മാരുതി ഇപ്പോള്‍ 'പാവങ്ങളുടെ' ബ്രാന്‍ഡല്ല! ചെറുകാറുകളേക്കാള്‍ വില്‍പ്പന പ്രീമിയം വണ്ടികള്‍ക്ക്
ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയിലെ കിരീടംവെക്കാത്ത രാജാവാണ് മാരുതി സുസുക്കി. 2024 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ എതിരാളികളെ ബഹുദൂരം മുന്നിലാക്കി മാരുതി തന്നെയാണ് ഒന്നാം സ്ഥാനത്ത്. കമ്പനിയുടെ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ മാസം വര്‍ധിച്ചെങ്കിലും മിനി, കോംപാക്ട് വിഭാഗങ്ങളില്‍ ഇടിവുണ്ടായിട്ടുണ്ട്. അതിനെക്കുറിച്ചുള്ള വിശദമായി ചുവടെ വായിക്കാം.
2024 ഏപ്രില്‍ മാസത്തില്‍ പാസഞ്ചര്‍, വാണിജ്യ വാഹനങ്ങള്‍, ആഭ്യന്തര, വിദേശ വില്‍പ്പന എന്നിവയുള്‍പ്പെടെ 1,68,089 വാഹനങ്ങളാണ് ഇന്തോജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ 1,60529 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 4.7 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. പാസഞ്ചര്‍ വാഹനങ്ങളുടെ മാത്രം ആഭ്യന്തര വില്‍പ്പന മാത്രം നോക്കിയാല്‍ അത് 1,37,952 യൂണിറ്റാണ്. 2023 ഏപ്രിലില്‍ വിറ്റ 1,37,320 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 0.46 ശതമാനം വളര്‍ച്ചയാണ്.

അതേസമയം ബമ്പര്‍ കച്ചവടം നേടിയ 2024 മാര്‍ച്ച് മാസവുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പനയില്‍ 10.08 ശതമാനം ഇടിവ് നേരിട്ടു. മാര്‍ച്ചിലെ 1,52,718 യൂണിറ്റായിരുന്നു വില്‍പ്പന. പാസഞ്ചര്‍ വാഹന വില്‍പ്പന വിശദമായി നോക്കുമ്പോള്‍ മാരുതിക്ക് കുറച്ച് ആശങ്കക്ക് വകയുണ്ട്. മാരുതിയെ മാരുതിയാക്കി മാറ്റിയത് ചെറുകാറുകളാണ്. പോയമാസം മാരുതിയുടെ മിനി, കോംപാക്റ്റ്, മിഡ്-സൈസ് സെഗ്മെന്റുകളില്‍ വില്‍പ്പന ഇടിവ് നേരിട്ടു.
ആള്‍ട്ടോ, എസ്പ്രെസോ കാറുകള്‍ ഉള്‍പ്പെടുന്ന മിനി കാര്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ 14,110 യൂണിറ്റ് വില്‍പ്പന നേടിയിരുന്നപ്പോള്‍ ഇക്കുറി 11,519 യൂണിറ്റ് മാത്രമാണ് വില്‍ക്കാനായത്. ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നിവ ഉള്‍പ്പെടുന്ന കോംപാക്ട് വിഭാഗത്തില്‍ 56,953 വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റത്. 2023 ഏപ്രിലിലെ വില്‍പ്പന 74,935 യൂണിറ്റായിരുന്നുവെന്ന് നോക്കണം.

മിഡ്‌സൈസ് സെഡാന്‍ സെഗ്മെന്റില്‍ സിയാസ് എന്ന ഒരു കാര്‍ മാത്രമാണ് കമ്പനി വില്‍ക്കുന്നത്. ഈ കാറിന്റെ വില്‍പ്പനയിലും ഇടിവാണ്. 2023 ഏപ്രിലില്‍ മാരുതിക്ക് 1,017 സിയാസ് വില്‍ക്കാന്‍ സാധിച്ചപ്പോള്‍ 2024 ഏപ്രിലില്‍ 867 പേരാണ് ഈ കാര്‍ വാങ്ങാനായി എത്തിയത്. ചെറുകാര്‍ വില്‍പ്പനയിലെ ക്ഷീണം മാരുതിക്ക് മറികടക്കാനായത് യൂടിലിറ്റി വാഹന വിഭാഗത്തിലെ മികച്ച വില്‍പ്പന കാരണമാണ്.
ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്റ്റോ, ജിംനി, XL6 എന്നിവയാണ് ഈ വിഭാഗത്തില്‍ മാരുതി വില്‍പ്പനക്കെത്തിക്കുന്ന മോഡലുകള്‍. 2024 ഏപ്രിലില്‍ മൊത്തം 56,553 യൂടിലിറ്റി വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. 2023 ഏപ്രിലില്‍ ഇത് 36,751 യൂണിറ്റായിരുന്നു. വാന്‍ സെഗ്മെന്റില്‍ മാരുതിയുടെ ഏക പോരാളിയായ ഇക്കോയും നിരാശപ്പെടുത്തിയില്ല. 2024 ഏപ്രിലില്‍ 12,060 വാഹനങ്ങള്‍ വിറ്റ് 2023 ഏപ്രിലിനേക്കാള്‍ (10,504 യൂണിറ്റ്) വളര്‍ച്ച നേടി.

ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹന വിഭാഗത്തില്‍ മാരുതി വിപണനം ചെയ്യുന്ന ഏക മോഡലായ സൂപ്പര്‍ കാരിയുടെ 2496 യൂണിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. 2023 ഏപ്രിലില്‍ വിറ്റ 2199 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വളര്‍ച്ചയുണ്ട്. ഇവ കൂടാതെ ടൊയോട്ടക്ക് മാരുതി ചില കാറുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. 2023 ഏപ്രിലില്‍ ഇത്തരത്തില്‍ 4039 യൂണിറ്റുകള്‍ നല്‍കിയപ്പോള്‍ 2024 ഏപ്രിലില്‍ അത് 5481 യൂണിറ്റായി ഉയര്‍ത്തി.
പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, മറ്റ് ബ്രാന്‍ഡുകള്‍ക്ക് നിര്‍മിച്ച് നല്‍കിയവയെല്ലാം ചേര്‍ത്ത് ആഭ്യന്തര വിപണിയില്‍ മാരുതിയുടെ മൊത്തം വില്‍പ്പന 1,45,929 ആയി. 2023 ഏപ്രിലില്‍ 1,43,558 യൂണിറ്റായിരുന്നു വില്‍പ്പന. കയറ്റുമതിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഈ വര്‍ഷം ഏപ്രിലില്‍ കമ്പനി 22,160 വാഹനങ്ങള്‍ കയറ്റി അയച്ചു. 12 മാസം മുമ്പ് കയറ്റുമതി 16,971 വാഹനങ്ങള്‍ മാത്രമായിരുന്നു.

ഏപ്രിലില്‍ മാരുതി വളര്‍ച്ച നേടിയെങ്കിലും മിനി, കോംപാക്റ്റ്, മിഡ്-സൈസ് സെഗ്മെന്റുകളിലെ ഇടിവ് നേരിട്ടത് തിരിച്ചടിയാണ്. എന്നാല്‍ ഈ മാസം മാരുതി നാലാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് പുറത്തിറക്കുന്നതോടെ സ്ഥിതി മാറുമെന്ന് പ്രതീക്ഷിക്കാം. വമ്പന്‍ അപ്‌ഡേറ്റുകളോടെ എത്തുന്ന കാറിനായുള്ള ഔദ്യോഗിക ബുക്കിംഗ് മാരുതി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഡിസയര്‍ സെഡാന്‍ കൂടി എത്തുന്നതോടെ വില്‍പ്പന വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








