ഇനി എന്ത് വേണം? 30 കി.മീ മൈലേജ് സുനിശ്ചിതം! മൊത്തത്തിൽ കളം പിടിക്കാൻ ഹൈബ്രിഡ് വാഗൺആർ
ഇന്ത്യൻ ജനതയെ കൈയ്യിലെടുത്ത ഒരു മോഡലാണ് മാരുതി സുസുക്കി വാഗൺആർ, ടോൾ ബോയ് ഡിസൈനുമായി എത്തിയ ഇതൊരു ഇൻസ്റ്റന്റ് ഹിറ്റായിരുന്നു. 1999 -ൽ ഇന്ത്യയിൽ അവതരിപ്പിച്ചതു മുതൽ മാരുതി വാഗൺആർ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു ബെസ്റ്റ് ഓപ്ഷനുകളിൽ ഒന്നാണ് എന്ന് നിസംശയം പറായം. വിൽപ്പനയുടെ കാര്യത്തിൽ ഇന്നും ടോപ്പ് 10 ലിസ്റ്റിൽ വാഗൺആർ ഉണ്ടാവും എന്നത് ഈ മോഡലിന് ഇപ്പോഴും ജനഹൃദയങ്ങളിലുള്ള സ്ഥാനം വെളിപ്പെടുത്തുന്നു. നിലവിൽ ഇന്ത്യയിൽ മാരുതി വാഗൺആർ അതിൻ്റെ മൂന്നാം തലമുറയിലാണുള്ളത്, ഇപ്പോൾ 1.0 ലിറ്റർ K -സീരീസ് എഞ്ചിനാണ് ഈ ജനറേഷനിൽ വാഗൺആറിന് കരുത്തേകുന്നത്. കൂടാതെ ഒരു CNG ഓപ്ഷനും ഇതോടൊപ്പം ലഭ്യമാണ്.
എന്നാൽ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ജപ്പാനിലെ അടുത്ത തലമുറ വാഗൺആർ ഒരു പൂർണ്ണ ഹൈബ്രിഡ് സജ്ജീകരണത്തോടെ എത്തും എന്നാണ് സൂചിപ്പിക്കുന്നത്. ഇവ ശരിയാണെങ്കിൽ, ഒരു പൂർണ്ണ ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്ന ആദ്യത്തെ മിനികാറായി വാഗൺആർ ഉയർന്നുവരാം. ജപ്പാൻ സ്പെക്ക്, ഫുൾ ഹൈബ്രിഡ് വാഗൺആറിന് ഇൻലൈൻ 3 DOHC, 0.66 -ലിറ്റർ ഹൈബ്രിഡ് എഞ്ചിൻ ലഭിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ICE എൻജിൻ യൂണിറ്റ് 54 PS പവർ ഉത്പാദിപ്പിക്കുമ്പോൾ ഇലക്ട്രിക് മോട്ടോർ 10 PS കൂടി സംഭാവന ചെയ്യും, അങ്ങനെ മൊത്തത്തിൽ 64 PS പവർ ലഭ്യമാവും. ടോർക്ക് ഔട്ട്പുട്ട് യഥാക്രമം ICE യൂണിറ്റിന് 58 Nm ഉം ഇലക്ട്രിക് മോട്ടോറിന് 29.5 Nm ഉം ആയിരിക്കും. കൂടാതെ ഈ ഹൈബ്രിഡ് പവർട്രെയിനിന് ഇലക്ട്രിക് കണ്ടിന്വസ് വേരിയബിൾ ട്രാൻസ്മിഷൻ (eCVT) സിസ്റ്റം ഉണ്ടായിരിക്കും.

