32 കി.മീ മൈലേജുമായി 5 പേര്‍ക്ക് പോകാവുന്ന മാരുതി കാര്‍! കാത്തിരിപ്പ് ഈ മാസം അവസാനിക്കും, വില ഇത്രയായിരിക്കും
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നാലാം തലമുറ സ്വിഫ്റ്റ് 2024 മെയിലാണ് പുറത്തിറക്കിയത്. പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നായി നിറഞ്ഞ് നില്‍ക്കുന്ന സ്വിഫ്റ്റിന്റെ ന്യൂ ജെന്‍ പതിപ്പും ഹിറ്റായെന്ന് പറയേണ്ട കാര്യമില്ലെല്ലോ. കഴിഞ്ഞ മാസം അതായത് 2024 ഓഗസ്റ്റില്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ 12,844 യൂണിറ്റുകളാണ് വിറ്റ് പോയത്. ഇപ്പോള്‍ കമ്പനി സ്വിഫ്റ്റിന്റെ വില്‍പ്പന ഉയര്‍ത്തുന്നതിനായി സിഎന്‍ജി വേരിയന്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. ഒരു പ്രീമിയം ബൈക്കിന്റെ മൈലേജ് തരാന്‍ സാധ്യതയുള്ള പുത്തന്‍ കാറിന്റെ ലോഞ്ചിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിഎന്‍ജി പോര്‍ട്ട്ഫോളിയോയുള്ള കമ്പനിയാണ് മാരുതി സുസുക്കി. 14 കാറുകളാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ സിഎന്‍ജി കാര്‍ നിരയിലുള്ളത്. ഇവയില്‍ തന്നെ ബ്രെസ, ഡിസയര്‍, എര്‍ട്ടിഗ എന്നിവയുടെ സിഎന്‍ജി മോഡലുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. 2024 ഓഗസ്റ്റില്‍ കമ്പനി 49,602 യൂണിറ്റ് സിഎന്‍ജി കാറുകള്‍ വിറ്റതായാണ് കണക്കുകള്‍. പുതിയ തലമുറ സ്വിഫ്റ്റ് മെയ് ഒമ്പതിന് വില്‍പ്പനക്കെത്തിയപ്പോള്‍ മാരുതി സിഎന്‍ജി വേരിയന്റുകള്‍ പുറത്തിറക്കിയിരുന്നില്ല.

സമീപകാലത്തായി സ്വിഫ്റ്റ് സിഎന്‍ജി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതിനാല്‍ ഈ ഉത്സവകാലത്ത് തന്നെ ലോഞ്ച് പ്രതീക്ഷിച്ചിരുന്നു. പുതിയ പെട്രോള്‍ പവര്‍ സ്വിഫ്റ്റിന് LXI, VXI, VXI (O), ZXI, ZXI പ്ലസ് വേരിയന്റുകളായാണ് കമ്പനി തരംതിരിച്ചിരിക്കുന്നത്. സിസ്ലിംഗ് റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, നോവല്‍ ഓറഞ്ച് തുടങ്ങി ആകര്‍ഷകമായ വിവിധ കളര്‍ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്.
പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ കമ്പനി പുതിയ 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പരമാവധി 80 bhp പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. പുതിയ എഞ്ചിനില്‍ പുറത്തിറക്കുന്ന കമ്പനിയുടെ ആദ്യത്തെ സിഎന്‍ജി കാര്‍ ആയിരിക്കും സ്വിഫ്റ്റ്.

പെട്രോള്‍ എഞ്ചിനെ അപേക്ഷിച്ച് സിഎന്‍ജി എഞ്ചിന്റെ പവര്‍ട്രെയിനിന്റെ പവറും ടോര്‍ക്കും കുറവാണെങ്കിലും മൈലേജ് കണക്കുകള്‍ വളരെ മികച്ചതായിരിക്കും. സ്വിഫ്റ്റിന്റെ സിഎന്‍ജി വേരിയന്റിന് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ലഭിക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പെട്രോള്‍ സ്വിഫ്റ്റ് ലിറ്ററിന് കദേശം 24.80 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.
ഇതിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.75 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. അതേസമയം സ്വിഫ്റ്റ് സിഎന്‍ജിക്ക് കിലോഗ്രാമിന് 32 കിലോമീറ്റര്‍ വരെ മൈലേജ് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുക്കി സ്വിഫ്റ്റിന് 5 പേര്‍ക്ക് സുഖമായി ഇരിക്കാനും വിദൂര നഗരങ്ങളിലേക്ക് യാത്ര ചെയ്യാനും കഴിയും. അങ്ങനെ വരുമ്പോള്‍ ഒരു പ്രീമിയം ബൈക്കിന്റെ ഇന്ധനച്ചെലവില്‍ അഞ്ച് പേര്‍ അടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാമെന്ന് പറയുമ്പോള്‍ ലാഭമല്ലേ.
വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും യാത്ര പോകുമ്പോള്‍ ലഗേജ് കൊണ്ടുപോകാന്‍ 265 ലിറ്റര്‍ ശേഷിയുള്ള ബൂട്ട് സ്‌പെയ്‌സും ഇതിന് ലഭിക്കുന്നു. 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, യുഎസ്ബി ടൈപ്പ്-എ & ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് മറ്റ് സവിശേഷതകള്‍.
മാരുതി കാറുകളുടെ പ്രധാന പോരായ്മയായി പറഞ്ഞ സംഗതിയായിരുന്നു സേഫ്റ്റി. എന്നാല്‍ പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ സേഫ്റ്റി ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), ടിസിഎസ് (ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം), സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ പുതിയ സ്വിഫ്റ്റില്‍ ഓഫര്‍ ചെയ്യുന്നുണ്ട്.

നിലവില്‍ 6.49 ലക്ഷം രൂപ മുതല്‍ 9.59 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റ് പെട്രോള്‍ പതിപ്പുകളുടെ എക്സ്ഷോറൂം വില പോകുന്നത്. സിഎന്‍ജി വേരിയന്റുകള്‍ക്ക് ഏകദേശം 95,000 രൂപ അധികം മുടക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്വിഫ്റ്റ് സിഎന്‍ജിയുടെ വില 7.50 ലക്ഷം രൂപ മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച് സ്വിഫ്റ്റ് സിഎന്‍ജി സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ അതായത് സെപ്റ്റംബര്‍ 15-ന് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിക്കും.


Click it and Unblock the Notifications








