മാരുതിയുടെ 'കിളിപോയോ'? ജിംനിയുടെ വില കൂട്ടിയും കുറച്ചും ആകെ കണ്‍ഫ്യൂഷനാക്കിയല്ലോ...
ഓഫ്‌റോഡര്‍ എസ്‌യുവികള്‍ക്കിടയിലെ കിരീടം വെക്കാത്ത രാജാവായിരുന്നു മാരുതി സുസുക്കി ജിപ്‌സി. ഈ ക്ലാസിക് മോഡലിന്റെ പിന്‍മുറക്കാരനായ ജിംനി ആഗോള മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നുവെങ്കിലും ഇന്ത്യക്കാര്‍ക്ക് അത് കണ്ട് കൊതിക്കാന്‍ മാത്രമായിരുന്നു പറ്റിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനവരിയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് മാരുതി ജിംനി 5 ഡോര്‍ പതിപ്പ് ഇന്ത്യയില്‍ വെച്ച് അവതരിപ്പിച്ചു.
മഹീന്ദ്രയുടെ ഥാര്‍ എന്ന മോഡലാണ് ഇപ്പോള്‍ ഇന്ത്യയിലെ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വിഭാഗം ഭരിക്കുന്നത്. ഇവിടേക്കാണ് മാരുതി സുസുക്കി ജിംനിയെ ഇറക്കിവിട്ടത്. 12.74 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ജിംനി ഇന്ത്യയില്‍ പുറത്തിറക്കിയത്. അയേസമയം ഥാറിന്റെ RWD പതിപ്പ് ഇതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുമായിരുന്നു. ഥാര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കുമ്പോള്‍ ജിംനി പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്.

ഈ കാര്യങ്ങളെല്ലാം ജിംനിയുടെ വില്‍പ്പനയെ ബാധിച്ചു. കച്ചവടം ഉയര്‍ത്താനായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജിംനി തണ്ടര്‍ എഡിഷന്‍ പുറ്റത്തിറക്കി. അധികം വൈകാതെ അതും നിര്‍ത്തലാക്കി. അടുത്തകാലത്തായി ജിംനിയുടെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നുണ്ട്. വര്‍ഷാവസാന ഓഫറുകളുടെ ഭാഗമായി ലക്ഷങ്ങളുടെ ഓഫറായിരുന്നു ജിംനിക്ക് മാരുതി നല്‍കിയത്. എന്നാല്‍ 2024 ജനുവരി ആയതോടെ ജിംനിയുടെ വില പഴയതിലേക്ക് തന്നെ കൊണ്ടുവന്നു. ഈ നീക്കം ജിംനി ആരാധകരുടെ നെറ്റിചുളിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മാരുതി സുസുക്കി ജിംനിയുടെ ചില വേരിയന്റുകളുടെ വില വീണ്ടും കുറച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ ജനുവരിയില്‍ വില വര്‍ധിപ്പിച്ച കമ്പനി ഫെബ്രുവരിയില്‍ വില കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാരുതി മാത്രമല്ല മറ്റ് ചില കമ്പനികളും ഉപഭോക്താക്കളെ ഞെട്ടിച്ച് ഈ മാസം വില കുറക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനീസ് കാര്‍ നിര്‍മാതാക്കളായ എംജിയും തങ്ങളുടെ ചില കാര്‍ മോഡലുകളുടെ വില കുറയ്ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഈ ഘട്ടത്തിലാണ് മാരുതി സുസുക്കി ചില ജിംനി വേരിയന്റുകളുടെ വില കുറച്ചത് എന്നതും ശ്രദ്ധേയമാണ്. സീറ്റ AT, ആല്‍ഫ AT, ആല്‍ഫ AT ഡ്യുവല്‍ സോണ്‍ എന്നിവയുടെ വിലയാണ് കുറച്ചത്. ഈ വേരിയന്റുകള്‍ക്ക് ഇനി 10,000 രൂപ വരെ കുറച്ച് മുടക്കിയാല്‍ മതി. എസ്‌യുവിയുടെ ലൈനപ്പിലെ മറ്റ് വേരിയന്റുകളുടെ വില മാറ്റമില്ലാതെ തുടരുന്നു.
12.74 ലക്ഷം രൂപ മുതല്‍ 15.05 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ ജിംനിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. ജിംനിയെ കുറിച്ച് പറയുമ്പോള്‍ ഇതൊരു പ്രീമിയം ഫീച്ചര്‍ പാക്ക്ഡ് ഓഫ്റോഡര്‍ എസ്‌യുവിയാണ്. വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എസി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ആറ് എയര്‍ബാഗുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ മാരുതി സുസുക്കി ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

പവര്‍ട്രെയിന്‍ വശം നോക്കിയല്‍ 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് ഈ എസ്‌യുവിക്ക് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. ജിംനിയില്‍ 4WD സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ജിംനി പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക.
ഡീസല്‍ ഓപ്ഷന്‍ ലഭിക്കാത്തത് മത്സരത്തില്‍ ഥാറിന് ഗുണകരമാണ്. ഥാറിനെ കൂടാതെ ഫോഴ്‌സ് ഗൂര്‍ഖക്കെതിരെയും ജിംനി മത്സരിക്കുന്നുണ്ട്. ഈ രണ്ട് എതിരാളികളുടെയും 5 ഡോര്‍ പതിപ്പുകള്‍ ഈ വര്‍ഷം വിപണിയില്‍ എത്താനിരിക്കുകയാണ്. ഏതായാലും ഥാറിനെ പോലെയുള്ള എതിരാളിയുമായി മുട്ടിനിന്ന് തരക്കേടില്ലാത്ത വില്‍പ്പന സ്വന്തമാക്കാന്‍ ജിംനിക്ക് സാധിച്ചിരുന്നു.

വില പരിഷ്‌കാരങ്ങള്‍ കൂടിയാകുമ്പോള്‍ ഓഫ്‌റോഡിംഗ് ആഗ്രഹിക്കുന്ന വണ്ടിപ്രാന്തന്‍മാര്‍ തങ്ങളുടെ ഷോറൂമിലേക്ക് എത്തുമെന്നാണ് മാരുതി സുസുക്കി പ്രതീക്ഷിക്കുന്നത്. ഥാര്‍ 5 ഡോര്‍ പതിപ്പ് വരുന്നതിന് മുമ്പ് വിപണിയില്‍ വേരൂന്നിയില്ലെങ്കില്‍ അത് ജിംനിയുടെ ഭാവിക്ക് ദോഷകരമാകുമെന്ന് മാരുതിക്ക് നന്നായി അറിയാം. ഇന്ത്യയില്‍ നിര്‍മിക്കുന്ന ജിംനി കമ്പനി ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ വിപണിയിലേക്ക് കയറ്റി അയക്കുന്നുണ്ട്.


Click it and Unblock the Notifications