ഹാച്ച്ബാക്ക് മറന്നേക്കൂ, എസ്‌യുവി വാങ്ങാം... അതും മാരുതിയുടെ; പഞ്ചും എക്‌സ്റ്ററും ഞെട്ടലില്‍
ഇന്ത്യയില്‍ നിലവില്‍ ഏറ്റവും ഡിമാന്‍ഡ് സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്കാണ്. വാഹന നിര്‍മാതാക്കളെല്ലാം ഇപ്പോള്‍ എസ്‌യുവികളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എസ്‌യുവികളില്‍ മൈക്രോ എസ്‌യുവി വിഭാഗത്തിന് വമ്പന്‍ വളര്‍ച്ചയാണ്. ടാറ്റ പഞ്ചാണ് നിലവില്‍ ഈ വിഭാഗം ഭരിക്കുന്നത്. ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ പാസഞ്ചര്‍ കാറാണ് പഞ്ച്.
പഞ്ചിന്റെ എതിരാളിയായി 2023 ജൂലൈയില്‍ അവതരിപ്പിച്ച ഹ്യുണ്ടായി എക്സ്റ്റര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ലക്ഷം ബുക്കിംഗ് നേടി വന്‍ വിജയമായിരുന്നു. എസ്‌യുവി സെഗ്‌മെന്റ് മൊത്തമെടുത്താല്‍ ഇപ്പോള്‍ അവിടം ഭരിക്കുന്നത് മാരുതി സുസുക്കിയാണ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 20 ദശലക്ഷത്തിലധികം യൂണിറ്റ് വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. ടാറ്റ മോട്ടോര്‍സിനേക്കാള്‍ നാലിരട്ടി കാറുകളാണ് മാരുതി ഒരു കലണ്ടര്‍ വര്‍ഷം വിറ്റതെന്ന് മനസ്സിലാക്കുമ്പോള്‍ അറിയാം മാരുതി എവിടെ കിടക്കുന്നു എതിരാളികള്‍ എവിടെ കിടക്കുന്നുവെന്നത്.

മാരുതി സുസുക്കിയെ ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായി വളരാന്‍ സഹായിച്ചത് ചെറുകാറുകളാണ്. എന്നാല്‍ അടുത്ത കാലത്തായി അല്‍പ്പം പ്രീമിയമാകുകയാണ് മാരുതി സുസുക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാരുതി തങ്ങളുടെ എസ്‌യുവി ശ്രേണി വിപുലീകരിക്കുന്ന തിരക്കിലായിരുന്നു. പുത്തന്‍ ലോഞ്ചുകളുമായി എസ്‌യുവി വിഭാഗം പിടിച്ചടക്കാനും മാരുതിക്കായി. 2022-ല്‍ പുറത്തിറങ്ങിയ രണ്ടാം തലമുറ ബ്രെസ, ഗ്രാന്‍ഡ് വിറ്റാര എന്നീ മോഡലുകളാണ് മാരുതിക്ക് വേണ്ടി അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്.
2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഫ്രോങ്ക്‌സ്, ജിംനി എന്നീ മോഡലുകള്‍ കൂടി എത്തിയതോടെ ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡിന്റെ എസ്‌യുവി പോര്‍ട്ട്ഫോളിയോ ഡബിള്‍ സ്‌ട്രോംഗായി. ചെറുകാര്‍ വില്‍പ്പനയില്‍ ഇടിവ് നേരിട്ടപ്പോയും മാരുതിക്ക് റെക്കോഡ് വില്‍പ്പന നേടാന്‍ സാധിച്ചത് എസ്‌യുവികളുടെ മികച്ച പ്രകടനമാണ്. വിവിധ വില നിലവാരത്തിലുളള കാറുകള്‍ കൊണ്ടുവന്ന് കൂടുതല്‍ ഉപഭോക്താക്കളെ ഷോറൂമിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ പ്ലാനുകള്‍.

അതിന്റെ ഭാഗമായി പുതിയ ചില മോഡലുകള്‍ കമ്പനി അണിയറയില്‍ ഒരുക്കുന്ന തിരക്കിലാണ്. ജനപ്രിയ മോഡലായ ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ പതിപ്പാണ് അതില്‍ ഒന്ന്. Y17 എന്ന് കോഡ് നാമം നല്‍കിയിരിക്കുന്ന മോഡല്‍ ഹൈബ്രിഡ് പവര്‍ട്രെയിനുമായിട്ടാണ് വരിക. ഇതിനൊപ്പം ടാറ്റക്കും ഹ്യുണ്ടായിക്കും നെഞ്ചിടിപ്പ് സമ്മാനിച്ച് പുതിയൊരു 5 സീറ്റര്‍ എസ്‌യുവി കൂടി മാരുതി കൊണ്ടുവരാന്‍ പോകുകയാണ്.
പുതിയ മൈക്രോ എസ്‌യുവിക്ക് Y17 എന്നാണ് ആന്തരികമായി കോഡ് നാമം നല്‍കിയിരിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മാരുതിയുടെ മോഡല്‍ നിരയില്‍ ബ്രെസ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ താഴെ സ്ഥാനം പിടിക്കുന്ന ഈ മോഡല്‍ ടാറ്റ പഞ്ചിനോടും ഹ്യുണ്ടായി എക്സ്റ്ററിനോടും നേടരിട്ട് ഏറ്റുമുട്ടും. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വാങ്ങുന്നവരെയാണ് ഈ ചെറു എസ്‌യുവി പ്രധാനമായും ഉന്നംവെക്കുക.

ബ്രാന്‍ഡിന്റെ ലൈനപ്പില്‍ കൂടുതല്‍ എസ്‌യുവികള്‍ക്ക് ഇടംപിടിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഹിസാഷി ടകൂച്ചി അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ മൈക്രോ എസ്‌യുവിയെ കുറിച്ചുള്ള വാര്‍ത്ത. ബലേനോക്കും ഫ്രോങ്ക്‌സിനും അടിത്തറ പാകുന്ന ഹാര്‍ടെക് പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പിലായിരിക്കും പുതിയ എ-സെഗ്‌മെന്റ് എസ്‌യുവി പണിയുക.
ബ്രെസയില്‍ നിന്നും ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്നുമുള്ള ഡിസൈന്‍ സൂചകങ്ങള്‍ കടംകൊള്ളും. പുതിയ തലമുറ സ്വിഫ്റ്റില്‍ വരുന്ന 1.2 ലിറ്റര്‍ Z സീരീസ് മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും പുതിയ വാഹനത്തിന് തുടിപ്പേകുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ കാറില്‍ വാഗ്ദാനം ചെയ്‌തേക്കും. ടാറ്റ, ഹ്യുണ്ടായി മോഡലുകള്‍ ഫീച്ചര്‍ റിച്ചായിട്ടാണ് വരുന്നത്. അതിനാല്‍ തന്നെ മാരുതിയുടെ വരാന്‍ പോകുന്ന മോഡലിനകത്ത് ഫീച്ചറുകള്‍ക്ക് ഒട്ടും കുറവുണ്ടാകില്ല.
വലിയ ടച്ച്സ്‌ക്രീന്‍, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ആറ് എയര്‍ബാഗുകള്‍ എന്നീ ഫീച്ചറുകള്‍ മാരുതി സുസുക്കി Y43 മോഡലില്‍ സജ്ജീകരിച്ചേക്കും. എന്നാല്‍ പഞ്ചിനും എക്‌സ്റ്ററിനും രണ്ട് വര്‍ഷം കൂടി സെഗ്‌മെന്റില്‍ സൈ്വരവിഹാരം നടത്താം. പുതിയ മാരുതി എസ്‌യുവി 2026-27 കാലയളവിലായിരിക്കും വിപണിയില്‍ എത്തിയേക്കുക. പുതിയ മൂന്ന് വരി എസ്‌യുവി എന്നാല്‍ അല്‍പ്പം നേരത്തെ എത്തിയേക്കും. മാരുതി സുസുക്കി Y17 2025-ല്‍ പുറത്തിറങ്ങുമെന്നാണ് സൂചന.


Click it and Unblock the Notifications








