര മാറി. ഓട്ടോകാറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2024 നവംബറോടെ ഗ്രാന്‍ഡ് വിറ്റാരയുടെ മൊത്ത വില്‍പ്പന 2,52,466 യൂണിറ്റ് ആയിട്ടുണ്ട്.

2022 സെപ്റ്റംബര്‍ 26-ന് പുറത്തിറങ്ങിയ ഗ്രാന്‍ഡ് വിറ്റാര വെറും 22 മാസത്തിനുള്ളിലാണ് 2,00,000 യൂണിറ്റ് നാഴികക്കല്ല് താണ്ടിയത്. അതായത് 2 ലക്ഷം യൂണിറ്റ് വിറ്റഴിക്കാന്‍ മാരുതിക്ക് 2 വര്‍ഷം തികച്ച് വേണ്ടിവന്നില്ല. മിഡ്‌സൈസ് എസ്‌യുവി വിഭാഗം ഭരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ പോലും 2 ലക്ഷം യൂണിറ്റ് വില്‍പ്പന നേടാന്‍ 25 മാസമെടുത്തു. 12 മാസത്തിനുള്ളില്‍ 1,00,000 യൂണിറ്റുകള്‍ വിറ്റഴിച്ച് ഗ്രാന്‍ഡ് വിറ്റാര തുടക്കത്തിലേ ഞെട്ടിച്ചിരുന്നു.
മാരുതി ഗ്രാന്‍ഡ് വിറ്റാരയെ ജനപ്രിയമാക്കുന്ന ഘടകം അതിലെ ഹൈബ്രിഡ് പവര്‍ട്രെയിനാണ്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര 103 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K15C മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു.

115 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഇ-സിവിടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതുകൂടാതെ, ഈ കാര്‍ സിഎന്‍ജി ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. 87 bhp പവറുള്ള 1.5 ലിറ്റര്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം മാത്രമാണ് വാങ്ങാന്‍ സാധിക്കുക. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര.
ഗ്രാന്‍ഡ് വിറ്റാരയില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുക. ഗ്രാന്‍ഡ് വിറ്റാരയുടെ ഹൈബ്രിഡ് എഞ്ചിന്‍ ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. ഈ കാറിന്റെ മറ്റ് എഞ്ചിന്‍ ഓപ്ഷനുകള്‍ ലിറ്ററിന് 19 മുതല്‍ 26 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ പ്രാപ്തമാണ്. അതിനാല്‍ ഉയര്‍ന്ന മൈലേജുള്ള മിഡ്‌സൈസ് എസ്‌യുവി തിരയുന്നവര്‍ക്കിടയിലെ ആദ്യത്തെ ചോയ്‌സുകളില്‍ ഒന്നാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര.

മികച്ച മൈലേജ് മാത്രമല്ല ഫീച്ചര്‍ റിച്ചായ ക്യാബിനും ഇതിന് ലഭിക്കുന്നു. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 6 എയര്‍ബാഗുകള്‍ എന്നിവയുള്‍പ്പെടെ നിരവധി നൂതന സവിശേഷതകളും മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ നിലവിലെ പ്രാരംഭ വില 10.99 ലക്ഷം രൂപയാണ്. ടോപ് വേരിയന്റിന് 19.93 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. എക്സ്‌ഷോറൂം വിലകളാണിത്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റയെ കൂടാതെ കിയ സെല്‍റ്റോസ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍ എന്നിവയുമായി മത്സരിക്കുന്നു.


Click it and Unblock the Notifications








