ഇത് ടോട്ടൽ ലാഭമായല്ലോ! 23 കി.മീ മൈലേജുള്ള എസ്‌യുവിയ്ക്ക് ഒരു ലക്ഷത്തിനടുത്ത് ഡിസ്‌കൗണ്ടുമായി മാരുതി
2024 ഫെബ്രുവരിയിൽ മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം നെക്‌സ ശ്രേണിയിലുള്ള കാറുകളിൽ കാര്യമായ കിഴിവുകൾ വാഗ്ദാനം ചെയ്യുകയാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ വളരെ മികച്ച ഓഫറുകൾ തന്നെയാണ് മാരുതി നൽകുന്നത്. ഇതിൽ ഫ്രോങ്ക്സ് കോംപാക്ട് എസ്‌യുവി വാങ്ങാൻ നിശ്ചയിച്ചിരിക്കുന്നവർക്ക് ഈ മാസം ചില കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങളാണ് ലഭിക്കുക എന്നത് ശ്രദ്ധേയമാണ്.
MY23 ഫ്രോങ്ക്സ് മോഡലുകളിൽ ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യാൻ മാരുതി നെക്‌സ ഡീലർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. അതോടൊപ്പം MY23, MY24 സ്റ്റോക്കുകളും 43,000 രൂപയുടെ പുതിയ വെലോസിറ്റി എഡിഷൻ കിറ്റിനൊപ്പം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഫ്രോങ്ക്സിൻ്റെ ടർബോ പെട്രോൾ വകഭേദങ്ങൾക്കായി മാരുതി ഒരു പ്രത്യേക വെലോസിറ്റി എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്.

വെലോസിറ്റി എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ പ്രത്യേക പതിപ്പ് ഡെൽറ്റ+, സീറ്റ, ആൽഫ എന്നീ മൂന്ന് ടർബോ ട്രിമ്മുകളിലും ലഭ്യമാണ്. കൂടാതെ 43,000 രൂപ വിലമതിക്കുന്ന ആക്‌സസറികളും എക്സ്റ്റീരിയർ & ഇന്റീരിയർ കോസ്‌മെറ്റിക് ബിറ്റുകളും കമ്പനി ഇതിൽ ചേർക്കുന്നു. റെഡ് & ഗ്രേ നിറത്തിലുള്ള ഗാർണിഷ് ബമ്പറുകളിൽ ഉണ്ടാകും, അതോടൊപ്പം ORVM -കളിൽ റെഡ് ആക്‌സൻ്റുകൾ, ഗ്രില്ല് റിയർ സ്‌പോയിലർ, 3D മാറ്റുകൾ, കൂടാതെ ഇല്യുമിനേറ്റഡ് ഡോർ സില്ലും ലഭിക്കും.
ഫ്രോങ്ക്സ് ടർബോ വെലോസിറ്റിയുടെ ആൽഫ, സീറ്റ വേരിയൻ്റുകൾക്ക് 'നെക്‌ക്രോസ് ബോർഡോ ഫിനിഷ് സ്ലീവ്' സീറ്റ് കവറുകൾ ലഭിക്കും, അതേസമയം ഡെൽറ്റ+ ട്രിമ്മുകൾക്ക് "നെക്‌സാക്രോസ് ബ്ലാക്ക് ഫിനിഷ്' സീറ്റ് കവറുകൾ ലഭിക്കും, മൂന്ന് വേരിയന്റുകൾക്കും ഉള്ളിൽ കാർബൺ ഫിനിഷ് ലഭിക്കും എന്നതും ശ്രദ്ധേയമാണ്.

അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ വരുന്ന 100 bhp പവർ പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമായി ഫ്രോങ്ക്സ് ടർബോ തുടരുന്നു. 2023 മോഡൽ ഇയറിലുള്ള ഫ്രോങ്ക്സ് ടർബോ മോഡലുകൾ തെരഞ്ഞെടുക്കുന്നവർക്ക് ക്യാഷ് ഡിസ്‌കൗണ്ടായി 30,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസായി 10,000 രൂപയും ലഭിക്കും.
2024 ഫെബ്രുവരിയിൽ ഫ്രോങ്ക്സിൽ ഒരാൾക്ക് ലഭിക്കാവുന്ന പരമാവധി ആനുകൂല്യങ്ങൾ 83,000 രൂപയാണ് എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി മാസത്തിലെ എല്ലാ ആനുകൂല്യങ്ങളും കിഴിവുകളും സഹിതം, ഫോങ്ക്സ് ടർബോ ശ്രേണിക്ക് ഇപ്പോൾ 9.33 ലക്ഷം മുതൽ 12.50 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

90 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ വരുന്ന MY23 ഫ്രോങ്ക്സ് വാങ്ങുന്നവർക്ക് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. CNG ടാങ്ക് സജ്ജീകരിച്ച ഫ്രോങ്ക്സിന് എക്‌സ്‌ചേഞ്ച് ബോണസ് മാത്രമേയുള്ളൂ. MY24 ഫ്രോങ്ക്സ് എസ്‌യുവികൾക്ക് 10,000 രൂപ എക്സ്ചേഞ്ച് ബോണസ് മാത്രമേ ലഭ്യമാവുകയുള്ളൂ.
അതായത് MY24 ഫ്രോങ്ക്സ് ടർബോ വെലോസിറ്റി എഡിഷൻ തെരഞ്ഞെടുക്കുന്നവർക്ക് മൊത്തം 53,000 രൂപയുടെ ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യും. നിലവിൽ ഇന്ത്യൻ വിപണിയിൽ മാരുതിയുടെ സ്ട്രോംഗ് പോയിന്റുകളിൽ ഒന്നാണ് ഫ്രോങ്ക്. വെറും പത്ത് മാസത്തിനുള്ളിൽ എസ്‌യുവിയുടെ ഒരു ലക്ഷം യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ഇത് കോംപാക്ട് എസ്‌യുവിയുടെ സ്വീകാര്യതയും ഇന്ത്യൻ വിപണിയിലെ ജനപ്രീതിയും വ്യക്തമാക്കുന്നു. ഈ ഓഫറുകളുമായി വാഹനത്തിന്റെ വിൽപ്പന കൂടുതൽ മികച്ച തലങ്ങൾ കൈവരിക്കുമെന്ന് നിസംശയം പറയാം.


Click it and Unblock the Notifications








