രത്തന്‍ ടാറ്റ പോയതോടെ ടാറ്റയുടെ സമയം ശരിയല്ല! 5 സ്റ്റാര്‍ എസ്‌യുവികളെ മറികടന്ന് മാരുതി കാറുകളുടെ മുന്നേറ്റം
4 മീറ്ററില്‍ താഴെ നീളമുള്ള എസ്‌യുവികളെയാണ് സബ്-4 മീറ്റര്‍ എസ്‌യുവികള്‍ എന്ന് വിളിക്കുന്നത്. സര്‍ക്കാറില്‍ നിന്നുള്ള നികുതി ഇളവുകള്‍ ലഭിക്കുന്നതിനാല്‍ ഈ കാറുകള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റുപോകുന്ന ഒരു സെഗ്‌മെന്റ് കൂടിയാണിത്. അതുകൊണ്ടാണ് സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ എന്നീ ലോകോത്തര കമ്പനികള്‍ ഇന്ത്യന്‍ വിപണി പ്രധാനമായും ലക്ഷ്യമിട്ട് പുതിയ സബ് 4 മീറ്റര്‍ എസ്‌യുവികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ വിഭാഗത്തില്‍ ഇപ്പോള്‍ പ്രധാനമായും മത്സരം നടക്കുന്നത് മാരുതി സുസുക്കിയും ടാറ്റ മോട്ടോര്‍സും തമ്മിലാണ്.
ഈ രണ്ട് വമ്പന്‍ കമ്പനികള്‍ക്കും ഈ സെഗ്‌മെന്റില്‍ ഒന്നിലേറെ പോരാളികള്‍ ഉണ്ട്. 2024 മൂന്നാം പാദത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ടാറ്റ മോട്ടോര്‍സിനെ മാരുതി സുസുക്കി പിന്നിലാക്കിയിരിക്കുകയാണ്. ഈ സെഗ്മെന്റില്‍ ബ്രെസ, ഫ്രോങ്ക്സ്, ജിംനി എന്നിങ്ങനെ മൂന്ന് കാറുകളാണ് മാരുതി സുസുക്കി വില്‍ക്കുന്നത്. 5 സ്റ്റാര്‍ സേഫ്റ്റിയുള്ള നെക്സോണും പഞ്ചുമാണ് സെഗ്‌മെന്റിലെ ടാറ്റ മോഡലുകള്‍. ടാറ്റ നെക്സണും പഞ്ചും ഇലക്ട്രിക് പതിപ്പുകളിലും ലഭ്യമാണ്.

സൂപ്പര്‍ ഹിറ്റ് മോഡലുകളുടെ ബലത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ടാറ്റ മാരുതിയേക്കാള്‍ മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ 2024 മൂന്നാം പാദത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ടാറ്റ മൊത്തം 83,136 സബ്-4 മീറ്റര്‍ എസ്‌യുവികള്‍ വിറ്റു. ഇതില്‍ ടാറ്റ പഞ്ച് 45,475 യൂണിറ്റും നെക്സോണ്‍ 37,661 യൂണിറ്റും ആണ്. ഈ 3 മാസ കാലയളവില്‍ മാരുതി സുസുക്കി മൊത്തം 89,994 സബ്-4 മീറ്റര്‍ എസ്‌യുവികള്‍ വിറ്റു.
കഴിഞ്ഞ 3 മാസത്തിനിടെ ടാറ്റ മോട്ടോര്‍സിനെക്കാള്‍ 6,858 സബ്-4 മീറ്റര്‍ എസ്‌യുവികളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 49,188 ബ്രെസയും 37,186 ഫ്രോങ്ക്‌സും 3,620 ജിംനിയും മാരുതി സുസുക്കി വിറ്റു. ജിംനിയെ ഒഴിവാക്കിയാലും മാരുതിക്ക് 3238 യൂണിറ്റിന്റെ ലീഡ് ഉണ്ട്.
2024 സെപ്റ്റംബറിലെ മാത്രം കണക്കിലെടുത്താല്‍ പോലും മാരുതി സുസുക്കിക്ക് മോല്‍ക്കൈ നേടാനായി. 15,322 ബ്രെസയും 13,874 ഫ്രോങ്ക്‌സും 599 ജിംനികളും ഉള്‍പ്പെടെ മൊത്തം 29,795 സബ്-4 മീറ്റര്‍ എസ്‌യുവികളാണ് മാരുതി സുസുക്കി സെപ്റ്റംബറില്‍ വിറ്റഴിച്ചത്. മറുവശത്ത് ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ മാസം 25,181 സബ്-4 മീറ്റര്‍ എസ്‌യുവികള്‍ മാത്രമാണ് വിറ്റത്. ഇതില്‍ 13,711 പഞ്ചും 11,470 നെക്‌സോണും ഉള്‍പ്പെടുന്നു.

