ഒറ്റമാസം 2 ലക്ഷം കാര്‍ വിറ്റ് റെക്കോഡിട്ട് മാരുതി! ഇങ്ങനെ പോയാല്‍ എതിരാളികളില്ലാതെ ബോറടിക്കും
ഒക്ടോബറില്‍ ഉത്സവ സീസണിന്റെ ഭാഗമായുണ്ടായ ശക്തമായ ഡിമാന്‍ഡ് നിമിത്തം ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കള്‍ പുതിയ നാഴികക്കല്ലുകള്‍ താണ്ടിയിരിക്കുകയാണ്. 2024 ഒക്‌ടോബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഒന്ന് മാരുതി സുസുക്കിയാണ്. മാരുതിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമൊന്നും തട്ടാന്‍ പോകുന്നില്ലെന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. എന്നാല്‍ പോയമാസം മാരുതി സുസുക്കി ഇന്ത്യ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളുടെ വില്‍പ്പന കണക്കുകള്‍ ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കാം.
നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ അരങ്ങേറിയ ഒക്‌ടോബറില്‍ മാരുതി ഷോറൂമുകളിലേക്ക് ഉപഭോക്താക്കള്‍ ഒഴുകിയെത്തിയതായി നമുക്ക് കാണാം. പ്രധാനപ്പെട്ട മൂന്ന് എതിരാളികള്‍ ഒന്നിച്ച് നിന്നാല്‍ പോലും ഇന്ത്യയില്‍ മാരുതിയുടെ വില്‍പ്പന മറികടക്കാന്‍ സാധിക്കില്ലെന്നത് കമ്പനിയുടെ മൃഗീയാധിപത്യത്തിന് തെളിവാണ്. പോയമാസം മൊത്തത്തില്‍ 2,06,434 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് മാരുതി സുസുക്കി എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന നേട്ടം ആഘോഷിച്ചത്.

2023 ഒക്‌ടോബറിലെ വിറ്റ 1,99,217 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 3.62 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഭ്യന്തര വില്‍പ്പന തന്നെയാണ് വില്‍പ്പനയില്‍ നട്ടെല്ലായത്. 2024 ഒക്ടോബറില്‍ മൊത്തം 163,130 യൂണിറ്റുകള്‍ ആഭ്യന്തരമായി വിറ്റഴിക്കപ്പെട്ടു. വില്‍പ്പന വേിളിയത്തിന്റെ ഭൂരിഭാഗവും പാസഞ്ചര്‍ വാഹനങ്ങളാണ് സംഭാവന ചെയ്തത്. പാസഞ്ചര്‍ വാഹന വില്‍പ്പന 1,59,591 യൂണിറ്റും ലഘു വാണിജ്യ വാഹന വില്‍പ്പന 3539 യൂണിറ്റുമായിരുന്നു.
ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന കണക്കുകള്‍ എടുക്കുമ്പോള്‍ 2023 ഒക്‌ടോബറിലേക്കാള്‍ നേരിയ ഇടിവുണ്ട്. 2023 ഒക്‌ടോബറില്‍ 1,68,047 യൂണിറ്റായിരുന്നു ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന. അതേസമയം മുന്‍ മാസമായ 2024 സെപ്റ്റംപബറിനെ അപേക്ഷിച്ച് 10.09 ശതമാനം വളര്‍ച്ചയാണുള്ളത്. 2024 സെപ്റ്റംബറിലെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 1,44,962 യൂണിറ്റായിരുന്നു.

2024 ഒക്ടോബറിലെ വില്‍പ്പനയുടെ സെഗ്‌മെന്റ് തിരിച്ചുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റ് തകര്‍ച്ച നേരിട്ടു. കഴിഞ്ഞ കുറച്ച് മാസമായി തുടരുന്ന ട്രെന്‍ഡില്‍ വലിയ മാറ്റമില്ല. 2023 ഒക്ടോബറില്‍ മിനി സെഗ്‌മെന്റില്‍ വില്‍പ്പന 14,568 യൂണിറ്റായിരുന്നു. എന്നാല്‍ 2024 ഒക്‌ടോബറില്‍ വില്‍പ്പന 10,687 യൂണിറ്റായി കുറഞ്ഞു.
സ്വിഫ്റ്റ്, വാഗണ്‍ആര്‍, ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്‌നിസ് എന്നിവ ഉള്‍പ്പെടുന്ന കോംപാക്റ്റ് കാറുകളുടെ ഡിമാന്‍ഡിലും കുറവുണ്ടായി. 2023 ഒക്ടോബറില്‍ വിറ്റ 80,662 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം 65,948 യൂണിറ്റായി വില്‍പ്പന കുറഞ്ഞു. ഈ മാസം പുതുതലമുറ ഡിസയര്‍ പുറത്തിറങ്ങുന്നതോടെ ഈ ട്രെന്‍ഡ് മാറുമെന്ന് പ്രതീക്ഷിക്കാം. നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി എത്തുന്ന ഡിസയര്‍ സെഡാന്‍ വിപണിക്ക് തന്നെ പുതു ഊര്‍ജമേകുമെന്നാണ് കരുതപ്പെടുന്നത്.
സിയാസ് മിഡ്-സൈസ് സെഡാനും തിരിച്ചടി നേരിട്ടു. 2023 ഒക്ടോബറില്‍ വിറ്റ 695 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസത്തെ വില്‍പ്പന 659 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ മാസവും മാരുതിക്ക് കരുത്തായത് യൂടിലിറ്റി വാഹനങ്ങളായിരുന്നു. ഫ്രോങ്ക്‌സ്, ബ്രെസ, എര്‍ട്ടിഗ എന്നിവയ്‌ക്കൊപ്പം ജിംനി, ഇന്‍വിക്‌റ്റോ, XL6 എന്നീ മോഡലുകളും നില മെച്ചപ്പെടുത്തിയതാണ് മാരുതിക്ക് കരുത്തായത്. യൂടിലിറ്റി വാഹന വിഭാഗത്തില്‍ 2023 ഒക്ടോബറില്‍ 59,147 യൂണിറ്റായിരുന്നു വില്‍പ്പന. കഴിഞ്ഞ മാസം അത് 70,644 യൂണിറ്റുകളായി കുതിച്ചുയര്‍ന്നു.
വാണിജ്യ വാഹന വിഭാഗമെടുത്താല്‍ മാരുതി കഴിഞ്ഞ മാസം 3,539 യൂണിറ്റ് സൂപ്പര്‍ കാരിയാണ് വിതരണം ചെയ്തത്. 2023 ഒക്ടോബറില്‍ വിറ്റ 3,894 യൂണിറ്റില്‍ നേരിയ ഇടിവ് നേരിട്ടു. റീബാഡ്ജ് ചെയ്ത് വില്‍ക്കാനായി ടൊയോട്ടക്ക് മാരുതി ചില കാറുകള്‍ വിതരണം ചെയ്യാറുണ്ട്. ഈ വില്‍പ്പനയും വര്‍ധിച്ചു. 2024 ഒക്ടോബറില്‍ 10,136 കാറുകളാണ് മാരുതി ടൊയോട്ടക്ക് നല്‍കിയത്. 2023 ഒക്ടോബറില്‍ വിറ്റ 5,325 യൂണിറ്റിന്റെ ഇരട്ടിയോടടുത്താണ് വര്‍ധന.

ഉത്സവ കാലം ഇന്ത്യയിലാണെങ്കിലും വിദേശത്തും മാരുതി സുസുക്കി കാറുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് അനുഭവപ്പെട്ട മാസമാണ് കഴിഞ്ഞത്. 2024 ഒക്ടോബറില്‍ കമ്പനിയുടെ കയറ്റുമതി 33,168 യൂണിറ്റാണ്. പ്രതിമാസ കയറ്റുമതിയില്‍ ഇത് പുതിയ റെക്കോര്‍ഡ് ആണ്. ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ക്ക് വിദേശ വിപണികളില്‍ ആവശ്യക്കാരേറുന്നതിന്റെ സൂചനയാണിത്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഏറെ ഗുണംചെയ്യും.


Click it and Unblock the Notifications








