ഹാപ്പി ബെർത്ത്ഡേ വാഗൺആർ! 32 ലക്ഷം യൂണിറ്റ് വിൽപ്പനയിൽ രണ്ടര പതിറ്റാണ്ടിന്റെ നിറവിൽ ഇന്ത്യയുടെ ജനപ്രിയ കാർ
വിപണിയിൽ എത്തിയ കാലം മുതൽ ജനഹൃദയങ്ങളിൽ തന്റെ സിംഹാസനമുറപ്പിച്ച മോഡലാണ് മാരുതി വാഗൺആർ. കഴിഞ്ഞ 25 വർഷമായി ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ തിളക്കം ഒട്ടും മങ്ങാതെ സ്ഥിരമായി ടോപ്പ് സെയിൽസ് ചാർട്ടുകളിൽ മാരുതി സുസുക്കിയുടെ പേര് ഉയർത്തിപ്പിടിക്കുവാനും വാഗൺആറിനു സാധിച്ചു. 1999 ഡിസംബറിൽ പുറത്തിറക്കിയ ഈ മോഡൽ ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിയതിന്റെ തെളിവാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകൾക്കിടയിൽ വിറ്റഴിച്ച 32 ലക്ഷം യൂണിറ്റുകൾ. മാരുതി ഈ വർഷം പിന്നിട്ട ഒറ്റ വർഷത്തിൽ 20 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കലിന് വാഗൺആർ കാര്യമായ സംഭാവനയും പിന്തുണയും നൽകിയിട്ടുണ്ട് എന്ന് നിസംശയം പറയാം.
താങ്ങാനാവുന്ന വില, സിമ്പിൾ & ഹമ്പിളായ ഡിസൈൻ,മൈലേജ് എന്നിവയാണ് വാഗൺആറിൻ്റെ ഇത്രയുമധികം നിലനിൽക്കുന്ന ജനപ്രീതിക്ക് കാരണം. ഇന്ത്യൻ വാഹന വിപണിയിൽ "ടോൾ ബോയ്" എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന വാഗൺആർ, അന്നും ഇന്നും ഇനി അങ്ങോട്ടും ജനങ്ങൾക്ക് പ്രിയപ്പെട്ടതായി തുടരും എന്ന കാര്യത്തിൽ സംശയമില്ല.

വാഗൺആറിൻ്റെ, "ടോൾ ബോയ്," എന്ന വിളിപ്പേര് അതിൻ്റെ വ്യത്യസ്തമായ ഉയരമുള്ള രൂപകൽപ്പനയിൽ നിന്നാണ് വന്നത്, ഒരു കാലത്ത് പതിഞ്ഞ റൂഫുമായി വന്നിരുന്ന കാറുകൾ രംഗം വാണ സമയത്ത് വിശാലമായ ഹെഡ്‌റൂം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇവൻ ക്ലിക്കായത്. ഈ സവിശേഷത, അത്യാവശ്യം ഉയരമുള്ള യാത്രക്കാർക്ക് സുഖകരമായ ഒന്നായി മാറി, ആറടിക്ക് മുകളിൽ ഉയരമുള്ളവർക്ക് പോലും ഇതിൽ കംഫർട്ടബിളായി യാത്ര ചെയ്യാൻ കഴിയും. കൂടാതെ പിൻസീറ്റിലുള്ള മൂന്ന് യാത്രക്കാർക്ക് ഇടുങ്ങിയതായി തോന്നാതെ സുഖപ്രദമായ ലെഗ് റൂമും ഈ കാർ വാഗ്ദാനം ചെയ്യുന്നു.
പെട്രോൾ, CNG വേരിയൻ്റുകളിൽ ലഭ്യമായ വാഗൺആറിന്റെ ഹൃദയം എന്നത് ഒരു 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ ചോയ്സ് കസ്റ്റമേഴ്സിന്റെ വൈവിധ്യമാർന്ന മുൻഗണനകൾ നിറവേറ്റുന്നു. പെട്രോൾ മാനുവൽ പതിപ്പ് ലിറ്ററിന് 24.35 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ പെട്രോൾ AGS ഓട്ടോമാറ്റിക് വേരിയൻറ് ലിറ്ററിന് 25.19 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. CNG ഓപ്ഷൻ ഒരു കിലോയ്ക്ക് 33.47 കിലോമീറ്റർ വരെ മൈലേജ് കൈവരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

മൈലേജ് മാത്രമല്ല സേഫ്റ്റിയ്ക്കും കാര്യമായ മുൻഗണനയുള്ള ഈ കാലയളവിൽ മാരുതി സുസുക്കിയും സുരക്ഷ മുൻഗണന നൽകുന്നു. വാഗൺാറിന് ABS + EBD, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ നൽകുന്നുണ്ട്. ഇതിൻ്റെ കരുത്തുറ്റ ഷാസിയും മെറ്റൽ ബോഡിയും യാത്രക്കാരുടെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നു.
ധാരാളം ഉപഭോക്താക്കളെ ആകർഷിക്കുന്ന വിശാലമായ ഒരു ക്യാബിനും വാഗൺആറിന് ഉണ്ട്. 341 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്ന ഇതിൻ്റെ ബൂട്ട് സ്പേസും ഒരു ശ്രദ്ധേയമായ ഫീച്ചറാണ്. ഈ വിശാലമായ സ്പെയ്സ് ലഗേജുകൾക്കോ കാര്യമായ ഷോപ്പിംഗിനോ വേണ്ടി അധികമയി ഇടം ആവശ്യമുള്ളവർക്കും വളരെ അനുയോജ്യമാക്കുന്നു.

വിപണിയിൽ നേരിടുന്ന കടുത്ത കോംപറ്റീഷനിൽ പുതുമ നിലനിർത്താൻ മാരുതി സുസുക്കി വാഗൺആറിനെ നവീകരിക്കുന്നത് ഇപ്പോഴും തുടരുകയാണ്. നിലവിലെ മോഡലിനേക്കാൾ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനുള്ള ആലോചനയിലാണ് മാരുതി. പുതിയ തലമുറ ഉപഭോക്താക്കൾക്ക് വാഗൺആറിനെ ആകർഷകവും വിശ്വാസിയവുമായി നിലനിർത്താനാണ് ഈ തന്ത്രത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
കാറിൻ്റെ 5.54 ലക്ഷം രൂപ എന്ന ബജറ്റ് ഫ്രണ്ട്‌ലി വില വൈവിധ്യമാർന്ന ഉപഭോക്താക്കൾക്ക് ഇത് വളരെ ആക്‌സസിബിളാക്കുന്നു. ഈ താങ്ങാനാവുന്ന വിലയും വാഹനത്തിൻ്റെ പ്രായോഗിക സവിശേഷതകളും ചേർന്ന്, ഇന്ത്യൻ കാർ ഉപഭോക്താക്കൾക്കിടയിൽ വാഗൺആർ ഒരു ജനപ്രിയ ചോയിസ് ആയി തുടരുന്നു എന്ന് ഉറപ്പാക്കുന്നു.


Click it and Unblock the Notifications








