23 കി.മീ മൈലേജുള്ള മാരുതി കാർ ലക്ഷങ്ങളുടെ വിലക്കിഴിവിൽ; ഒപ്പം മറ്റ് വമ്പൻ ഓഫറുകളുമായി മാരുതി നെക്സ
ജൂൺ, ജൂലൈ മാസങ്ങൾ ഇന്ത്യയിലെ വാഹന നിർമ്മാതാക്കൾക്ക് വിൽപ്പന വളരെ മന്ദഗതിയിലായിരുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മാസങ്ങളുടെ കാത്തിരിപ്പ് കാലാവധിയുള്ള പല ജനപ്രിയ കാറുകൾക്കും വമ്പിച്ച കിഴിവുകളാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ ക്ഷീണം തീർക്കാനും തങ്ങളുടെ പക്കലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനും പല പദ്ധതികളും ഓഫറുകളും നിർമ്മാതാക്കൾ നൽകുന്നുണ്ട്. ജനപ്രിയ ഇന്തോ ജാപ്പനീസ് വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും വിൽപ്പന സംഖ്യകൾ തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങളുടെ നെക്‌സ ബ്രാൻഡിന് കീഴിലുള്ള എല്ലാ മോഡലുകൾക്കും ഓഗസ്റ്റ് മാസത്തിൽ വൻ ആനുകൂല്യങ്ങളാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.
നിലവിൽ ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് പതിപ്പായ ഇൻവിക്‌റ്റോ പ്രീമിയം എംപിവി ഒഴികെയുള്ള നെക്‌സ ലൈനപ്പിന് കീഴിലുള്ള എല്ലാ മോഡലുകൾക്കും ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, കോർപ്പറേറ്റ് ബോണസുകൾ എന്നിവയുൾപ്പെടെയുള്ള വലിയ ആനുകൂല്യങ്ങളാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. മോഡൽ തിരിച്ച് അവ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

മാരുതി സുസുക്കി ജിംനി: 2024 ഓഗസ്റ്റിൽ, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാരുതി സുസുക്കി ജിംനിയുടെ കിഴിവുകൾ ചെറുതായി ഒന്ന് കുറഞ്ഞു എന്ന് പറയാം. മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് (MSSF) വഴി വാങ്ങുമ്പോൾ ജിംനി ആൽഫ വേരിയൻ്റ് 2.5 ലക്ഷം രൂപ വരെയും, അതോടൊപ്പം ജിംനി സീറ്റയ്ക്ക് 1.95 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കുന്നു. എന്നാൽ MSSF ഇല്ലാതെ, രണ്ട് വേരിയൻ്റുകളിലും ഒരു ലക്ഷം രൂപ കിഴിവ് ലഭിക്കും.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: ഇന്ത്യയിൽ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന ഹോട്ട് സെല്ലിംഗ് കാറുകളിലൊന്നാണ് ഗ്രാൻഡ് വിറ്റാര. ഈ കോംപാക്ട് എസ്‌യുവിയുടെ ഹൈബ്രിഡ് വേരിയന്റുകൾ 1.03 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. ഒപ്പം അഞ്ച് വർഷത്തെ എക്സ്റ്റെന്റഡ് വാറൻ്റിയും സൗജന്യമായി ലഭിക്കുന്നു. കൂടാതെ, നിങ്ങൾ ഒരു ഡീസൽ കാർ എക്‌സ്‌ചേഞ്ച് ചെയ്‌ത് ഗ്രാൻഡ് വിറ്റാര വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.

മൊത്തം ആനുകൂല്യങ്ങൾ 1.28 ലക്ഷം രൂപയായി ഉയർത്തുന്നു. മാരുതി എസ്‌യുവിയുടെ നോർമൽ മൈൽഡ് ഹൈബ്രിഡ് മോഡലുകൾ 63,100 രൂപ കിഴിവിൽ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഗ്രാൻഡ് വിറ്റാര CNG വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, 33,100 രൂപയുടെ ആനുകൂല്യങ്ങൾ ആസ്വദിക്കാം, ഇത് കഴിഞ്ഞ മാസത്തെ ഓഫറിന് സമാനമാണ്.
മാരുതി സുസുക്കി ഫ്രോങ്ക്സ്: ഫ്രോങ്ക്സ് ക്രോസ്ഓവർ എസ്‌യുവിയുടെ ടർബോ പെട്രോൾ വകഭേദങ്ങൾ 83,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. ഈ ആകെ തുക വീണ്ടും 30,000 രൂപ ക്യാഷ് ഡിസ്കൗണ്ട് 10,000 രൂപ എക്സ്ചേഞ്ച് ബോണസ് 43,000 രൂപ വിലയുള്ള വെലോസിറ്റി എഡിഷൻ ആക്സസറി കിറ്റ് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
കൂടാതെ, നോർമൽ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് യഥാക്രമം 32,500 രൂപയും 35,000 രൂപ വരെയും കിഴിവ് വാഗ്ദാനം ചെയ്യുന്നു. സിഎൻജി വേരിയൻ്റിന് 10,000 രൂപ കിഴിവും ലഭിക്കും എന്നാണ് റിപ്പോർട്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിൽ ഒരു ഫാൻബേസ് സൃഷ്ടിച്ച മോഡലാണിത്.
മാരുതി സുസുക്കി ബലേനോ: ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് കാര്യമായ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. മാനുവൽ ട്രാൻസ്മിഷനിൽ 45,000 രൂപയും ഓട്ടോമാറ്റിക് ട്രാൻസ്മിഷന് 50,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. കൂടാതെ, ബലേനോ സിഎൻജിയിൽ 35,000 രൂപയോളം ഓഫർ ലഭിക്കും.

മാരുതി സുസുക്കി ഇഗ്‌നിസ്: 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,100 രൂപ വരെ അധിക കിഴിവുകളും ഉൾപ്പെടെ 52,100 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങളോടെ ഇഗ്‌നിസ് AMT ഓഗസ്റ്റ് 2024 -ൽ ലഭ്യമാണ്. മാനുവൽ വേരിയൻ്റുകൾക്ക് 30,000 മുതൽ 35,000 രൂപ വരെ കുറഞ്ഞ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുന്നു, എന്നാൽ മറ്റ് ഓഫറുകൾ എല്ലാ ട്രിമ്മുകളിലും സമാനമാണ്.
മാരുതി സുസുക്കി സിയാസ്: 2024 ഓഗസ്റ്റിൽ, മാരുതി സുസുക്കി സിയാസിൻ്റെ എല്ലാ വകഭേദങ്ങളും 45,000 രൂപ വരെ ഓഫറോടെ വിൽപ്പനയ്ക്ക് എത്തുന്നു. ഇതിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. നെക്‌സ നിരയിലെ ഏക സെഡാനാണ് സിയാസ് എന്നത് ശ്രദ്ധേയമാണ്, വളരെക്കാലമായി ഇത് മുഖം മിനുക്കാനുള്ള ശ്രമത്തിലാണ്. ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗൺ വിർട്ടസ്, സ്‌കോഡ സ്ലാവിയ, ഹോണ്ട സിറ്റി എന്നിവയോടാണ് സെഡാൻ മത്സരിക്കുന്നത്.
മാരുതി സുസുക്കി XL6: XL6 പ്രീമിയം എംപിവി പെട്രോൾ വേരിയൻ്റുകളിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. എന്നാൽ മറുവശത്ത് സിഎൻജി വേരിയൻ്റുകൾക്ക് 25,000 രൂപ വളരെ കിഴിവ് ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








