എക്കാലത്തെയും കരുത്തുറ്റ S-ക്ലാസുമായി മെര്‍സിഡീസ്! സെലിബ്രിറ്റികള്‍ ഇനി 'ഹൈബ്രിഡ്' ആകും
എക്കാലവും ആഡംബരത്തിന്റെ ഐക്കണ്‍ ആയിരുന്നു മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്. ആഡംബരത്തിനൊപ്പം പെര്‍ഫോമന്‍സ് കൂടി ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിനായി മെര്‍സിഡീസ് പുതിയ AMG S 63 E പെര്‍ഫോമന്‍സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. S ക്ലാസ് ശ്രേണിയുടെ മുന്‍നിര പതിപ്പായി 3.30 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.
പുതിയ AMG S 63 ഇതുവരെ S-ക്ലാസിന്റെ ഏറ്റവും ശക്തമായ ആവര്‍ത്തനമാണിത്. വമ്പന്‍ വിലയുമായി പൊരുത്തപ്പെടുന്ന സ്‌റ്റൈലിംഗ് ട്വീക്കുകള്‍, ക്യാബിന്‍ അപ്‌ഗ്രേഡുകള്‍, സാങ്കേതികവിദ്യകള്‍ എന്നിവ നിറച്ചാണ് ആഡംബര കാര്‍ വരുന്നത്. GT63 SE പെര്‍ഫോമന്‍സിന് ശേഷം ഇന്ത്യയിലെ മെര്‍സിഡീസിന്റെ രണ്ടാമത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കൂടിയാണിത്. 3.80 കോടി രൂപ വിലയുള്ള S63 E-പെര്‍ഫോമന്‍സ് എഡിഷന്‍ 1 വേരിയന്റും മെര്‍സിഡീസ് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ വളരെ കുറച്ച് യൂണിറ്റുകള്‍ക്ക് മാത്രമേ വില്‍പ്പനക്കെത്തൂ.

ഇതൊരു AMG ആയതിനാല്‍ സ്റ്റാന്‍ഡേര്‍ഡ് S-ക്ലാസില്‍ നിന്ന് വേറിട്ടുനില്‍ക്കാനായി ഒരുപിടി സ്‌പോര്‍ട്ടിയര്‍ ഡിസൈന്‍ ടച്ചുകള്‍ ലഭിക്കുന്നുണ്ട്. വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുള്ള പനമേരിക്കാന ഗ്രില്‍, ഒരു സ്‌പോര്‍ട്ടിയര്‍ ബമ്പര്‍ എന്നവി ഇതിന്റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നു. ഡാര്‍ക്ക് ക്രോം അല്ലെങ്കില്‍ ഗ്ലോസ് ബ്ലാക്ക് ഹൈലൈറ്റുകള്‍ നല്‍കുന്ന നൈറ്റ് എക്സ്റ്റീരിയര്‍ പാക്കേജും ഫ്രണ്ട് ബമ്പര്‍, വിംഗ് മിററുകള്‍, സൈഡ് സില്‍സ്, റിയര്‍ ഡിഫ്യൂസര്‍ എന്നിവയില്‍ കാര്‍ബണ്‍ ഫൈബര്‍ ട്രിമ്മുകള്‍ ചേര്‍ക്കുന്ന കാര്‍ബണ്‍-ഫൈബര്‍ പാക്കേജും ഉണ്ട്.
S 63-യില്‍ 20-ഇഞ്ച്, 10-സ്‌പോക്ക് അലോയ്കള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. അതേ സമയം 21 ഇഞ്ച് വീലുകള്‍ ഓപ്ഷണലായി ലഭ്യമാണ്. അകത്തളത്തിലേക്ക് നീങ്ങിയാല്‍ മൊത്തത്തിലുള്ള ഡാഷ്ബോര്‍ഡ് ലേഔട്ട് സ്റ്റാന്‍ഡേര്‍ഡ് S-ക്ലാസിന് സമാനമാണ്. എന്നാല്‍ AMG-നിര്‍ദ്ദിഷ്ട നവീകരണങ്ങളോടെയാണ് വരവ്. കാറിന് പുതിയ ഫോര്‍-സ്‌പോക്ക് AMG സ്റ്റിയറിംഗ് വീലും AMG-സ്‌പെക് പെഡലുകളും ലഭിക്കും. ഏറ്റവും പുതിയ MBUX സോഫ്റ്റ്വെയറാണ് ഏറ്റവും വലിയ അപ്ഡേറ്റ്.

ഇതിന് ഇപ്പോള്‍ AMG, ഹൈബ്രിഡ് സ്‌പെസിഫിക് ഡിസ്പ്ലേകളും എക്സ്‌ക്ലൂസീവ് 'സൂപ്പര്‍ സ്പോര്‍ട്ട്' തീം ഉള്‍പ്പെടെയുള്ള ഫംഗ്ഷനുകളും ലഭിക്കുന്നു. സാധാരണ S-ക്ലാസ് പോലെ വാട്ടര്‍ഫാള്‍ എഫക്‌ടോടെയുള്ള 12.8-ഇഞ്ച് OLED ടച്ച്സ്‌ക്രീന്‍ ഡാഷ്ബോര്‍ഡില്‍ പ്രധാന സ്ഥാനം പിടിക്കുന്നു. 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബര്‍മെസ്റ്റര്‍ 3D സറൗണ്ട് സൗണ്ട് സിസ്റ്റം, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ലെവല്‍ 2 ADAS സ്യൂട്ട് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍.
എക്സിക്യുട്ടീവ് ലോഞ്ച് സീറ്റുകള്‍, റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ്, 3D ഗ്രാഫിക്സോടുകൂടിയ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്പ്ലേ, ഫോള്‍ഡ്-ഡൗണ്‍ സെന്‍ട്രല്‍ ആംറെസ്റ്റിലെ നീക്കം ചെയ്യാവുന്ന ടാബ്ലെറ്റ്, പിന്നില്‍ ഫോള്‍ഡിംഗ് ടേബിളുകള്‍ എന്നിവ ഓപ്ഷണല്‍ എക്‌സ്ട്രാകളില്‍ ഉള്‍പ്പെടുന്നു. നാപ്പ ലെതര്‍ ഇന്റീരിയര്‍ അപ്ഹോള്‍സ്റ്ററി ഓപ്ഷനുകളോ അല്ലെങ്കില്‍ വുഡ്, കാര്‍ബണ്‍ ഫൈബര്‍ ഫിനിഷില്‍ ഡാഷ്‌ബോര്‍ഡ് പൂര്‍ത്തിയാക്കാം.

മെര്‍സിഡീസ് AMG S63-യുടെ ഏറ്റവും വലിയ അപ്‌ഡേറ്റ് അതിന്റെ പവര്‍ട്രെയിന്‍ തന്നെയാണ്. ഇതിന്റെ പേരിലുള്ള E പെര്‍ഫോമന്‍സ് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഇതൊരു ഹൈബ്രിഡ് ആണെന്നാണ്. എന്നാല്‍ ഇവിടെ ഹൈബ്രിഡ് സജ്ജീകരണം ഇന്ധനക്ഷമതയേക്കാള്‍ പരമാവധി പെര്‍ഫോമന്‍സിനായി ട്യൂണ്‍ ചെയ്തിരിക്കുന്നു. 13.1 kWh ബാറ്ററിയും റിയര്‍ ആക്സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് S 63-ക്ക് കരുത്ത് പകരുന്നത്.
മൊത്തം സിസ്റ്റം ഔട്ട്പുട്ട് 802 bhp പവറും 1,430 Nm ടോര്‍ക്കുമായി റേറ്റുചെയ്തിരിക്കുന്നതിനാല്‍ തന്നെ ഏറ്റവും ശക്തമായ S-ക്ലാസായി ഇത് മാറുന്നു. ബ്രാന്‍ഡിന്റെ ഫോര്‍മുല 1 ഡിവിഷനില്‍ നിന്നാണ് ബാറ്ററി സാങ്കേതികവിദ്യ ഉരുത്തിരിഞ്ഞതെന്ന് മെഴ്സിഡസ് പറയുന്നു. എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. കൂടാതെ 4Maticസിസ്റ്റം വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു.
നിശ്ചലാവസ്ഥയില്‍ നിന്ന് ലോഞ്ച് ഒപ്റ്റിമൈസ് ചെയ്യുന്ന ഒരു പ്രത്യേക 'റേസ് സ്റ്റാര്‍ട്ട്' ഫംഗ്ഷന്‍ ഗിയര്‍ബോക്സിന്റെ സവിശേഷതയാണ്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ മെര്‍സിഡീസ് MG S63 വെറും 3.3 സെക്കന്‍ഡ് സമയം കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.
ഒരു ഓള്‍-ഇലക്ട്രിക് മോഡ് ഉള്‍പ്പെടെ ഇതിന് 8 ഡ്രൈവ് മോഡുകള്‍ ലഭിക്കുന്നു. ഇലക്ട്രിക് മോഡില്‍ 125 kph സ്പീഡ് ലിമിറ്റര്‍ ഉപയോഗിച്ച് 33 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് പറയപ്പെടുന്നു. മെര്‍സിഡീസ് S 63-ക്ക് 3-ഡിഗ്രി വരെ സ്റ്റിയറിംഗ് ആംഗിള്‍, എയര്‍ സസ്പെന്‍ഷന്‍, റൈഡിനും ഹാന്‍ഡ്ലിങ്ങിനും സഹായകമായ ആക്റ്റീവ് റോള്‍ ബാറുകള്‍ എന്നിവയുള്ള റിയര്‍-ആക്സില്‍ സ്റ്റിയറിംഗ് ഉണ്ട്. ഓപ്ഷണല്‍ എക്‌സ്ട്രാകളായി കാര്‍ബണ്‍ സെറാമിക് ബ്രേക്കുകള്‍ പോലും ലഭിക്കും.
രാജ്യത്ത് മെര്‍സിഡീസ് S 63 AMG-ക്ക് നേരിട്ടുള്ള എതിരാളികളില്ല. ബിഎംഡബ്ല്യു 7 സീരീസ്, ഔഡി A8 L എന്നിവയ്ക്ക് ഒരു സ്പോര്‍ടി ബദലായി ഇതിനെ കണക്കാക്കാം. പെര്‍ഫോമന്‍സ് എടുക്കുമ്പോള്‍ ഔഡി RS7 സ്പോര്‍ട്ബാക്ക്, പോര്‍ഷ പനമേര, മെര്‍സിഡീസ് AMG GT 63 S E പെര്‍ഫോമന്‍സ് എന്നിവയുമായി കട്ടയ്ക്ക് നില്‍ക്കും.


Click it and Unblock the Notifications








