18 കി.മീ മൈലേജ് പറഞ്ഞിട്ട് കിട്ടിയത് വെറും 10 കി.മീ! വണ്ടിക്കമ്പനി ഉടമക്ക് കൊടുക്കേണ്ട തുക കേള്‍ക്കണോ?
ഇന്ത്യക്കാര്‍ ഏതൊരു വാഹനം എടുക്കുമ്പോഴും ഇന്ധനക്ഷമതക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവണതക്ക് ഇന്നും വലിയ മാറ്റം വന്നിട്ടില്ല. ഇലക്ട്രിക് വാഹനങ്ങളുടെ കാലമായതിനാല്‍ മൈലേജിനൊപ്പം തന്നെ റേഞ്ച് എത്ര കിട്ടുമെന്ന ചോദ്യം കൂടി ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ജനങ്ങളും സാധാരണക്കാരായതിനാലാണ് മൈലേജിന് അവര്‍ ഇത്രകണ്ട് പ്രാധാന്യം നല്‍കുന്നത്.
ഇന്ത്യയില്‍ ബജറ്റ് വിലയില്‍ മികച്ച ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ ഓഫര്‍ ചെയ്ത് ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയവരാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. നമ്മുടെ രാജ്യത്ത് മാരുതിക്കുള്ള സ്വീകാര്യതയുടെ തെളിവാണ് പതിറ്റാണ്ടുകളായി കാര്‍ വില്‍പ്പനയില്‍ അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. മൈലേജിന്റെ കാര്യത്തില്‍ പുലിയാകുമ്പോഴും സേഫ്റ്റിയുടെ കാര്യത്തില്‍ മാരുതി ഉല്‍പ്പന്നങ്ങള്‍ എലിയായി മാറുന്നു. എങ്കിലും ചൂടപ്പം പോലെയാണ് മാരുതിയുടെ കാറുകള്‍ വിറ്റുപോകുന്നത്.

കഴിഞ്ഞ വര്‍ഷം പ്രതിമാസ വില്‍പ്പന രണ്ട് ലക്ഷം യൂണിറ്റിന്റെ അടുത്തെത്തിക്കാന്‍ വരെ മാരുതിക്ക് സാധിച്ചിരുന്നു. മാരുതിയായാലും വേറെ ഏത് കമ്പനിയായാലും പരസ്യങ്ങളിലും മറ്റും വാഗ്ദാനം ചെയ്യുന്ന മൈലേജ് പൊതുവേ കിട്ടാറില്ല. എന്നാല്‍ ഇതും ഉയര്‍ത്തിക്കാണിച്ച് നിയമനടപടിയുമായി മുന്നോട്ട് പോകുന്നവര്‍ കുറവാണ്. എന്നാല്‍ താന്‍ വാങ്ങിയ മാരുതി സുസുക്കി കാര്‍ കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് നല്‍കിയില്ലെന്ന് കാണിച്ച് ഇന്ത്യയില്‍ നിന്നൊരാള്‍ വണ്ടിക്കമ്പനിക്കെതിരെ പരാതിയുമായി മുന്നോട്ട് നീങ്ങി.
ഈ കേസിലെ വിധിയെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. മൈലേജിനെ കുറിച്ചും മറ്റ് എന്ത് പരാതികള്‍ ഉണ്ടെങ്കിലും വണ്ടിക്കമ്പനികള്‍ പ്രബലരാണെന്ന മുന്‍വിധിയുമായി കോടതിയെ സമീപിക്കാത്തവരാണ് ബഹുഭൂരിപക്ഷവും. എന്നാല്‍ നമ്മുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ നീതിപീഠം അതിന് അനുകൂലമായി വിധി എഴുതുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മാരുതി സുസുക്കിക്കെതിരായ കേസില്‍ പരാതിക്കാരന് അനുകൂലമായാണ് നാഷനല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റീഡ്രസല്‍ കമീഷന്‍ (എന്‍സിആര്‍ഡിസി) വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

