എന്തൊക്കെയാ ഇവിടെ നടക്കുന്നത്... മാരുതിക്ക് ഇന്ത്യയില്‍ കച്ചോടം കുറഞ്ഞു! കയറ്റുമതിയില്‍ നേട്ടം
സെപ്റ്റംബര്‍ മാസം പിറന്നതോടെ വാഹന നിര്‍മാതാക്കള്‍ 2024 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്ത് വിടാന്‍ തുടങ്ങി. കഴിഞ്ഞ മാസവും രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഒന്നാം സ്ഥാനത്തിന് വിദൂരത്ത് പോലും എതിരാളികള്‍ ഇല്ലായിരുന്നു. എന്നിരുന്നാലും ആഭ്യന്തര വില്‍പ്പനയില്‍ ഇടിവ് നേരിട്ടത് കമ്പനിക്ക് തിരിച്ചടിയാണ്. പോയ മാസം മൊത്തം 1,81,782 യൂണിറ്റുകളാണ് മാരുതി വില്‍പ്പന നടത്തിയത്. 1,45,570 യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റപ്പോള്‍ 26,003 യൂണിറ്റ് കപ്പല്‍ കയറ്റി അയച്ചു. ആഭ്യന്തര വില്‍പ്പനയില്‍ ഇടിവ് നേരിട്ടപ്പോള്‍ കയറ്റുമതിയില്‍ നേട്ടമുണ്ടാക്കാനായി. പോയ മാസത്തെ മാരുതിയുടെ വില്‍പ്പന കണക്കുകള്‍ വിശദമായി വായിക്കാം.
സമീപകാലത്തെ ട്രെന്‍ഡ് പോലെ തന്നെ കഴിഞ്ഞ മാസവും ആള്‍ട്ടോ, എസ്‌പ്രെസോ എന്നീ മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന മിനി കാര്‍ വിഭാഗത്തില്‍ മാരുതിക്ക് വില്‍പ്പന കുറഞ്ഞു. കഴിഞ്ഞ മാസം 10,648 യൂണിറ്റ് കാറുകളാണ് ഈ വിഭാഗത്തില്‍ വിറ്റഴിച്ചത്. 2023 ഓഗസ്റ്റില്‍ വിറ്റ 12,209 യൂണിറ്റിനെ അപേക്ഷിച്ച് 12.78 ശതമാനം വില്‍പ്പന ഇടിവാണ് രേഖപ്പെടുത്തിയത്.

ബലേനോ, സെലേറിയോ, ഡിസയര്‍, സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നിവ ഉള്‍പ്പെടുന്ന കോംപാക്ട് സെഗ്‌മെന്റില്‍ 58,051 യൂണിറ്റായിരുന്നു 2024 ഓഗസ്റ്റിലെ വില്‍പ്പന. 2023 ഓഗസ്റ്റില്‍ വിറ്റ 72,451 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ 19.87 ശതമാനമാണ് വില്‍പ്പന ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം 849 യൂണിറ്റ് വിറ്റ സ്ഥാനത്ത് സിയാസ് മിഡ്‌സൈസ് സെഡാന്റെ 707 യൂണിറ്റുകള്‍ മാത്രമാണ് ഇക്കുറി ഷോറൂമില്‍ നിന്നിറങ്ങിയത്. 16.72 ശതമാനമാണ് വില്‍പ്പന കുറഞ്ഞത്.
മിനി, കോംപാക്ട്, മിഡ്‌സൈസ് വിഭാഗത്തില്‍ നിന്നെല്ലാം ഇടിവ് നേരിട്ടതില്‍ നിന്ന് വ്യത്യസ്തമായി മാരുതി സുസുക്കി യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ നല്ല വളര്‍ച്ച രേഖപ്പെടുത്തി. 2024 ഓഗസ്റ്റില്‍ യൂടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി 62,684 യൂണിറ്റുകള്‍ വിറ്റ് മുന്‍ വര്‍ഷത്തേക്കാള്‍ 6.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ഈ വളര്‍ച്ച ഉപഭോക്താക്കള്‍ക്കിടയില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് എടുത്തുകാണിക്കുന്നു. ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, XL6, ജിംനി, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ എന്നീ കാറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മാരുതിയുടെ യുവി നിര. മാരുതി സുസുക്കി ഇക്കോ 10,985 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 11,859 യൂണിറ്റുകളില്‍ നിന്ന് 7.36 ശതമാനം ഇടിവാണ്.
ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിളായ (ഘഇഢ) സൂപ്പര്‍ കാരിയുടെ 2,495 യൂണിറ്റുകള്‍ വിറ്റു. 2023 ഓഗസ്റ്റിലെ 2,564 യൂണിറ്റില്‍ നിന്ന് 2.69 ശതമാനം ഇടിവാണ്. 2024 ഓഗസ്റ്റില്‍ മാരുതി ടൊയോട്ടക്ക് 10,209 യൂണിറ്റുകള്‍ വിതരണം ചെയ്ത് ശക്തമായ പങ്കാളിത്തം ഊട്ടിയുറപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5,790 യൂണിറ്റുകളായിരുന്നു മാരുതി സുസുക്കി ടൊയോട്ടക്ക് നല്‍കിയിരുന്നത്. എര്‍ട്ടിഗ, ബലേനോ, ഫ്രോങ്ക്‌സ് തുടങ്ങിയ മോഡലുകളാണ് ടൊയോട്ട റീബാഡജ് ചെയ്ത് വില്‍ക്കുന്നത്.

ആഭ്യന്തര വിപണിയിലെ വെല്ലുവിളികള്‍ക്കിടയിലും മാരുതി സുസുക്കിയുടെ കയറ്റുമതി പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ഓഗസ്റ്റില്‍ മാത്രം കമ്പനി 26,003 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.64 ശതമാനം വളര്‍ച്ച നേടി. ആഭ്യന്തര വിപണിയില്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരികയും കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന മാരുതിയുടെ തന്ത്രം ഫലം കാണുന്നുണ്ട്.
അടുത്തിടെയാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് എസ്‌യുവി ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്. ജപ്പാനില്‍ വില്‍ക്കുന്ന മാരുതി സുസുക്കിയുടെ ഇന്ത്യന്‍ നിര്‍മിത എസ്‌യുവിയാണ് ഫ്രോങ്ക്‌സ്. ആഭ്യന്തര വിപണിയില്‍ ഇതിനോടകം വന്‍ സ്വീകാര്യത നേടിയ ഫ്രോങ്ക്‌സ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ അതിന്റെ സാന്നിധ്യം വിപുലീകരിക്കുന്ന തിരക്കിലാണ്.
ഇന്ത്യയില്‍ ഫ്രോങ്ക്‌സ് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വരുമ്പോള്‍ ജാപ്പനീസ് സ്‌പെക്കിന് കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും തുടിപ്പേകുക. ഇന്ത്യയില്‍ ഫ്രോങ്ക്‌സ് ഫ്രണ്ട്-വീല്‍-ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമാണ് ലഭ്യമാകുന്നത്.
ഇതിൽ നിന്ന് വ്യത്യസ്തമായി ജാപ്പനീസ് സ്‌പെക്ക് ഫ്രോങ്ക്‌സ് സുസുക്കിയുടെ ഓള്‍ഗ്രിപ്പ് എഡബ്ല്യുഡി സാങ്കേതികവിദ്യയില്‍ മെച്ചപ്പെട്ട ട്രാക്ഷനുമായി വരും. ഓള്‍ഗ്രിപ്പ് സിസ്റ്റത്തില്‍ ഓട്ടോ, സ്പോര്‍ട്, സ്നോ, ലോക്ക് എന്നിങ്ങനെ വിവിധ ഓഫ്-റോഡ് ഡ്രൈവിംഗ് മോഡുകള്‍ ഉള്‍പ്പെടുന്നു. ജപ്പാനിലെത്തുന്ന ഫ്രോങ്ക്‌സിന്റെ ഇന്റീരിയറും അടിമുടി മാറും. മാത്രമല്ല അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) ഇതില്‍ ഉണ്ടായിരിക്കും.


Click it and Unblock the Notifications








