'പത്ത് മില്യൺ' കാറുകളൊക്കെ മാരുതിക്ക് വെറും നിസാരം, ഈ നേട്ടം കൈവരിച്ചത് 18 വർഷം കൊണ്ട്
2006 -ൽ മാരുതി സുസുക്കി ആരംഭിച്ച മനേസർ പ്ലാൻ്റിൽ പത്ത് ദശലക്ഷം കാറുകളും എസ്‌യുവികളും നിർമ്മിച്ചതായി മാരുതി സുസുക്കി അറിയിച്ചിരിക്കുകയാണ്. മാരുതി ബ്രെസ്സ, എർട്ടിഗ, ഡിസയർ, വാഗൺ ആർ എന്നീ മോഡലുകളാണ് മനേസറിൽ നിർമിച്ച കാറുകളിൽ ഉൾപ്പെടുന്നവ. ഞങ്ങളുടെ മനേസർ ശാലയിൽ 1 കോടി ക്യുമുലേറ്റീവ് പ്രൊഡക്ഷൻ മാർക്ക് പിന്നിട്ടത് ഇന്ത്യയുടെ ഉൽപ്പാദന ശേഷിയുടെയും 'മേക്ക്' എന്ന വലിയ ദേശീയ ലക്ഷ്യത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെയും തെളിവാണ് എന്നാണ് നേട്ടത്തെക്കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞത്.
മനേസറിലെ 600 ഏക്കർ വിസ്തൃതിയിൽ ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ആഭ്യന്തര, അന്തർദേശീയ വിപണികൾക്കും ചില ഏഷ്യൻ രാജ്യങ്ങൾക്കുമായി ജനപ്രിയ ബ്രെസ്സ, എർട്ടിഗ, XL6, സിയാസ്,എർട്ടിഗ, ഡിസയർ, വാഗൺ ആർ, എസ്പ്രസോ, സെലേറിയോ എന്നിവയൊക്കെയാണ് ഉത്പാദിപ്പിക്കുന്നത്. 2024 ഏപ്രിൽ വരെ, മാരുതി സുസുക്കിയുടെ മൊത്തത്തിലുള്ള ഉൽപ്പാദന ശേഷി പ്രതിവർഷം ഏകദേശം 23.5 ലക്ഷം യൂണിറ്റാണ്.

മാരുതിയുടെ പുതിയ വാർത്തകളിലേക്ക് വന്നാൽ പുതുതലമുറ സ്വിഫ്റ്റിന് പിന്നാലെ ഇന്ത്യ കീഴടക്കാൻ മാരുതി സുസുക്കിയുടെ പുത്തൻ ഡിസയറും എത്തുന്നത് കാത്തിരിക്കുന്നവരും ഏറെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ പുതുതലമുറയിലേക്ക് ചേക്കേറുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. വരാനിരിക്കുന്ന പുത്തൻ ഡിസയറിന് പുതുമയാർന്ന ലൈറ്റിംഗ് ഘടകങ്ങളും തിരശ്ചീന സ്ലാട്ടുകളുള്ള പുതിയ ഗ്രില്ലും പുതുക്കിയ ബോണറ്റും വരെ ലഭിക്കുമെന്ന് സ്പൈ ചിത്രങ്ങൾ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
പുതിയ ഡിസയറിന് (New-Gen Maruti Dzire) കൂടുതൽ കരുത്തുറ്റ എസ്‌യുവി സ്റ്റൈലിംഗും ഉണ്ടായിരിക്കുമെന്നാണ് വിവരം. ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കും പകരം എസ്‌യുവികൾ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്ന സമയത്ത് ഈ സമീപനം പ്രയോജനകരമായേക്കുമെന്നാണ് കരുതുന്നത്. മാരുതിക്ക് വിപണിയുടെ പൾസറിയാമെന്നതിനാൽ ഇക്കാര്യത്തിൽ ഉപദേശങ്ങളൊന്നും വേണ്ട.
ആയതിനാൽ പുത്തൻ ഡിസയറിന് ആധുനിക കാലത്തിനൊത്ത മാറ്റങ്ങളെല്ലാം കമ്പനി കൊടുത്തേക്കും. സ്‌പോർട്ടിയായ പുതിയ അലോയ് വീലുകളും ഷാർപ്പ് ബോഡി പാനലുകളും ഉപയോഗിച്ച് ഡിസയറിന്റെ വശക്കാഴ്ച്ചയും കിടിലമാക്കാനാണ് പദ്ധതി. ക്രോം വിൻഡോ ഗാർണിഷ്, ബോഡി കളർ ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്-ഔട്ട് ബി പില്ലർ എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകൾ. പിന്നിൽ കണക്റ്റഡ് ടെയിൽ ലാമ്പുകളും കോംപാക്‌ട് സെഡാന് സമ്മാനിക്കും.
ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സൺറൂഫായിരിക്കും മാരുതി ഡിസയറിൽ വിസ്‌മയിക്കുന്നൊരു ഫീച്ചർ. ആളുകൾ എല്ലാ കാറിലും പ്രതീക്ഷിക്കുന്ന സൺറൂഫിന്റെ വരവോടെ ഡിസയറിന് ഫാൻസ് കൂടുമെന്നതിലും സംശയമൊന്നും വേണ്ട. ഈ നീക്കം സെഡാൻ്റെ വിൽപ്പന സാധ്യതകൾ മെച്ചപ്പെടുത്തുകയും കാറിന്റെ പ്രീമിയം ആകർഷണം വർധിക്കുകയും ചെയ്യും. ഇതിൽ അകത്തളത്തെ ഒതുക്കില്ല. മറ്റ് കിടിലൻ സവിശേഷതകളുടെ ആറാട്ടും വണ്ടിയിലുണ്ടാവും.
ഡാഷ്‌ബോർഡ് ലേഔട്ട് പുതിയ തലമുറ സ്വിഫ്റ്റിൽ നിന്ന് കടമെടുക്കും. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ, ലെതർ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, എഞ്ചിൻ പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, സ്‌മാർട്ട് കീ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഒആർവിഎമ്മുകൾ, റിയർ എസി, ടൈപ്പ് എ, ടൈപ്പ് സി യുഎസ്ബി പോർട്ടുകൾ എന്നിവയെല്ലാം ഡിസയറിന്റെ ഇന്റീരിയറിനെ കിടിലമാക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