ഇനി വലിപ്പത്തിന്റെയും നീളത്തിന്റെയും കാര്യത്തിൽ, ജപ്പാനിലെ ഫുൾ ഹൈബ്രിഡ് വാഗൺആറിന് 3,395 mm നീളവും 1,475 mm വീതിയും 1,650 mm ഉയരവുമുണ്ടാകും. അതോടൊപ്പം ഇതിന് 2,460 mm വീൽബേസും 850 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജപ്പാനിൽ, അടുത്ത തലമുറ വാഗൺആറിന് ഹിഞ്ച്ഡ് ഡോറുകൾക്ക് പകരമായി സ്ലൈഡിംഗ് ഡോറുകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഒരു സമ്പൂർണ ഹൈബ്രിഡ് സജ്ജീകരണത്തിന് താരതമ്യേന കുറച്ച് എമിഷൻ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നത് പരിസ്ഥിതിയ്ക്കു നേട്ടമാണ്, അതു പോലെ തന്നെ ഹൈബ്രിഡ് വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന മികവുറ്റ മൈലേജ് നമ്മുടെ കീശയ്ക്കു നൽകുന്ന ആശ്വാസം ഉപയോക്താക്കൾക്ക് കൂടുതൽ താൽപ്പര്യമുണ്ടാകും. എന്നാൽ പൂർണ്ണ ഹൈബ്രിഡ് വാഗൺആറിന് നിലവിലെ മോഡലിനേക്കാൾ താരതമ്യേന ഉയർന്ന ചെലവ് ഉണ്ടാകുമെന്നതിനാൽ വിലയുടെ കാര്യത്തിൽ ന്യായമായ വർധന പ്രതീക്ഷിക്കാം. സിഎൻജിക്ക് സമാനമായി, ഫുൾ ഹൈബ്രിഡ് വാഗൺആർ മികച്ച മൈലേജ് ലഭിക്കാം. ഔദ്യോഗിക കണക്കുകൾ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഗ്രാൻഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡിൻ്റെ മൈലേജ് പരിശോധിച്ചാൽ ഒരു ഐഡിയ ഒക്കെ ലഭിക്കും.

നിലവിൽ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് എസ്‌യുവികളിലൊന്നായ ഗ്രാൻഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡ് സെഗ്‌മെൻ്റിൽ ലിറ്ററിന് 27.97 കിലോമീറ്റർ എന്ന മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള വാഗൺആറിൻ്റെ AGS ഓപ്ഷനുമായി വരുന്ന മോഡൽ നൽകുന്ന 25.19 kmpl മൈലേജിനേക്കാൾ മികച്ചതാണ് ഇത് എന്ന് നിസംശയം പറയാം. ഫുൾ ഹൈബ്രിഡ് വാഗൺആർ രൂപകല്പന ചെയ്തിരിക്കുന്നത് ഉയർന്ന ഇന്ധനക്ഷമത നൽകാനാണ്. അതിനാൽ തന്നെ കിലോഗ്രാമിന് 33.47 കിലോമീറ്റർ മൈലേജ് നൽകുന്ന വാഗൺആറിൻ്റെ നിലവിലെ സിഎൻജി വേരിയൻ്റിനേക്കാൾ ഇന്ധനക്ഷമത കൂടുതലായിരിക്കും ഹൈബ്രിഡ് പതിപ്പിന് എന്ന് പ്രതീക്ഷിക്കാം.
മുകളിൽ സൂചിപ്പിച്ചതു പോലെ ഫുൾ ഹൈബ്രിഡ് മോഡലുകൾക്ക് സാധാരണയായി പെട്രോൾ മോഡലുകളേക്കാൾ വില കൂടുതലാണ്. വെറും 5.55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന വാഗൺആർ പോലെയുള്ള താങ്ങാനാവുന്ന ഒരു കാർ എന്ന നിലയിൽ നിന്ന്, ഫുൾ ഹൈബ്രിഡ് പതിപ്പിന് ഗണ്യമായ വില കൂടുതലായിരിക്കും എന്ന് തോന്നിയേക്കാം. എന്നാൽ ഫുൾ ഹൈബ്രിഡ് വാഗൺആറിൻ്റെ വില വളരെ മത്സരാധിഷ്ഠിടമായിരിക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജപ്പാനിൽ, ഫുൾ ഹൈബ്രിഡ് വാഗൺആർ 1.3 ദശലക്ഷം യെൻ പ്രാരംഭ വിലയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഏകദേശം 7.22 ലക്ഷം രൂപയോളമായി വിവർത്തനം ചെയ്യുന്നു.

വാഗൺആർ ഫുൾ ഹൈബ്രിഡിൻ്റെ ടോപ്പ് -സ്പെക്ക് വേരിയൻ്റുകൾക്ക് ഏകദേശം 1.9 ദശലക്ഷം യെൻ (ഏകദേശം 10.55 ലക്ഷം രൂപ) വിലയുണ്ടാകും. ഇന്ത്യ -സ്പെക്ക് വാഗൺആറിൻ്റെ ടോപ്പ്- സ്പെക്ക് വേരിയൻ്റ് (ZXI+ AGS) 7.21 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാവും എന്നാണ് റിപ്പോർട്ട്. 6.45 ലക്ഷം മുതൽ 6.90 ലക്ഷം രൂപ വരെയാണ് സിഎൻജി വേരിയൻ്റുകളുടെ വില എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








