30+ കി.മീ മൈലേജ്, ഹൈബ്രിഡുമല്ല! മാരുതിയുടെ 'അത്ഭുത' കാര്‍ നാളെ ഇറങ്ങും
ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയതിന്റെ ക്ഷീണം എങ്ങനെ മറികടക്കുമെന്നതിന് മാരുതി സുസുക്കി കണ്ടെത്തിയ ഉപായമാണ് സിഎന്‍ജി കാറുകള്‍. 14 കാറുകള്‍ അണിനിരക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സിഎന്‍ജി പോര്‍ട്ട്‌ഫോളിയോയുള്ള ബ്രാന്‍ഡാണ് മാരുതി. ഇന്ത്യയിലെ സിഎന്‍ജി പാസഞ്ചര്‍ വാഹന വിഭാഗത്തിലെ ഏറ്റവും വലിയ വിപണി വിഹിതവും മാരുതി സുസുക്കിക്കാണുള്ളത്. മൊത്തം വില്‍പ്പനയുടെ 34 ശതമാനവും സിഎന്‍ജി മോഡലുകളാണെന്ന് നിര്‍മ്മാതാവ് വെളിപ്പെടുത്തിയിരുന്നു. 2024 ഓഗസ്റ്റില്‍ കമ്പനി 49,602 യൂണിറ്റ് സിഎന്‍ജി കാറുകള്‍ വിറ്റതായാണ് കണക്കുകള്‍. ഇപ്പോള്‍ ഉത്സവകാലം ലക്ഷ്യമിട്ട് മാരുതി പുതിയ തലമുറ സ്വിഫ്റ്റ് സിഎന്‍ജി നാളെ പുറത്തിറക്കാന്‍ പോകുകയാണ്. അതിന്റെ വിശേഷങ്ങള്‍ ചുവടെ വായിക്കാം.
ഇക്കഴിഞ്ഞ മെയ് മാസമാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതുവരെ ഹാച്ച്ബാക്ക് പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അരങ്ങേറ്റത്തിന് പിന്നാലെ മുന്‍ഗാമികളെ പോലെ തന്നെ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ന്യൂജെന്‍ സ്വിഫ്റ്റിനും സാധിച്ചു. സിഎന്‍ജി വേരിയന്റ് കൂടി വരുന്നതോടെ വില്‍പ്പന ഗണ്യമായി ഉയര്‍ത്താനകുമെന്ന പ്രതീക്ഷയിലാണ് മാരുതി.

സ്‌റ്റൈലിംഗ് അപ്‌ഡേറ്റുകള്‍ക്കും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും പുറമെ പുതിയ സ്വിഫ്റ്റില്‍ കൊണ്ടുവന്ന പ്രധാന മാറ്റമായിരുന്നു പുത്തന്‍ എഞ്ചിന്‍. 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ Z12E നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ സ്വിഫ്റ്റിന് കരുത്ത് പകരുന്നത്. പരമാവധി 80 bhp പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ത്തിരിക്കുന്നു.
സ്വിഫ്റ്റിന്റെ സിഎന്‍ജി വേരിയന്റിന് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ലഭിക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പത്തെ 1.2 ലിറ്റര്‍ കെ-സീരീസ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ എഞ്ചിന്‍ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. പുതിയ പെട്രോള്‍ സ്വിഫ്റ്റ് ലിറ്ററിന് ഏകദേശം 24.80 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഇതിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.75 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്.

പെട്രോള്‍ എഞ്ചിനെ അപേക്ഷിച്ച് സിഎന്‍ജി പവര്‍ട്രെയിനിന് പവറും ടോര്‍ക്കും കുറവാണെങ്കിലും മൈലേജ് കണക്കുകള്‍ വളരെ മികച്ചതായിരിക്കും. സ്വിഫ്റ്റ് സിഎന്‍ജിക്ക് കിലോഗ്രാമിന് 32 കിലോമീറ്റര്‍ വരെ മൈലേജ് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പുതിയ എഞ്ചിനില്‍ പുറത്തിറക്കുന്ന കമ്പനിയുടെ ആദ്യത്തെ സിഎന്‍ജി കാര്‍ ആയിരിക്കും സ്വിഫ്റ്റ്. ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് Z12E എഞ്ചിന്‍ കംപ്രസ്ഡ് നാചുറല്‍ ഗ്യാസിന് അനുയോജ്യമാക്കും. ഭാവിയില്‍ മറ്റ് മാരുതി മോഡലുകളിലും ഈ സജ്ജീകരണം അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, യുഎസ്ബി ടൈപ്പ്-എ & ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കാറില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാന ഫീച്ചറുകള്‍. 6 എയര്‍ബാഗുകള്‍, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍), ടിസിഎസ് (ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം), സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് സ്വിഫ്റ്റിന്റെ സേഫ്റ്റി ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

നിലവില്‍ 6.49 ലക്ഷം രൂപ മുതല്‍ 9.59 ലക്ഷം രൂപ വരെയാണ് 2024 സ്വിഫ്റ്റ് പെട്രോള്‍ പതിപ്പുകളുടെ എക്‌സ്‌ഷോറൂം വില. വരാനിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജിക്ക് അതിന്റെ പെട്രോള്‍ വേരിയന്റുകളേക്കാള്‍ ഏകദേശം 80,000-90,000 രൂപ കൂടുതലായിരിക്കും വില. ഉയര്‍ന്ന വേരിയന്റുകളില്‍ പുറത്തിറക്കാന്‍ സാധ്യതയുളളതിനാല്‍ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ഹ്യുണ്ടായി എക്സ്റ്റര്‍, ടാറ്റ പഞ്ച് തുടങ്ങിയ എതിരാളികളോട് ഫലപ്രദമായി മത്സരിക്കാന്‍ സ്വിഫ്റ്റിന് സാധിക്കും.
ടാറ്റ മോട്ടോര്‍സും ഹ്യുണ്ടായിയും അടുത്തിടെ തങ്ങളുടെ സിഎന്‍ജി കാറുകളില്‍ ബൂട്ട് സ്‌പേസ് കവരാത്ത രീതിയില്‍ ഇരട്ട സിലിണ്ടര്‍ സാങ്കേതികവിദ്യ നടപ്പാക്കിയിരുന്നു. പുത്തന്‍ സ്വിഫ്റ്റിലൂടെ മാരുതിയും ഈ പാത പിന്തുടരുമോ എന്ന കാര്യം കണ്ടറിയണം. ഏതായാലും തീപിടിച്ച ഇന്ധന വില വര്‍ധനവിന്റെ കാലത്ത് പ്രീമിയം ബൈക്കിന്റെ മൈലേജുള്ള കാര്‍ മികച്ച വില്‍പ്പന നേടുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