ഈ വര്‍ഷത്തെ ആദ്യ രണ്ട് പാദങ്ങളിലും ടാറ്റ മോട്ടോര്‍സ് ആയിരുന്നു മുന്നില്‍. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ ടാറ്റ മോട്ടോര്‍സ് മാരുതി സുസുക്കിയേക്കാള്‍ 8898 കാറുകള്‍ അധികം വിറ്റിരുന്നു. ആ മൂന്ന് മാസങ്ങളില്‍ ടാറ്റ മോട്ടോഴ്സിന്റെ സബ്-4 മീറ്റര്‍ എസ്‌യുവി വില്‍പ്പന 91,036 യൂണിറ്റും മാരുതി സുസുക്കിയുടേത് 82,138 യൂണിറ്റും.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തില്‍ ടാറ്റ നെക്‌സോണും പഞ്ചും ചേര്‍ത്തുള്ള വില്‍പ്പന 1 ലക്ഷം യൂണിറ്റിന് അടുത്ത് എത്തിയിരുന്നു. 99,598 യൂണിറ്റുകള്‍ വിറ്റ് ടാറ്റ മാരുതിയേക്കാള്‍ 12,771 യൂണിറ്റിന്റെ ലീഡ് നേടിയിരുന്നു. മൊത്തത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടാറ്റ 3,64,344 യൂണിറ്റും മാരുതി സുസുക്കി 3,35,764 യൂണിറ്റുമാണ് ഈ വിഭാഗത്തില്‍ വില്‍പ്പന രേഖപ്പെടുത്തിയത്.

കിടമത്സരം നടക്കുന്ന സെഗ്‌മെന്റില്‍ മാരുതിയും ടാറ്റയും തമ്മിലുള്ള വ്യത്യാസം മാറിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് മാസങ്ങളില്‍ ടാറ്റ പഞ്ച് ഇന്ത്യയിലെ ഒന്നാം നമ്പര്‍ പാസഞ്ചര്‍ കാറായിരുന്നു. എന്നാല്‍ ഉത്സവ സീസണില്‍ മാരുതി കാറുകള്‍ക്ക് സാധാരണയായി ഉണ്ടാകാറുള്ള ഡിമാന്‍ഡ് ആയിരിക്കാം കഴിഞ്ഞ പാദത്തിലെ മാറ്റങ്ങള്‍ക്ക് കാരണം.
കൂടാതെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന എസ്‌യുവിയാണ് നെക്‌സോണ്‍. എന്നാല്‍ അടുത്ത കാലത്തായി നെക്‌സോണിന്റെ ഡിമാന്‍ഡില്‍ ഇടിവ് കാണുന്നു. സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ കര്‍വ് വന്നതും ഇലക്ട്രിക് വിഭാഗത്തില്‍ എംജി വിന്‍ഡ്‌സര്‍ ഇവി എത്തിയതുമൊക്കെ നെക്‌സോണിന് വെല്ലുവിളിയാണ്. ഏതായാലും വരുംമാസങ്ങളില്‍ ടാറ്റയും മാരുതിയും തമ്മിലുള്ള പോരാട്ടം ഏതായാലും കനക്കാന്‍ മാത്രമേ വഴിയുള്ളൂ.


Click it and Unblock the Notifications








