40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
ഇന്ത്യന്‍ വാഹന പ്രേമികള്‍ ഈ വര്‍ഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാറാണ് പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ്. സ്വന്തം നാടായ ജപ്പാനില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഹാച്ച്ബാക്ക് മോഡല്‍ അടുത്തിടെ സുസുക്കി യുകെയിലും എത്തിച്ചിരുന്നു. 2024 സ്വിഫ്റ്റ് ഏപ്രില്‍ മുതല്‍ യുകെയിലും അയര്‍ലന്‍ഡിലും വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വിഫ്റ്റിന്റെ യുകെ സ്‌പെക്കും ഇന്ത്യ സ്‌പെക്കും തമ്മില്‍ ഒത്തിരി മാറ്റങ്ങളുണ്ട്.
അത് ഞങ്ങള്‍ മറ്റൊരു ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മോഷന്‍, അള്‍ട്രാ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സുസുക്കി സ്വിഫ്റ്റ് യുകെ വിപണിയില്‍ എത്തിയിരിക്കുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യ സജ്ജീകരിച്ചെത്തുന്ന സ്വിഫ്റ്റിന്റെ ഇന്ധനക്ഷമത കണക്കുകള്‍ അറിയാനായിരിക്കും ഏവര്‍ക്കും താല്‍പര്യം. സ്വിഫ്റ്റ് ഹൈബ്രിഡ് മോഡല്‍ ലിറ്ററിന് 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഏതായാലും യുകെ സ്‌പെക് 2024 സ്വിഫ്റ്റിന്റെ ഇന്ധനക്ഷമത കണക്കുകള്‍ ഞങ്ങളുടെ പക്കലുണ്ട്. അത് നമുക്ക് വിശദമായി നോക്കാം.

സ്വിഫ്റ്റില്‍ സജ്ജീകരിച്ചിരിക്കുന്ന പുതിയ എഞ്ചിന് 8 ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയുണ്ടെന്നാണ് നിര്‍മാതാക്കളായ സുസുക്കി അവകാശപ്പെടുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് സ്റ്റാന്‍ഡേര്‍ഡായി 12V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവുമായാണ് ഹാച്ച്ബാക്ക് യുകെയില്‍ എത്തിയിരിക്കുന്നത്. പുതിയ 1.2-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുമ്പോള്‍ ലിറ്ററിന് 27.29 കിലോമീറ്റര്‍ ഇന്ധനക്ഷമത കൈവരിക്കുന്നു.
അതേസമയം സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുമായി വരുന്ന യുകെ സ്‌പെക്ക് സ്വിഫ്റ്റ് ലിറ്ററിന് 25.55 കിലോമീറ്റര്‍ മൈലേജ് നല്‍കും. മാനുവല്‍ ഗിയര്‍ബോക്സും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും സജ്ജീകരിച്ച വേരിയന്റിന്റെ ഇന്ധനക്ഷമത ലിറ്ററിന് 24.49 കിലോമീറ്റര്‍ ആയി കുറയുന്നു. സ്വിഫ്റ്റ് ജപ്പാന്‍ സ്‌പെക്കിന്റെ ഇന്ധനക്ഷമത കണക്കുകള്‍ ഡിസംബറില്‍ തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നു.

XG, ഹൈബ്രിഡ് MX, ഹൈബ്രിഡ് MZ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലായാണ് പുതിയ സ്വിഫ്റ്റ് ജപ്പാനില്‍ വില്‍ക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കൊപ്പം രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ഇത് വാങ്ങാം. സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 23.4 കിലോമീറ്റര്‍ ക്ലെയിംഡ് മൈലേജ് ആണ് പറയുന്നത്. അതേസമയം ഹൈബ്രിഡ് പെട്രോള്‍ കോണ്‍ഫിഗറേഷന്‍ WLTP സൈക്കിളില്‍ ലിറ്ററിന് 24.5 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു.
യുകെയില്‍ വില്‍പ്പനക്കെത്തുന്ന സ്വിഫ്റ്റില്‍ ഫീച്ചറുകളുടെ നീണ്ട നിര തന്നെ സുസുക്കി വാഗ്ദാനം ചെയ്യുന്നു. സ്വിഫ്റ്റ് മോഷന്‍ 16 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, നാവിഗേഷന്‍, റിയര്‍ വ്യൂ ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ലിങ്ക് ഡിസ്പ്ലേ ഓഡിയോ, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട് എന്നീ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു.

സുരക്ഷയ്ക്കായി ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം, ഡ്യുവല്‍ സെന്‍സര്‍ ബ്രേക്ക് സപ്പോര്‍ട്ട്, ലെയ്ന്‍ ഡിപാര്‍ചര്‍ വാര്‍ണിംഗ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, എന്‍ഹാന്‍സ്ഡ് ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍ എന്നിവയുമുണ്ട്. അതേസമയം സ്വിഫ്റ്റിന്റെ ആള്‍ട്ര വേരിയന്റില്‍ 16 ഇഞ്ച് പോളിഷ്ഡ് അലോയ് വീലുകള്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിംഗ്, റിയര്‍ പാസഞ്ചര്‍ ഹീറ്റര്‍, സൈഡ് ടണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന ഇലക്ട്രിക് ഫോള്‍ഡിംഗ് ഡോര്‍ മിററുകള്‍ എന്നിവയും ലഭിക്കുന്നു.
ശബ്ദം, വൈബ്രേഷന്‍ എന്നിവ കുറയ്ക്കുന്നതിന് ഹാച്ച്ബാക്ക് കാറിന്റെ എന്‍വിഎച്ച് ലെവലുകള്‍ മെച്ചപ്പെടുത്താനും സുസുക്കി ശ്രമിച്ചിട്ടുണ്ട്. നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് ഏതാനും മാസങ്ങള്‍ക്കുള്ളി ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024-ല്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്വിഫ്റ്റിന് Z12E എഞ്ചിന്‍ തന്നെയായിരിക്കുമെങ്കിലും കരുത്തേകുക.

എന്നാല്‍ പവര്‍ ഔട്ട്പുട്ടുകളും ഇന്ധനക്ഷമത കണക്കുകളും അജ്ഞാതമാണ്. ഇപ്പോള്‍ ഹൈബ്രിഡ് കാറുകള്‍ക്ക് മികച്ച ഡിമാന്‍ഡുള്ളതിനാല്‍ സ്വിഫ്റ്റ് ഹൈബ്രിഡ് സുസുക്കി ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 5.99 ലക്ഷം രൂപ മുതലാണ് നിലവില്‍ സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. എതായാലും പുതുതലമുറ മോഡലിന് ഇതിനേക്കാള്‍ ഉയര്‍ന്ന വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








