ഉത്സവങ്ങൾ കഴിഞ്ഞു ഇനി റിഡക്ഷൻ കാലം! സ്വിഫ്റ്റിനൊക്കെ കിടിലൻ ഓഫറുകളുമായി മാരുതി
ഉത്സവ സീസൺ അവസാനിച്ചതോടെ, ഇനി റിഡക്ഷന്റെ കാലമാണ്, തുണിക്കടകളിൽ എല്ലാം വസ്ത്രങ്ങൾ വില കുറവിൽ ലഭിക്കുന്നതുപോലെ കാർ ഡീലർമാരും തങ്ങൾ ഇതുവരെ കരുതിവെച്ചിരുന്ന സ്റ്റോക്കുകൾ എല്ലാം തന്നെ വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ്. വർഷാവസാനത്തിന് മുമ്പ് തങ്ങളുടെ വിൽക്കപ്പെടാത്ത MY2024 ഇൻവെൻ്ററികൾ സ്റ്റോക്കുകൾ വിറ്റഴിക്കുക എന്നത് പല ഡീലർമാരും നേരിടുന്ന ഒരു വെല്ലുവിളിയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയ്ക്കും ഈ സ്ഥിതിഗതികൾ തരണം ചെയ്യണം. ഇത്രയും നാൾ ഉത്സവ സീസണിനായി കരുതി വെച്ചിരുന്നത് എല്ലാം ഇനി പയ്യെ വിറ്റഴിക്കണം.
ഉത്സവ സീസൺ കഴിഞ്ഞുള്ള റിഡക്ഷനായി നോക്കിയിരിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്. അതിനാൽ ആൾട്ടോ, സെലേരിയോ തുടങ്ങിയ ബജറ്റ് ഹാച്ച്ബാക്കുകൾ മുതൽ ബ്രെസ പോലുള്ള എസ്‌യുവികൾ വരെയുള്ള നിരവധി സെഗ്മെന്റുകളിൽ വരുന്ന മാരുതിയുടെ അരീന ലൈനപ്പിലെ മിക്ക വേരിയൻ്റുകൾക്കും വളരെ ആകർഷകമായ ഡിസ്കൗണ്ടുകളാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

മാരുതി വാഗൺ ആർ ഡിസ്കൗണ്ടുകൾ: മാരുതിയുടെ ജനപ്രിയ മോഡലായ വാഗൺ ആർ 1.0 പെട്രോൾ പതിപ്പിന് ഏകദേശം 45,000 രൂപയും അതിന്റെ കൂടുതൽ ശക്തമായ 1.2 ലിറ്റർ പതിപ്പിന് 49,700 രൂപയും കിഴിവുകളാണ് ഈ മാസം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായ വാഗൺ ആർ CNG പതിപ്പിന് ഏകദേശം 40,000 രൂപ കിഴിവോടെയാണ് വരുന്നത്.
മാരുതി ആൾട്ടോ K10 ഡിസ്കൗണ്ടുകൾ: ആൾട്ടോ K10 -ൻ്റെ ഡിസ്കൗണ്ടുകൾ പെട്രോൾ വേരിയൻ്റുകളിൽ വാഗൺ ആറിനേക്കാൾ ഏകദേശം 1,000 രൂപ വർധിച്ചു, ഇപ്പോൾ മിക്ക വേരിയൻ്റുകളിലും ആകെ 51,000 രൂപയോളം ആനുകൂല്യങ്ങൾ ലഭ്യമാണ്. രാജ്യത്തെ വിവിധ ലൊക്കേഷൻ അനുസരിച്ച് ഏകദേശം 40,000 മുതൽ 45,000 രൂപയോളം കിഴിവുകളോടെ ആൾട്ടോ K10 CNG -യും വിൽപ്പനയ്ക്ക് എത്തുന്നു.

