ജിംനിയും എസ്‌പ്രെസോയും കൂടിച്ചേര്‍ന്ന മൊതല്! മാരുതിയുടെ കുഞ്ഞന്‍ ഇവി വരുന്നു; ടാറ്റക്കും എംജിക്കും മുട്ടന്‍പണി
ജനുവരിയില്‍ നടക്കാന്‍ പോകുന്ന 2025 ഓട്ടോ എക്‌സ്‌പോക്കായി വാഹന ലോകം കാത്തിരിക്കുകയാണ്. എല്ലാ വട്ടവും ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി ചില വമ്പന്‍ അവതരണങ്ങള്‍ നടത്താറുണ്ട്. ഇക്കുറി അതിന് ഇത്തിരി പൊലിമ കൂടുതലാണ്. കാരണം മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ഓട്ടോ എക്‌സ്‌പോയിലൂടെ അവതരിപ്പിക്കാന്‍ പോകുകയാണ്. 2023 ഓട്ടോ എക്‌സ്‌പോയില്‍ eVX കണ്‍സെപ്റ്റ് രൂപത്തില്‍ കണ്ട ഇലക്ട്രിക് എസ്‌യുവി പ്രൊഡക്ഷന്‍ രൂപത്തില്‍ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഏതായാലും ഇവിറ്റാരയെന്ന് പേരിട്ടിരിക്കുന്ന കന്നി ഇവിയുടെ കൂടെ സര്‍പ്രൈസായി മറ്റൊരു ഇവി കൂടി മാരുതി കൊണ്ടുവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവിയുടെ കാര്യം ഇതിനോടകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മാരുതി സുസുക്കി 2025 ഓട്ടോ എക്‌സ്‌പോയിലൂടെ പുതിയ ഹസ്‌ലര്‍ ഇവിയും (Maruti Suzuki Hustler EV) അവതരിപ്പിച്ചേക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഹസ്‌ലര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഏതായാലും പുതിയ ഹസ്‌ലര്‍ ഇവിയുടെ പ്രത്യേകതകളും മറ്റ് വിശേഷങ്ങളും ഈ ലേഖനത്തില്‍ വായിക്കാം.

ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള എന്‍ട്രി വൈകിയെങ്കിലും മെല്ലെ തിന്നാല്‍ മുള്ളും തിന്നാം എന്ന നിലപാടാണ് മാരുതി സുസുക്കിക്ക്. അതുകൊണ്ട് തന്നെ ഘട്ടംഘട്ടമായി തങ്ങളുടെ ഇവി പോര്‍ട്‌ഫോളിയോ വലുതാക്കാനാണ് കമ്പനിയുടെ പ്ലാന്‍. 2030 ഓടെ ആറ് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഈ 6 ഇവികളില്‍ ഒന്നിന്റെ സിലൗറ്റ് ഹസ്‌ലര്‍ പോലെ തോന്നിപ്പിക്കുന്നുണ്ടായിരുന്നു.
ഡിസൈനും വലിപ്പവും നോക്കിയാല്‍ ജപ്പാനില്‍ വില്‍ക്കുന്ന ഒരു കെയ് കാറാണ് ഹസ്‌ലര്‍. സൂക്ഷിച്ച് നോക്കിയാല്‍ ജിംനിയും എസ്‌പ്രെസോയും കൂട്ടി യോജിപ്പിച്ച് ഉണ്ടാക്കിയ കാര്‍ ആണെന്ന് തോന്നാം. കോംപാക്റ്റ് എസ്‌യുവി പോലുള്ള ഇതിന്റെ ഡിസൈന്‍ ആരെയും ആകര്‍ഷിക്കും. എംജി കോമെറ്റ് ഇവിയേക്കാള്‍ അല്‍പ്പം മാത്രം കൂടുതലുണ്ട് നിലവിലെ തലമുറ ഹസ്‌ലറിന്. എന്നാല്‍ കോമെറ്റില്‍ നിന്ന് വ്യത്യസ്തമായി ഹസ്‌ലറിന് 4 ഡോറുകള്‍ ഉണ്ട്. ജാപ്പനീസ് മോഡലിന് 658 സിസി പെട്രോള്‍ എഞ്ചിനാണ് ഉള്ളത്.

എന്നാല്‍ ആഗോള വിപണിയെ മനസ്സില്‍ വെച്ചുകൊണ്ട് സുസുക്കിക്ക് ഇത് ഓള്‍-ഇലക്ട്രിക് പവര്‍ട്രെയിന്‍ വാഗ്ദാനം ചെയ്യാന്‍ കഴിയും. ഹസ്‌ലര്‍ ഇവിയുടെ സ്‌പെസിഫിക്കേഷനുകള്‍ സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വാഗണ്‍ആര്‍ ഇവി പ്രോട്ടോടൈപ്പില്‍ നിന്നായിരിക്കും മിക്കവാറും ഹസ്‌ലര്‍ ഇവി അതിന്റെ പവര്‍ട്രെയിന്‍ കടംകൊള്ളുക. 2018 മുതല്‍ മാരുതി സുസുക്കി വാഗണ്‍ആര്‍ ഇവിയുടെ പരീക്ഷണം നടത്തിയെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഏതായാലും വാഗണ്‍ആര്‍ ഇവിയില്‍ നിന്ന് പഠിച്ചതെല്ലാം അവര്‍ ഹസ്‌ലറില്‍ പ്രാവര്‍ത്തികമാക്കിയേക്കും.
v3 കാര്‍സില്‍ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഹസ്‌ലര്‍ ഇവിക്ക് 30kWh താഴെ ശേഷിയുള്ള ബാറ്ററി പായ്ക്ക് ആയിരിക്കും ലഭിക്കുക. ഫുള്‍ചാര്‍ജില്‍ ഈ ബാറ്ററി പായ്ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വലിപ്പവും ബോഡിസ്‌റ്റൈലും വെച്ച് നോക്കുമ്പോള്‍ ഹസ്‌ലര്‍ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ എംജി കോമെറ്റ് ഇവി, ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3 എന്നിവയുമായിട്ടായിരിക്കും മത്സരിക്കുക.

എതിരാളികളോട് മുട്ടിനില്‍ക്കാന്‍ വിപുലമായ ഫീച്ചര്‍ ലിസ്റ്റും സജ്ജീകരിച്ചാകും മാരുതി ഹസ്‌ലര്‍ ഇവി വരിക. 2025 ഓട്ടോ എക്സ്പോയില്‍ ഹസ്‌ലര്‍ ഇവി അവതരിപ്പിച്ചുകൊണ്ട് ഉപഭോക്തൃ പ്രതികരണം മനസ്സിലാക്കാനാണ് മാരുതി സുസുക്കിയുടെ ശ്രമങ്ങള്‍. എല്ലാം അനുകൂലമായി വന്നാല്‍ 2026 ഓടെ ഹസ്‌ലര്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും. മറ്റ് മാരുതി കാറുകള്‍ പോലെ തന്നെ കുറഞ്ഞ വിലയില്‍ തന്നെയാകും ഈ കുഞ്ഞന്‍ ഇവി വരികയെന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








