കൂനിന്‍മേല്‍ കുരു പോലെയായല്ലോ! തകരാര്‍ കാരണം ജിംനി തിരിച്ചുവിളിച്ച് മാരുതി
വമ്പന്‍ ഹൈപ്പില്‍ വന്ന് തീയറ്ററില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റാതെ പോകുന്ന സിനിമകളുണ്ട്. ചില കാറുകളും അങ്ങനെയാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം 2023-ല്‍ പുറത്തിറങ്ങിയ മാരുതി സുസുക്കി ജിംനി 5 ഡോര്‍ എസ്‌യുവിയെ തന്നെ നമുക്ക് ഉദാഹരണമായി എടുക്കാം. ഹൈപ്പിനെ നീതീകരിക്കുന്ന വില്‍പ്പന എസ്‌യുവിക്ക് ഇന്ത്യയില്‍ നിന്ന് നേടാന്‍ ആയിട്ടില്ലെന്നാണ് കണക്കുള്‍ പറയുന്നത്. പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഈ വണ്ടി വാങ്ങിയവര്‍ ആരും ഇതിനെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍ കൂനിന്‍മേല്‍ കുരുപോലെ എസ്‌യുവിയെ ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുകയാണ് മാരുതി. ഓഫ്-റോഡര്‍ എസ്‌യുവിയുടെ ഏത് ഭാഗത്താണ് തകരാര്‍ കണ്ടെത്തിയതെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം.
ഫ്രണ്ട് ആക്സിലിലെ കിംഗ് പിന്‍ അസംബ്ലി മാറ്റിസ്ഥാപിക്കാനായാണ് മാരുതി സുസുക്കി ഇപ്പോള്‍ ജിംനി തിരിച്ചുവിളിച്ചിരിക്കുന്നത്. സര്‍വീസ് അഡൈ്വസറി പ്രകാരം ജിംനിയുടെ എല്ലാ വേരിയന്റുകളെയും ഈ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രേക്കിംഗ് സമയത്ത് വൈബ്രേഷനെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന ശേഷം നടത്തിയ പരിശോധനയിലാണ് മാരുതി കാരണം കണ്ടെത്തിയത്.

80 കിലോമീറ്റര്‍ വേഗതയില്‍ ജിംനി ഓടിക്കവേ ബ്രേക്ക് ചവിട്ടുമ്പോള്‍ വൈബ്രേഷന്‍ അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത് സ്റ്റിയറിംഗ് വീലിലൂടെ അനുഭവപ്പെടുന്നു. എന്നാല്‍ വേഗത 60 കിലോമീറ്ററില്‍ എത്തുമ്പോള്‍ വൈബ്രേഷന്‍ അനുഭവപ്പെടുന്നുമില്ല. വാഹനം തിരിച്ചുവിളിച്ചെന്ന് കരുതി ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഈ തകരാറുള്ള ഭാഗം കമ്പനി സൗജന്യമായി മാറ്റി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്രണ്ട് ആക്സിലിലെ കിംഗ് പിന്‍ അസംബ്ലി മാറ്റാനായി മാരുതി സുസുക്കി ഉപഭോക്താക്കളുമായി ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സംഭവിച്ചില്ലെങ്കില്‍ മാരുതി സുസുക്കിയുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ഉപഭോക്താക്കളോട് നിര്‍ദേശിക്കുന്നു. തിരിച്ചുവിളിക്കല്‍ എല്ലാ കമ്പനികളും ചെയ്യാറുള്ള കാര്യമായതിനാല്‍ ഉടമകള്‍ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. പണച്ചെലവില്ലാതെ വാഹനങ്ങള്‍ തിരിച്ചുവിളിക്കാനും നന്നാക്കാനുമുള്ള മാരുതിയുടെ തീരുമാനം ഉപയോക്താക്കള്‍ക്കിടയില്‍ വിശ്വാസവും സംതൃപ്തിയും നിലനിര്‍ത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്.

നിരവധി വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2023 ഓട്ടോ എക്‌സപോയിലാണ് മാരുതി സുസുക്കി സുസുക്കി ജിംനി 5 ഡോര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മഹീന്ദ്ര ഥാര്‍, ഫോഴ്സ് ഗൂര്‍ഖ എന്നിവയുമായാണ് ഇത് മത്സരിക്കുന്നത്. ഒരു ബഹുമുഖ ഓഫ്-റോഡര്‍ എന്ന നിലയില്‍ പേരെടുത്തെങ്കിലും വില കൂടുതലായതിനാല്‍ പണത്തിനൊത്ത മൂല്യമുള്ളതല്ലെന്ന കാരണം കൊണ്ടാണ് ആളുകള്‍ മുഖംതിരിഞ്ഞ് നില്‍ക്കുന്നത്. മറുവശത്ത് ഥാര്‍, ഏറ്റവും പുതിയ ഥാര്‍ റോക്‌സ് എന്നിവ ചൂടപ്പം പോലെ വിറ്റുപോകുന്നു.
ഥാറിനെ പോലെ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഇല്ലെങ്കിലും റിയര്‍ വീല്‍ ഡ്രൈവ് വേരിയന്റ് കൊണ്ടുവന്ന് വില കുറയ്ക്കാനായാല്‍ ജിംനിയുടെ നില മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ 12.74 ലക്ഷം മുതല്‍ 14.79 ലക്ഷം വരെയാണ് മാരുതി ജിംനിയുടെ വില. എക്സ്‌ഷോറൂം വിലകളാണിത്. ജനുവരിയില്‍ മാരുതി കാറുകളുടെ വില വീണ്ടും കൂടുന്നതിനാല്‍ ഇത് ഇനിയും ഉയരാം. എന്നാല്‍ ഇപ്പോള്‍ മാരുതി എസ്‌യുവിക്ക് കിടിലന്‍ ഓഫറുകള്‍ ഉണ്ട്.

പവര്‍ട്രെയിന്‍ വശം നോക്കിയല്‍ 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് ഈ എസ്‌യുവിക്ക് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. ജിംനിയുടെ എല്ലാ വേരിയന്റുകളും സുസുക്കിയുടെ ALLGrip 4WD സാങ്കേതികവിദ്യയോടെയാണ് വരുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന ജിംനി ലിറ്ററിന് 16.94 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആണെങ്കില്‍ ലിറ്ററിന് 16.39 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്നാണ് പറയപ്പെടുന്നത്.
വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എസി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ആറ് എയര്‍ബാഗുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ബ്രേക്ക് അസിസ്റ്റ് ഫംഗ്ഷന്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍ എന്നീ സേഫ്റ്റി ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








