40 കി.മീ മൈലേജുള്ള സ്വിഫ്റ്റ് വെറും കഥയല്ല! ടെസ്റ്റിംഗിനിടെ ക്യാമറയിൽ കുടുങ്ങി ഹൈബ്രിഡ് പതിപ്പ്
ഇന്ത്യൻ വാഹന വിപണിയിൽ വന്ന കാലം മുതൽ തന്നെ ഒരു നിറസാനിധ്യമാണ് മാരുതി സ്വിഫ്റ്റ്. കാലാനുസൃതമായ മാറ്റങ്ങളും അപ്പ്ഡേറ്റുകളുമായി നാലാം തലമുറ സ്വിഫ്റ്റ് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കി വിൽപ്പനയ്‌ക്ക് എത്തിച്ചത്, വാഹനത്തിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യതയും ലഭിക്കുന്നു. ഇപ്പോഴും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് ആണ് ഇത് എന്നത് ശ്രദ്ധേയമാണ്, എല്ലാ മാസവും പാസഞ്ചർ വാഹന വിൽപ്പന ചാർട്ടുകളിൽ ടോപ്പ് പൊസിഷനുകളിൽ നമുക്ക് സ്വിഫ്റ്റിനെ കാണാനാവുന്നതാണ്.
പുതിയ തലമുറ സ്വിഫ്റ്റിൽ നിർമ്മാതാക്കൾ അവതരിപ്പിച്ച മാറ്റങ്ങളിൽ വളരെ പ്രധാനപ്പെട്ടത് പുതിയ 1.2 ലിറ്റർ Z12E പെട്രോൾ എഞ്ചിൻ്റെ അരങ്ങേറ്റമാണ്. പുതിയ ത്രീ സിലിണ്ടർ പവർട്രെയിൻ മുമ്പ് ഉണ്ടായിരുന്ന ഫോർ സിലിണ്ടർ K -സീരീസ് എഞ്ചിന് പകരക്കാരനായി എത്തുന്നു. പുത്തൻ സ്വിഫ്റ്റിനൊപ്പം ഒരു സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവും കണ്ണഞ്ചിപ്പിക്കുന്ന മൈലേജും ലഭ്യമാവും എന്ന് കാലങ്ങളായി പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ ഐഡിൾ സ്റ്റാർട്ട്/ സ്റ്റോപ്പ് ടെക്നോളജി മാത്രം സ്റ്റാൻഡേർഡായി വാഹനം അവതരിപ്പിക്കുന്നു, എന്നാൽ ഒരു വലിയ ബാറ്ററി പാക്കിൻ്റെ അവതരണവും റേഞ്ച് എക്സ്റ്റെൻഡർ സിസ്റ്റവും ചേർന്നാൽ വാഹനത്തിന്റെ മൈലേജ് അല്ലെങ്കിൽ ഇന്ധനക്ഷമതയെ ലിറ്ററിന് 40 കിലോമീറ്ററിൽ അധികമായി വർധിപ്പിക്കാൻ കഴിയും എന്ന് പറയപ്പെടുന്നു.
2024 -ൽ എത്തിയ നാലാം തലമുറ മോഡൽ ഈ പറഞ്ഞ മൈലേജോടെ വരും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. വാഹനത്തിന്റെ ലോഞ്ചിന് മുന്നോടിയായി വമ്പൻ കോളിളക്കങ്ങളും ഇതിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. അവസാനം പറ്റിക്കപ്പെട്ടു എന്ന നിരാശയിലാണ് അന്ന് ആവേശമുണ്ടാക്കിയ പലരും, എന്നാൽ അവർക്ക് എല്ലാം സന്തോഷം നൽകുന്ന കുറ്റാകൂരിരുട്ടിൽ ഒരു തരി വെളിച്ചം എന്ന നിലയിൽ കോംപാക്ട് ഹാച്ച്‌ബാക്കിൻ്റെ ഒരു പുതിയ ടെസ്റ്റ് മോഡൽ പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിരിക്കുകയാണ്.

ആഗോള വിപണിയിൽ, സുസുക്കി സ്വിഫ്റ്റ് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.2 ലിറ്റർ പെട്രോൾ -ഹൈബ്രിഡ് യൂണിറ്റ് എന്നിങ്ങനെ രണ്ട് പവർട്രെയിൻ ചോയ്‌സുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഹാച്ചിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും CVT ഗിയർബോക്സും ഉൾപ്പെടുന്നു. കൂടാതെ, ഇന്റർനാഷ്ണൽ സ്പെക്ക് സ്വിഫ്റ്റ് FWD, 4WD കോൺഫിഗറേഷനുകളിൽ ലഭ്യവുമാണ്.
ബംഗളൂരുവിൽ ടെസ്റ്റ് റൺ നടത്തിയ മോഡൽ യാതൊരു മറയുമില്ലാതെയാണ് കാണപ്പെട്ടത്, ഇതിനു പിന്നിൽ ഒരു ഹൈബ്രിഡ് ബാഡ്ജും വ്യക്തമായി കാണാം. മൈൽഡ് -ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഗ്ലോബൽ സ്വിഫ്റ്റിലെ പവർട്രെയിൻ ഇന്ത്യ -സ്പെക് പതിപ്പിന് സമാനമായ പെർഫോമെൻസ് നൽകുന്നു. ഇവിടുത്തെ പ്രാദേശിക ഡ്രൈവിംഗ് സാഹചര്യങ്ങൾക്ക് ആവശ്യമായ ADAS കഴിവുകൾ പ്രോട്ടോടൈപ്പ് വിലയിരുത്തുന്നതായിട്ടാവും ഈ ടെസ്റ്റിംഗ് എന്ന് ഞങ്ങൾ സംശയിക്കുന്നു.

വരാനിരിക്കുന്ന e-വിറ്റാറയേയും ഡ്രൈവർ -അസിസ്റ്റീവ്, സേഫ്റ്റി ഫീച്ചേർസ് എന്നിവയുള്ള ADAS സ്യൂട്ടോടുകൂടിയാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഏറെ പ്രതീക്ഷയോടെ നാം എല്ലാം കാത്തിരിക്കുന്ന ഈ ഇവി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. 2025 മാർച്ചോടെ ഒരു മാർക്കറ്റ് ലോഞ്ചും അതിവേഗം ഇതിനെ പിന്തുടർന്ന് എത്തും, 2025 മധ്യത്തോടെ അന്താരാഷ്ട്ര തലത്തിൽ വാഹനം പുറത്തിറങ്ങി തുടങ്ങും.
ഈ മിഡ് സൈസ് എസ്‌യുവി, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, ഹോണ്ട എലിവേറ്റ് ഇവി, സിട്രൺ ബസാൾട്ട് ഇവി എന്നിവയ്‌ക്കെതിരെ വളരെ ശക്തമായ കോംപറ്റീഷൻ നടക്കുന്ന വിഭാഗത്തിലേക്ക് ചുവടു വെയ്ക്കും. അതോടൊപ്പം ഇത് അടുത്തിടെ വിപണിയിൽ എത്തിയ ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര XUV400, നവംബർ 26 -ന് ലോഞ്ച് ചെയ്യുന്ന മഹീന്ദ്രയുടെ BE സീരീസിൽ നിന്നുള്ള മോഡലുകളോടും കൊമ്പുകോർക്കും.


Click it and Unblock the Notifications








