32 കി.മീ മൈലേജുള്ള കാര്‍ വില്‍ക്കുന്നത് 4.26 ലക്ഷം രൂപക്ക്! ഇപ്പോള്‍ വില വീണ്ടും കുറച്ച് മാരുതി
ഓട്ടോമൊബൈല്‍ വിപണിയുടെ ചലനങ്ങള്‍ സസൂക്ഷ്മമായി വീക്ഷിക്കുന്നവര്‍ക്കറിയാം സമീപകാലത്തായി ഇന്ത്യയില്‍ ചെറുകാര്‍ വില്‍പ്പനയില്‍ ഇടിവ് നേരിട്ട് കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നമ്പര്‍ വണ്‍ ആയ മാരുതി സുസുക്കി സിംഹാസനം വെട്ടിപ്പിടിച്ചത് മാസ്മാര്‍ക്കറ്റ് മോഡലുകളിലൂടെയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ട്രെന്‍ഡ് എസ്‌യുവികള്‍ക്ക് അനുകൂലമായതിനാല്‍ ചെറുകാര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടു.
സ്വാഭാവികമായും ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് മരുതി സുസുക്കിയെയാണ്. യൂടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന കൂടിയതിനാല്‍ മാരുതിയുടെ വിപണി വിഹിതത്തെ ഇത് വല്ലാതെ ബാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ചില മോഡലുകളുടെ വില കുറച്ചിട്ടുണ്ട്. മാരുതി സുസുക്കി എസ്-പ്രെസ്സോയുടെ ചില വേരിയന്റുകളുടെ വില ഇപ്പോള്‍ കുറച്ചിട്ടുണ്ട്. വില കുറയുന്നതോടെ ഈ വേരിയന്റുകളുടെ വില്‍പ്പന കൂടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

നമുക്കിപ്പോള്‍ എസ്-പ്രെസ്സോ ഹാച്ച്ബാക്കിന്റെ പുതുക്കിയ വിലകള്‍ വിശദമായി നോക്കാം. മാരുതി എസ്-പ്രെസ്സോയുടെ VXI (O) AMT, VXIPlus (O) AMT വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 5,000 രൂപ കുറച്ച് മുടക്കിയാല്‍ മതി. നിലവില്‍ ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 5.71 ലക്ഷം രൂപയും 6 ലക്ഷം രൂപയുമാണ് വില. ഈ വിലകളെല്ലാം എക്സ്ഷോറൂം വിലകളാണ്. മുകളില്‍ പറഞ്ഞ വേരിയന്റുകള്‍ക്കല്ലാതെ മറ്റ് വേരിയന്റുകളുടെ വിലയില്‍ മാറ്റമില്ല.
ഓണ്‍ലൈനായോ മാരുതി സുസുക്കിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ പുത്തന്‍ വിലയില്‍ ഈ ജനപ്രിയ മോഡല്‍ സ്വന്തമാക്കാവുന്നതാണ്. കോംപാക്റ്റ് ഡിസൈനും മൈലേജുമാണ് കുഞ്ഞന്‍ കാറുകള്‍ക്കിടയിലെ മികച്ച ഡിമാന്‍ഡുള്ള മോഡലുകളിലൊന്നായി എസ്-പ്രെസ്സോയെ മാറ്റുന്നത്. മാരുതി സുസുക്കി എസ്-പ്രെസ്സോ നാല് വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi (O) എന്നിവയാണ് എസ്-പ്രെസ്സോയുടെ വേരിയന്റുകള്‍.

4.26 ലക്ഷം രൂപ മുതലാണ് ഈ ചെറുകാറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 6.11 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് എസി, പാര്‍ക്കിംഗ് സെന്‍സറുകള്‍, പവര്‍ വിന്‍ഡോകള്‍, വയര്‍ലെസ് കാര്‍ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് കാറില്‍ മാരുതി ഒരുക്കിയിരിക്കുന്ന സവിശേഷതകള്‍.
ഇബിഡിയുള്ള എബിഎസ്, ഒന്നിലധികം എയര്‍ബാഗുകള്‍, ഡൈനാമിക് ഗൈഡ് ലൈനോടുകൂടിയ പാര്‍ക്കിംഗ് സെന്‍സര്‍ ഇന്‍പുട്ട് എന്നിവയയാണ് കാറിലെ സുപ്രധാന സേഫ്റ്റി ഫീച്ചറുകള്‍. ഈ വില നിലവാരത്തില്‍ മികച്ച സേഫ്റ്റിയും കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് വേണമെങ്കില്‍ പറയാം. അടുത്തതായി നമുക്ക് മാരുതി എസ്-പ്രെസ്സോ കാറിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കാം.

66 bhp പവറും 89 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ K10 പെട്രോള്‍ എഞ്ചിനാണ് ഈ ഹാച്ചില്‍ സജ്ജീകരിച്ചിരിക്കുന്നത്. പെട്രോള്‍ പതിപ്പിന് പുറമെ ഈ കാറിന്റെ സിഎന്‍ജി പതിപ്പും മാരുതി വില്‍പ്പനക്കെത്തിക്കുന്നുണ്ട്. സിഎന്‍ജി മോഡില്‍ എഞ്ചിന്‍ 66 bhp പവറും 82.1 Nm ടോര്‍ക്കും നല്‍കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലാണ് കാര്‍ ഓഫര്‍ ചെയ്യുന്നത്.
24.44 കിലോമീറ്റര്‍ മുതല്‍ 32.73 കിലോമീറ്റര്‍ വരെയാണ് എസ്-പ്രെസ്സോയുടെ മൈലേജ് പറയുന്നത്. സിഎന്‍ജി പതിപ്പാണ് കിലോഗ്രാമിന് 32.73 കിലോമീറ്റര്‍ മൈലേജ് നല്‍കുക. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് കിട്ടുന്ന കാറുകളില്‍ ഒന്നായി ഇത് മാറുന്നു. കാലം മാറിയെങ്കിലും ഇന്ത്യയിലെ ഉപഭോക്തൃ പരിഗണനകള്‍ പരിശോധിക്കുമ്പോള്‍ മൈലേജ് ഇന്നും ഒരു സുപ്രധാന നംഗതിയാണെന്നാണ് മനസ്സിലാകുന്നത്. ഇന്നും കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ പ്രധാന കാര്യങ്ങളില്‍ ഒന്നായി പരിഗണിക്കുന്നത് മൈലേജ് തന്നെയാണ്.

അതുകൊണ്ട് തന്നെ ഉയര്‍ന്ന മൈലേജ് നല്‍കുന്ന കാറുകളെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. സിഎന്‍ജി, ഹൈബ്രിഡ് കാറുകള്‍ക്ക് സമീപകാലത്തായി ലഭിക്കുന്ന സ്വീകാര്യത തന്നെ ഇതിന് ഉദാഹരണം. നിലവില്‍ നമ്മുടെ വിപണിയില്‍ വില്‍ക്കുന്ന പല സിഎന്‍ജി കാറുകളും പ്രീമിയം ബൈക്കുകളേക്കാള്‍ മൈലേജ് നല്‍കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കാറിന് 32.73 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ പിന്നെ വെയില്‍കൊണ്ട് ബൈക്കില്‍ പോകേണ്ട കാര്യമില്ലെല്ലോ എന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്.


Click it and Unblock the Notifications