വിധി പ്രകാരം മാരുതി സുസുക്കി ഒരു ലക്ഷം രൂപയോളം ഉപഭോക്താവിന് നല്‍കണം. സംഭവം വിശദമായി നോക്കിയാല്‍, പരാതിക്കാരനായ രാജീവ് ശര്‍മ്മ 2004-ലാണ് മാരുതി സുസുക്കി സെന്‍ ഹാച്ച്ബാക്ക് കാര്‍ വാങ്ങിയത്. ഈ കാറിന് 16 മുതല്‍ 18 കിലോമീറ്റര്‍ വരെ മൈലേജാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ആ കാറും വാങ്ങിയത്.
എന്നാല്‍ കാര്‍ വാങ്ങി ഓടിച്ച് തുടങ്ങിയ ശേഷം ലീറ്ററിന് 10.2 കിലോമീറ്റര്‍ മൈലേജ് മാത്രമാണ് തനിക്ക് മൈലേജ് ലഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഇതില്‍ നിരാശനായ രാജീവ് ശര്‍മ നാഷണല്‍ കണ്‍സ്യൂമര്‍ ഗ്രീവന്‍സ് ബോര്‍ഡിന്റെ സഹായം തേടുകയായിരുന്നു. ഈ കേസിലാണ് വാഗ്ദാനം ചെയ്ത മൈലേജ് നല്‍കാത്തതിന് കാര്‍ നിര്‍മ്മാതാവിനോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടത്. പ്രധാനമായും കമ്പനി പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
2004 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച പരസ്യങ്ങളില്‍ സെന്‍ കാര്‍ ലിറ്ററിന് 18 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി പരസ്യം നല്‍കിയിരുന്നു. സാധാരണയായി വാഹന നിര്‍മ്മാതാക്കള്‍ പറയുന്ന മൈലേജ് ഒരു വാഹനവും നല്‍കില്ല. ക്ലെയിം ചെയ്യുന്ന മൈലേജില്‍ നിന്ന് അല്‍പ്പം കുറവ് മാത്രമേ യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളില്‍ ലഭിക്കുകയുള്ളൂ. എന്നാല്‍ ഇവിടെ വാഗ്ദാനം ചെയ്ത മൈലേജും കാറിന് ലഭിക്കുന്ന മൈലേജും തമ്മില്‍ 41 ശതമാനത്തിന്റെ മാറ്റമുണ്ട്. ഇതാണ് കണ്‍സ്യൂമര്‍ കോടതി വിധിപറഞ്ഞപ്പോള്‍ എടുത്തുപറഞ്ഞിരിക്കുന്നത്.
'സാധാരണയായി ഒരു കാര്‍ ഉപഭോക്താവ് വാഹനത്തിന്റെ ഇന്ധനക്ഷമത ഒരു പ്രധാന വശമായി അന്വേഷിക്കുകയും ഒരേ സെഗ്മെന്റിലെ വ്യത്യസ്ത ബ്രാന്‍ഡുകള്‍ അല്ലെങ്കില്‍ കാറുകളുടെ മൈലേജുമായി ബന്ധപ്പെട്ട താരതമ്യ പഠനം നടത്തുകയും ചെയ്യുന്നു. അതേസമയം, ഇന്ധനക്ഷമതയില്‍ നിന്നുള്ള ചില വ്യത്യാസങ്ങള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരം വ്യതിയാനങ്ങള്‍ വലുതാകുമ്പോള്‍ അത്തരം കാര്‍ ഉപഭോക്താക്കള്‍ക്ക് വഞ്ചിതരായതായി തോന്നുന്നു' ജനുവരി 17-ലെ ഉത്തരവില്‍ എന്‍സിഡിആര്‍സി അഭിപ്രായപ്പെട്ടു.

നേരത്തെ ജില്ലാ, സംസ്ഥാന ഉപഭോക്തൃ കമ്മീഷനുകള്‍ പരാതിക്കാരന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഈ ഉത്തരവുകള്‍ക്കെതിരെ മാരുതി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു ദേശീയ കമ്മീഷന്‍. ഇന്നും ഇന്ത്യക്കാര്‍ വാഹനം വാങ്ങുമ്പോള്‍ മൈലേജ് പ്രധാന മാനദണ്ഡമായി പരിഗണിക്കുന്നതായാണ് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും കാറുകളുടെ മൈലേജ് കുറയാന്‍ കുറച്ച് കാരണങ്ങളുണ്ട്. ഹൈസ്പീഡും വേഗത്തിലുള്ള ബ്രേക്കിംഗും ഹൈവേകളില്‍ മൈലേജ് 30 ശതമാനം വരെ കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.
ഇതോടൊപ്പം, തണുത്ത കാലാവസ്ഥയും ഇടയ്ക്കിടെയുള്ള ചെറിയ യാത്രകളും നിങ്ങളുടെ മൈലേജ് കുറയ്ക്കും. എഞ്ചിന്‍ ചൂടാകാന്‍ കൂടുതല്‍ സമയമെടുക്കുന്നതാണ് ഇതിന് കാരണം. എയര്‍കണ്ടീഷണര്‍ പരമാവധി ഉപയോഗിച്ചാലും മൈലേജ് കുറയ്ക്കാം. മാത്രവുമല്ല മലമ്പ്രദേശങ്ങളിലും മോശം റോഡുകളിലൂടെയുമുള്ള യാത്രയുമെല്ലാം മൈലേജ് കുറയ്ക്കും. പലപ്പോഴും കേടായ വാഹനങ്ങള്‍ വിറ്റ് കാര്‍ ഡീലര്‍മാര്‍ വിവാദത്തിലാകുന്നത് നമ്മള്‍ കണ്ട് വരാറുണ്ട്. ഉറപ്പ് നല്‍കിയ മൈലേജ് കിട്ടിയില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കള്‍ വണ്ടിക്കമ്പനികളെ കോടതി കയറ്റുന്നത് വളരെ അപൂര്‍വമാണ്.
വാഗ്ദാനം ചെയ്ത മൈലേജിനേക്കാള്‍ വളരെ കുറഞ്ഞ ഇന്ധനക്ഷമത മാത്രമാണ് തന്റെ വണ്ടിക്കുള്ളതെങ്കിലും കേസും പൊല്ലപ്പുമൊന്നും വേണ്ടെന്ന് കരുതി ക്ഷമിച്ചിരിക്കുന്നവര്‍ നമുക്ക് ചുറ്റും ഒത്തിരിയുണ്ട്. അത്തരക്കാര്‍ ഒന്നുകില്‍ ആ വണ്ടി കൊണ്ട് തൃംപ്തിപ്പെടുകയോ അല്ലെങ്കില്‍ വിറ്റ് ഒഴിവാക്കുകയോ ആണ് ചെയ്യുന്നത്. ഏതായാലും മൈലേജിനെ കുറിച്ച് പരാതിയുള്ളവര്‍ക്ക് നിയമപരമായി മുന്നോട്ട് നീങ്ങാന്‍ പ്രചോദനം നല്‍കുന്ന ഒരു ഉത്തരവാണിതെന്ന് നിസ്സംശയം പറയാം.


Click it and Unblock the Notifications








