വിപണിയിൽ എന്നും ഒന്നാമതാവാൻ നെക്സ, അഞ്ഞൂറാമത് ഷോറൂം തുറന്നത് എവിടെയാണെന്ന് അറിയാമോ
മാരുതി സുസുക്കിയുടെ 500-ാമത് നെക്സ സെയിൽസ് ഔട്ട്ലെറ്റ് ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ഇതോടെ മാരുതി സുസുക്കിയുടെ വിൽപ്പന ശൃംഖല അരേന, നെക്സ, കൊമേഴ്സ്യൽ ഇപ്പോൾ 2,577 നഗരങ്ങളിലായി 3,925 ഔട്ട്ലെറ്റുകളായി വ്യാപിച്ചിരിക്കുകയാണ്. ഇന്ത്യ വളരുന്നതിനനുസരിച്ച് ഉപഭോക്തൃ മുൻഗണനകളും വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മാരുതി സുസുക്കിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞത്. നെക്സ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ, കമ്പനി 94 നഗരങ്ങളിൽ 100 NEXA വിൽപ്പന കേന്ദ്രങ്ങൾ വിജയകരമായി സ്ഥാപിച്ചിരുന്നു. 23-24 സാമ്പത്തിക വർഷത്തിൽ, 5.61 ലക്ഷത്തിലധികം വാഹനങ്ങളുടെ വിൽപ്പനയോടെ, നെക്‌സ മുൻ സാമ്പത്തിക വർഷത്തേക്കാൾ 54 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
മാരുതി സുസുക്കിയുടെ ആഭ്യന്തര വിൽപ്പനയുടെ 30 ശതമാനവും നെക്സയുടെ സംഭാവനയാണ്. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളായ ഇഗ്നിസ്, ബലേനോ, ഫ്രോങ്ക്സ്, സിയാസ്, ജിംനി, എക്സ്എൽ6, ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ എന്നിവയൊക്കെയാണ് നെക്സ ചാനലിലൂടെ വിൽക്കുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം സെയിൽസ് നെറ്റ്‌വർക്കായ നെക്‌സ പുതിയൊരു നാഴികക്കല്ല് താണ്ടിയിരുന്നു. ഇന്ത്യയിൽ 25 ലക്ഷം യൂണിറ്റ് വിൽപ്പന തനിയെ താണ്ടിയിരിക്കുകയാണ് നെക്‌സ.

വാഹനം വാങ്ങാനെത്തുന്നവരെ ആഹ്ലാദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതുമകളിലും സാങ്കേതികവിദ്യയിലും അധിഷ്ഠിതമായി മാരുതി സുസുക്കി നെക്സ പ്രീമിയം ഡീലർഷിപ്പിന് തുടക്കമിട്ടത്. ഇതോടെ മുമ്പ് മാരുതിയെ പരിഗണിക്കാതിരുന്നവർ പോലും കമ്പനിയുടെ കാറുകൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ജനങ്ങളുടെ പൾസറിഞ്ഞ് പ്രവർത്തിക്കാനുള്ള കമ്പനിയുടെ കഴിവ് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇപ്പോൾ 25 ലക്ഷം കാറുകൾ വിറ്റ നേട്ടം 8 വർഷവും 6 മാസവും കൊണ്ടാണ് നെക്‌സ നേടിയത്. ഓരോ ദിവസം ചെല്ലുന്തോറും കണക്കുകൾ കൂടി വരുന്നതായാണ് റിപ്പോർട്ട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചറേഴ്‌സ് (SIAM) പങ്കിട്ട വിശദാംശങ്ങൾ അനുസരിച്ച് 2024 മാർച്ച് അവസാനത്തോടെ നെക്‌സ 25.8 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. നിലവിൽ നെക്‌സ വഴി മൊത്തം 8 കാറുകളാണ് മാരുതി വിറ്റഴിക്കുന്നത്.

ഇഗ്‌നിസ്, ബലേനോ, ഗ്രാൻഡ് വിറ്റാര, സിയാസ്, ജിംനി, ഫ്രോങ്ക്‌സ്, ഇൻവിക്‌റ്റോ, XL6 എന്നിവയാണ് നെക്‌സ പ്രീമിയം ഡീലർഷിപ്പുകൾ വഴി മാരുതി സുസുക്കി വിറ്റഴിക്കുന്നത്. ഇതിൽ ടോപ്പ് സെല്ലിംഗ് മോഡൽ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ്. ടെക്-ലോഡഡ് ബലേനോയ്ക്ക് വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബ്രാൻഡ് അറിയിച്ചു. പിന്നാലെ ഇതിനെ അടിസ്ഥാനമാക്കിയുള്ള ഫ്രോങ്ക്സും ഇഗ്നിസുമാണുള്ളത്.
ബലേനോയുടെ 14.50 ലക്ഷത്തിലധികം യൂണിറ്റുകൾ മാത്രം വിറ്റുവെന്നാണ് കണക്കുകൾ. 2024 സാമ്പത്തിക വർഷം അവസാനം വരെ നെക്‌സ വിൽപ്പനയിൽ 56 ശതമാനത്തിലധികം സംഭാവനയും പ്രീമിയം ഹാച്ച്ബാക്കിന്റെ വകയാണ്. മറുവശത്ത്, 11 ശതമാനം ഷെയറുമായി ഇഗ്നിസ് ഏറ്റവും കൂടുതൽ വിപണനം ചെയ്യുന്ന രണ്ടാമത്തെ മോഡൽ. കോംപാക്‌ട് ഹാച്ച്ബാക്കിന്റെ 2,76,762 യൂണിറ്റുകളാണ് മൊത്തം വിറ്റഴിഞ്ഞിരിക്കുന്നത്.
2015 ജൂലൈയിൽ പ്രീമിയം റീട്ടെയിൽ വിൽപ്പന ആരംഭിക്കുന്ന സമയത്ത് നെക്‌സയുടെ 40 ഔട്ട്‌ലെറ്റുകളായിരുന്നു മാരുതിക്കുണ്ടായിരുന്നത്. 9 വർഷക്കാലയളവിനുള്ളിൽ രാജ്യത്തുടനീളമുള്ള 300 നഗരങ്ങളിലായി ഏകദേശം 500 ഷോറൂമുകളാണ് ഇപ്പോൾ മാരുതി നെക്‌സയുടേതായുള്ളത്. ഇതിലെ വിൽപ്പനയുടെ ഏതാണ്ട് 30 ശതമാനവും ഗ്രാമീണ മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. മാരുതിയുടേതായി നെക്‌സയിൽ എത്തുന്ന അടുത്ത വാഹനം eVX ഇവിയായിരിക്കും. ഇത് 2025-ഓടെ വിപണിയിലെത്തുമെന്നാണ് വിവരം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








