സാധാരണക്കാരന് കൂടുതൽ ഫീച്ചറുകൾ, കുട്ടിക്കൊമ്പന് പുത്തൻ വേരിയന്റുമായി മാരുതി; ഫ്രോക്സ് ഡെൽറ്റ+ (O) വിപണിയിൽ
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ അടുത്ത കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ഫ്രോങ്ക്സ്. ജിംനിയ്ക്ക് ഒപ്പം വിപണിയിൽ എത്തിയ ക്രോസോവറിന്റെ ഡെൽറ്റ+ (O) വേരിയൻ്റ് ഇപ്പോൾ നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുകയാണ്. ഡെൽറ്റ+, സീറ്റ വേരിയൻ്റുകൾക്ക് ഇടയിലുള്ള അന്തരം കുറയ്ക്കുന്ന ഒരു പുതിയ മിഡ് സ്പെക് വേരിയൻ്റാണിത്.
പുതിയ ഡെൽറ്റ+(O) വേരിയൻ്റ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്. ഫ്രോങ്ക്സ് ഡെൽറ്റ+(O) വേരിയൻ്റിൻ്റെ മാനുവൽ പതിപ്പിന് 8.93 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. 9.43 ലക്ഷം രൂപയാണ് ഫ്രോങ്ക്സിൻ്റെ AMT പതിപ്പിൻ്റെ എക്‌സ്‌ഷോറൂം വില.

ഫ്രോങ്ക്സിൻ്റെ സാധാരണ ഡെൽറ്റ+ മാനുവൽ, AMT വേരിയൻ്റുകളേക്കാൾ ഈ പുതിയ മോഡലിന് 15,000 രൂപ കൂടുതലാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ എക്സ്ട്ര 15,000 രൂപയ്ക്ക്, ഉപഭോക്താക്കൾക്ക് ആറ് എയർബാഗുകളും ടയർ റിപ്പയർ കിറ്റും കമ്പനി നൽകുന്നുണ്ട്. ഇതുകൂടാതെ, ഫ്രോങ്ക്സ് ഡെൽറ്റ+(O) വേരിയൻറ് സാധാരണ ഡെൽറ്റ+ വേരിയൻ്റിൻ്റെ എല്ലാ സവിശേഷതകളും യാതൊരു മാറ്റവുമില്ലാതെ വാഗ്ദാനം ചെയ്യുന്നു.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സ്‌ക്രീൻ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ORVM -കൾ, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ESC, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും മറ്റും ഇതിൽ വരുന്ന ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

വിപണിയിൽ മാരുതി സുസുക്കി ഫ്രോങ്ക്സ് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 88.7 bhp കരുത്തും 113 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇവയിൽ ഒന്ന്. ഈ എഞ്ചിൻ ഓപ്ഷൻ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT ഗിയർബോക്സ് എന്നിവയുമായി ലഭ്യമാണ്. പുതുതായി അവതരിപ്പിച്ച ഡെൽറ്റ+(O) വേരിയൻ്റിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്ന എഞ്ചിനാണിത്.
കൂടാതെ, മാരുതി 1.0 ലിറ്റർ, ത്രീ സിലിണ്ടർ, ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനും ഇതിൽ വരുന്നുണ്ട്. മുമ്പ് ബലേനോ RS മോഡലിൽ നൽകിയിരുന്ന അതേ എഞ്ചിൻ തന്നെയാണ് ഇത്. എഞ്ചിൻ ഇപ്പോൾ ബിഎസ് VI കംപ്ലയിൻ്റ് ആണ് കൂടാതെ 98 bhp മാക്സ് പവറും 148 Nm പീക്ക് torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ഈ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

മുകളിൽ സൂചിപ്പിച്ചതുപോലെ കഴിഞ്ഞ വർഷം ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി, ബലേനോ അധിഷ്‌ഠിത ഫ്രോങ്ക്സിനെ രാജ്യത്ത് അവതരിപ്പിച്ചത്. ഫ്രോങ്‌സിൻ്റെ ക്രോസ്ഓവർ ഡിസൈൻ ശൈലി ഒട്ടനവധി ഉപഭോക്താക്കളെ ആകർഷിച്ച ഒന്നാണ് എന്ന് നിസംശയം പറയാം. വാസ്തവത്തിൽ, നെക്‌സ ഡീലർഷിപ്പുകൾ വഴി മാരുതി രാജ്യത്ത് വിൽക്കുന്ന ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണിത്.
ലോഞ്ച് ചെയ്തതുമുതൽ നെക്‌സ ഡീലർഷിപ്പുകളിൽ നിന്ന് 1.35 ലക്ഷം ഫ്രോങ്ക്സ് യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. ലോഞ്ച് ചെയ്ത് 10 മാസത്തിനുള്ളിൽ ഈ നേട്ടം കൈവരിച്ചുകൊണ്ട് ആഭ്യന്തര വിപണിയിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷംയൂണിറ്റ് വിൽപ്പന നേടിയ ഇന്ത്യൻ മോഡൽ എന്ന റെക്കോർഡാണ് ഫ്രോങ്ക്സിന് നിലവിൽ ഉള്ളത്.


Click it and Unblock the Notifications








