15 ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകളില്‍ ഈ ഫീച്ചര്‍ മാരുതിയില്‍ മാത്രം! അതും മൂന്നെണ്ണത്തില്‍
ബജറ്റ് വിലയും അവിശ്വസിനീയമായ മൈലേജും നല്‍കി ഇന്ത്യക്കാരുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠ നേടിയ കാര്‍ ബ്രാന്‍ഡാണ് മാരുതി സുസുക്കി. എന്നാല്‍ മാരുതിയുടെ കാറുകള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ വട്ടപ്പൂജ്യമാണ്. മാത്രമല്ല ഫീച്ചര്‍ റിച്ചായ കാറുകള്‍ തിരയുന്നവര്‍ക്കും ഹ്യുണ്ടായി അടക്കമുള്ള ബ്രാന്‍ഡുകളുടെ നിരവധി മോഡലുകളും ഇന്ന് വിപണിയില്‍ ഉണ്ട്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ താങ്ങാനാകുന്ന വിലയില്‍ നൂതനമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന വാഹനങ്ങള്‍ക്കാണ് ആവശ്യക്കാര്‍.
അതോടെ മാരുതിയും സമീപകാലത്തായി ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. മുമ്പ് ആഡംബര മോഡലുകളില്‍ മാത്രം കണ്ട് വന്നിരുന്ന ഒരു ഫീച്ചറായിരുന്നു ഹെഡ് അപ്പ് ഡിസ്‌പ്ലേ. HUD എന്ന ഫീച്ചര്‍ ഇപ്പോള്‍ മാരുതി 15 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒരുപിടി മോഡലുകളില്‍ അവതരിപ്പിച്ച് എതിരാളികളെയടക്കം ഞെട്ടിച്ചിരുന്നു. ഈ പ്രൈസ് റേഞ്ചില്‍ മൂന്ന് മോഡലുകളിലാണ് മാരുതി HUD ഓഫര്‍ ചെയ്യുന്നത്. ആദ്യം നമുക്ക് എന്താണ് HUD എന്ന് നോക്കാം.

യുദ്ധവിമാനങ്ങള്‍ക്കായി വ്യോമയാന മേഖല കണ്ടുപിടിച്ച ഈ സാങ്കേതികവിദ്യ പിന്നീട് വാഹന വ്യവസായവും സ്വീകരിക്കുകയായിരുന്നു. ഹെഡ്-അപ്പ്-ഡിസ്പ്ലേ ഒരു സുതാര്യമായ ഡിസ്പ്ലേയാണ്. അത് സ്പീഡ്, നാവിഗേഷന്‍, മറ്റ് നോട്ടിക്കേഷനുകള്‍ എന്നിവ പോലുള്ള സുപ്രധാന വിവരങ്ങള്‍ ഡ്രൈവര്‍മാരുടെ കാഴ്ചയില്‍ വിന്‍ഡ്ഷീല്‍ഡിലേക്ക് നേരിട്ട് പ്രൊജക്റ്റ് ചെയ്യുന്നു. ഡ്രൈവര്‍ക്ക് മുന്നിലുള്ള റോഡില്‍ തന്റെ കാഴ്ച നിലനിര്‍ത്താന്‍ സാധിക്കുന്നതിനാല്‍ എച്ച്യുഡിക്ക് സേഫ്റ്റി ഗണ്യമായി മെച്ചപ്പെടുത്താന്‍ കഴിയും.
1940-കളില്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സ് യുദ്ധവിമാനങ്ങളിലാണ് ഈ സങ്കേതികവിദ്യ ഉപയോഗിച്ച് വന്നിരുന്നതെങ്കിലും പിന്‍കാലത്ത് ഇത് കാറുകളിലേക്കുമെത്തി. 1988-ല്‍ നിസ്സാന്‍ സില്‍വിയ S13 ആയിരുന്നു HUD അവതരിപ്പിച്ച ആദ്യ കാര്‍. അതിനുശേഷം, ഈ ഫീച്ചര്‍ ബിഎംഡബ്ല്യു, കിയ, വോള്‍വോ, മെര്‍സിഡീസ് ബെന്‍സ് തുടങ്ങി നിരവധി മോഡലുകളില്‍ എത്തിയിട്ടുണ്ട്.

അടുത്തിടെ മെര്‍സിഡീസും കിയയും ഡ്രൈവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ എക്‌സ്പീരിയന്‍സ് സമ്മാനിക്കാനായി അവരുടെ HUD സിസ്റ്റങ്ങളില്‍ AR സവിശേഷതകള്‍ അവതരിപ്പിച്ചിരുന്നു. മാരുതി തങ്ങളുടെ കുറഞ്ഞ വിലയിലുള്ള കാറുകളില്‍ അവതരിപ്പിച്ചതോടെ ഈ ഫീച്ചര്‍ സാധാരണക്കാര്‍ക്കും ലഭ്യമായി തുടങ്ങി. ആ കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
മാരുതി ബലേനോ: 2022-ലാണ് ഇന്ത്യയില്‍ HUD വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മാരുതി സുസുക്കി കാറായി ബലേനോ മാറിയത്. സ്പീഡ്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, റെവ് കൗണ്ടര്‍ തുടങ്ങിയ ബേസിക് വിവരങ്ങളാണ് ഇതില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ നൂതന ഫീച്ചര്‍ ഹാച്ച്ബാക്കിന്റെ ടോപ്പ്-സ്‌പെക്ക് ആല്‍ഫ ട്രിമ്മില്‍ മാത്രമേ ലഭ്യമാകൂ. 88 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ബലേനോക്ക് തുടിപ്പേകുന്നത്.

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ലിറ്ററിന് 22.35 കിലോമീറ്ററാണ് ഇതിന്റെ മൈലേജ് പറയുന്നത്. സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനിലും പ്രീമിയം ഹാച്ച് ഓഫര്‍ ചെയ്യുന്നു. 6.666 ലക്ഷം മുതല്‍ 9.88 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്. ബലേനോയുടെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പായ ഗ്ലാന്‍സ V വേരിയന്റിലും HUD ലഭ്യമാണ്. 9.78 ലക്ഷമാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില.
മാരുതി ഫ്രോങ്ക്‌സ്: 15 ലക്ഷം രൂപയില്‍ താഴെ വിലയില്‍ HUD വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ മാരുതി മോഡല്‍ ഫ്രേങ്ക്‌സാണ്. ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ എസ്‌യുവിയുടെ ഫീച്ചര്‍ ലിസ്റ്റും പ്രീമിയം ഹാച്ചിന് സമാനമാണ്. ഫ്രോങ്ക്‌സിന്റെ ടോപ് സ്‌പെക് ആല്‍ഫ ട്രിമ്മിലാണ് HUD ലഭ്യമാകുന്നത്.

എന്നാല്‍ ബലേനോയില്‍ നിന്ന് വ്യത്യസ്തമായി 100 bhp പവറുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഫ്രോങ്ക്‌സ് ആല്‍ഫ വേരിയന്റിന് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ പാഡില്‍ ഷിഫ്റ്ററോടുകൂടിയ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. 7.51 ലക്ഷം മുതല്‍ 13.04 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്‌സിന്റെ എക്‌സ്‌ഷോറൂം വില.
മാരുതി ബ്രെസ: 2022-ല്‍ മുഖംമിനുക്കിയപ്പോള്‍ സബ് 4 മീറ്റര്‍ എസ്‌യുവിയില്‍ മാരുതി HUD, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ ചേര്‍ത്തു. ബലേനോയ്ക്ക് സമാനമായ യൂണിറ്റാണെങ്കിലും ഒടിഎ അപ്‌ഡേറ്റിലൂടെ സമയം, വേഗത, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, റെവ് കൗണ്ടര്‍ എന്നിവയ്ക്കൊപ്പം ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഇതില്‍ ഉള്‍ക്കൊള്ളിച്ചു.

ബലേനോയെപ്പോലെ ടോപ്പ്-സ്‌പെക്ക് ZXI+ ട്രിമ്മില്‍ മാത്രമേ HUD വാഗ്ദാനം ചെയ്യുന്നുള്ളൂ. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ബ്രെസയുടെ ഹൃദയം. 8.34 ലക്ഷം മുതല്‍ 14.14 ലക്ഷം രൂപ വരെയാണ് ബ്രെസയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.
15 ലക്ഷം രൂപയ്ക്ക് മുകളില്‍ പണം മുടക്കാനുള്ളവര്‍ക്ക് മറ്റ് ചില മോഡലുകളിലും HUD കിട്ടാന്‍ വഴിയുണ്ട്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, കിയ സെല്‍റ്റോസ് X-ലൈന്‍ എന്നിവയിലാണ് ഈ സവിശേഷതകള്‍ കണ്ടുവരുന്നത്. എന്നാല്‍ ഈ നൂതന സങ്കേതികവിദ്യ സജ്ജീകരിച്ച ട്രിമ്മുകള്‍ നിരത്തിലെത്തിക്കാന്‍ 20 ലക്ഷം രൂപയില്‍ കൂടുതല്‍ മുടക്കേണ്ടി വരുമെന്ന് മാത്രം.


Click it and Unblock the Notifications