മാരുതി എസ് -പ്രസ്സോ കിഴിവുകൾ: ആൾട്ടോ K10 പോലെ, എസ് -പ്രസ്സോയ്ക്കും ആനുകൂല്യങ്ങളിൽ നേരിയ വർധനവ് ഉണ്ടായി. പെട്രോൾ മോഡലുകൾക്ക് ഇപ്പോൾ ഏകദേശം 55,000 രൂപ ആനുകൂല്യങ്ങൾ ലഭിക്കുന്നു, അതേസമയം സിഎൻജിയിൽ പ്രവർത്തിക്കുന്ന ലൈനപ്പിന് ഏകദേശം 45,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. അഞ്ച് -സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് -സ്പീഡ് AMT ഗിയർബോക്സുമായി ജോടിയാക്കിയ ആൾട്ടോ K10 -ൻ്റെ അതേ 1.0 -ലിറ്റർ പെട്രോൾ എഞ്ചിനാണ് എസ് -പ്രെസ്സോയുടേയും ഹൃദയം.
മാരുതി സുസുക്കി സെലേരിയോ: ആൾട്ടോയുടെയും എസ് -പ്രസ്സോയുടെയും അതേ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് സെലെരിയോ ഒരുക്കിയിരിക്കുന്നത്, എന്നാൽ മൊത്തത്തിൽ ഇത് അല്പം വലിയ ഹാച്ച്ബാക്കാണ്. മറ്റ് മാരുതി മോഡലുകളിൽ വരുന്നതിന് സമാനമായ 1.0 ലിറ്റർ പെട്രോൾ ആണ് ഇതിനുള്ളത്. വേരിയൻ്റും ലൊക്കേഷനും അനുസരിച്ച് 40,000 രൂപ മുതൽ 54,000 രൂപ വരെയാണ് സെലേറിയോയ്ക്ക് ഈ മാസം ലഭിക്കുന്ന കിഴിവുകളും ആനുകൂല്യങ്ങളും.

മാരുതി സ്വിഫ്റ്റ്: നിലവിലെ തലമുറ സ്വിഫ്റ്റിന് വേരിയൻ്റിനെ ആശ്രയിച്ച് ഏകദേശം 50,000 രൂപയുടെ ഡിസ്കൗണ്ടുകൾ ലഭിക്കും. പുതിയ Z -സീരീസ് 1.2 -ലിറ്റർ ത്രീ -സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിൽ വരുന്നത്, ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന അടുത്ത തലമുറ ഡിസയറിനും കരുത്ത് പകരും. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും സ്വിഫ്റ്റ് CNG -യുടെ കിഴിവ് ഏകദേശം 25,000 രൂപയാണ്.
മാരുതി ഡിസയർ ഡിസ്‌കൗണ്ടുകൾ: മിക്കവാറും എല്ലാ ഡീലർമാരു വിപണിയിൽ നിന്ന് പിൻവാങ്ങുന്ന തേർഡ് -ജെൻ ഡിസയറിൻ്റെ വിറ്റഴിയാത്ത സ്റ്റോക്കുകൾ ഉണ്ട്. കോംപാക്റ്റ് സെഡാൻ ഇപ്പോഴും മാന്യമായ ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ഇതിന്റെ ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ഏകദേശം 35,000 രൂപയും മാനുവൽ ഗിയർബോക്‌സ് മോഡലുകളിൽ ഇതിലും അല്പം കുറവുമാണ് ലഭിക്കുന്ന കിഴിവുകൾ. എന്നിരുന്നാലും, മൂന്നാം തലമുറ ഡിസയർ CNG -ൽ ഓഫറുകളൊന്നും കമ്പനി നൽകുന്നില്ല.
മാരുതി ബ്രെസ് കിഴിവുകൾ: രാജ്യത്ത് എല്ലാ ഇടങ്ങളിലും ബ്രെസയുടെ കിഴിവ് 15,000 രൂപയിൽ നിന്ന് 22,000 രൂപയായി ഉയർന്നിട്ടുണ്ട്. ചില നഗരങ്ങളിൽ, ആനുകൂല്യങ്ങൾ ഇതിലും കൂടുതലാണ്. ഈ കോംപാക്ട് എസ്‌യുവി പരീക്ഷിച്ചതായ 1.5 ലിറ്റർ പെട്രോൾ എഞ്ചിനോ 1.5 ലിറ്റർ പെട്രോൾ-CNG പവർട്രെയിനുമായിട്ടാണ് വരുന്നത്. CNG -യിൽ പ്രവർത്തിക്കുന്ന ബ്രെസയ്ക്ക് യാതൊരു കിഴിവുകളും ഇല്ല എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








