550 കി.മീ റേഞ്ച്, 2 കുടുംബങ്ങൾ വരെ ഉൾക്കൊള്ളും! ഇത്രയും കുറഞ്ഞ വിലയില്‍ വന്നാല്‍ ആരായാലും വാങ്ങിപ്പോകും
ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായി മാരുതി സുസുക്കി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ വാഹന വിപണി പതുക്കെ മാറിക്കൊണ്ടിരിക്കുകയാണ്. പച്ച നിറത്തിലുള്ള നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറുകള്‍ ഇന്ന് നിരത്തുകളിലെ അപൂര്‍വ കാഴ്ചയല്ലാതായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മാരുതി സുസുക്കി (Maruti Suzuki) ഇലക്ട്രിക് വാഹന (Electric Vehicles) വിപണിയില്‍ പ്രവേശിക്കണം. ഇന്ത്യയിലെ മുന്‍നിര കാര്‍ ബ്രാന്‍ഡാണെങ്കിലും മാരുതി സുസുക്കി ഇതുവരെ ഒരു ഇലക്ട്രിക് കാര്‍ പുറത്തിറക്കിയിട്ടില്ല. പലരും ഇത് ഒരു പ്രധാന പോരായ്മയായി കണക്കാക്കുന്നുണ്ടെങ്കിലും മാരുതിക്ക് ഇതിന് കൃത്യമായ പ്ലാനുകള്‍ ഉണ്ട്.
അതേസമയം തന്നെ ടാറ്റ മോട്ടോര്‍സ് (Tata Motors) അനുദിനം ഇലക്ട്രിക് കാര്‍ നിര വലുതാക്കി വിപണിയില്‍ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ പാസഞ്ചര്‍ ഇവി വിഭാഗത്തില്‍ സിംഹഭാഗം വിപണി വിഹിതവും കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റയാണ്. ഇതിനോടകം ടാറ്റ അഞ്ച് ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തിച്ച് കഴിഞ്ഞു. ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന തിരിച്ചറിവിന്റെ പുറത്തായിരിക്കാം മാരുതി സുസുക്കി ഇപ്പോള്‍ സ്വന്തം ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിരുന്നു. മാരുതി സുസുക്കി eVX കണ്‍സെപ്റ്റ് രൂപത്തില്‍ ആയിരുന്നു ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്. പിന്നീടുള്ള മാസങ്ങളില്‍ അപ്ഡേറ്റുകളോടെ വിവിധ മോട്ടോര്‍ ഷോകളില്‍ ഇവി പ്രദര്‍ശിപ്പിച്ചു. ഈ വാഹനം 2025-ന്റെ തുടക്കത്തിലോ മധ്യത്തിലോ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാരുതി സുസുക്കി eVX എന്ന് പേരിട്ടിരിക്കുന്ന ഈ കാര്‍ ഒരു ഇലക്ട്രിക് എസ്‌യുവി ഗണത്തില്‍ പെടുന്ന കാര്‍ ആയിരിക്കും. ഇത് കൂടാതെ ഭാവിയില്‍ നിരവധി ഇവികള്‍ കൂടി അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. അത്തരത്തിലുള്ള ഒരു മോഡല്‍ നിലവില്‍ YMC (Maruti Suzuki YMC) എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുന്നത്. മാരുതി സുസുക്കിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് കാറായിരിക്കും ഇത്.

eVX വിപണിയില്‍ എത്തിയതിന് തൊട്ടുപിന്നാലെ YMC ഇലക്ട്രിക് കാറും അവതരിപ്പിക്കും. eVX ഒരു എസ്‌യുവി ആണെങ്കില്‍ YMC ഒരു മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എംപിവി) ആണ്. മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എംപിവിയായിരിക്കും ഇത്. എര്‍ട്ടിഗ, XL6 തുടങ്ങിയ മോഡലുകളുമായി ഇതിനകം തന്നെ ഇന്ത്യയുടെ എംപിവി സെഗ്മെന്റില്‍ ആധിപത്യം പുലര്‍ത്തുന്നത് മാരുതി സുസുക്കിയാണ്.
വരാനിരിക്കുന്ന YMC ഇലക്ട്രിക് എംപിവി ഈ വിഭാഗത്തില്‍ മാരുതിയുടെ ആധിപത്യം കൂടുതല്‍ ഊട്ടിയുറപ്പിക്കും. ഒരു എംപിവി ആയതിനാല്‍ തന്നെ ഇതില്‍ 7 സീറ്റുകള്‍ പ്രതീക്ഷിക്കാം. അതിനാല്‍ ചെറിയ രണ്ട് കുടുംബങ്ങള്‍ക്കും വലിയ ഒരു കുടുംബത്തിനും വരെ ഈ കാറില്‍ സുഖമായി കയറാനാകും.
മാരുതി സുസുക്കി YMC ഇലക്ട്രിക് എംപിവി 60 kWh ബാറ്ററി പായ്ക്കില്‍ നിന്നായിരിക്കും പവര്‍ എടുക്കുക. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏകദേശം 550 കിലോമീറ്റര്‍ ദൂരം ഈ കാര്‍ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഈ കാര്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാകും. ന്യൂജെന്‍ കാര്‍ ആയതിനാല്‍ തന്നെ കാലം ആവശ്യപ്പെടുന്ന എല്ലാ നൂതന ഫീച്ചറുകളും ഇതില്‍ പ്രതീക്ഷിക്കാം. ഈ പുതിയ ഇലക്ട്രിക് എംപിവി 2026-ല്‍ പുറത്തിറങ്ങാനാണ് സാധ്യത.
ഏകദേശം 20 ലക്ഷം രൂപ മുതലായിരിക്കും വില ആരംഭിക്കുക. ഏഴ് പേര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ത്യയിലെ ഫാമിലി കാര്‍ വിഭാഗത്തില്‍ മാരുതി YMC വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചേക്കും. എന്നത്തയും പോലെ മാരുതി സുസുക്കിയുടെ തകര്‍പ്പന്‍ വില നിര്‍ണയം കൂടി ആയാല്‍ ഈ കാര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. ഈ ലേഖനത്തിന്റെ കൂടെ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ പ്രതീകാത്മകമാണെന്ന് ഓര്‍മിപ്പിക്കുന്നു.


Click it and Unblock the Notifications








