ലക്ഷ്യം 'പണച്ചാക്കുകള്‍' തന്നെ! സേഫ്റ്റിയും സുഖസൗകര്യങ്ങളും കൂട്ടി ബെന്‍സിന്റെ ജനപ്രിയ മോഡലുകള്‍ വിപണിയില്‍
ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സിന്റെ ജനപ്രിയ മോഡലുകളാണ് GLC എസ്‌യുവിയും C-ക്ലാസ് സെഡാനും. പുത്തന്‍ പവര്‍ട്രെയിനും ഫീച്ചറുകളും ചേര്‍ത്ത് GLC എസ്‌യുവിയുടെയും C-ക്ലാസ് സെഡാന്റെയും 2024 മോഡലുകള്‍ തിങ്കളാഴ്ച കമ്പനി വിപണിയില്‍ എത്തിച്ചു. സുഖസൗകര്യങ്ങളിലും സേഫ്റ്റിയിലും ശ്രദ്ധയൂന്നിക്കൊണ്ടാണ് രണ്ട് മോഡലുകളും പുറത്തിറക്കിയിരിക്കുന്നത്. C-ക്ലാസ് ആഡംബര സെഡാന്‍ C 200 പെട്രോള്‍, C 220d ഡീസല്‍, C 300 AMG ലൈന്‍ പെട്രോള്‍ എന്നിവയില്‍ ലഭ്യമാണ്. മറുവശത്ത് GLC 300 4MATIC, 220d 4MATIC പതിപ്പുകളില്‍ വരുന്നു. രണ്ട് മോഡലുകളുടെയും വിലയും വരുത്തിയിരിക്കുന്ന മാറ്റങ്ങളും ചുവടെ വിശദമായി വായിക്കാം.
ആദ്യം നമുക്ക് GLC എസ്‌യുവിയുടെ വിലകള്‍ പരിശോധിക്കാം. പുതിയ GLC 300 4MATIC 75.90 ലക്ഷം രൂപ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. GLC 220d 4MATIC സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 76.90 ലക്ഷം രൂപ മുടക്കാന്‍ തയാറാകണം. C-ക്ലാസ് മോഡലുകളിലേക്ക് വന്നാല്‍ C 200-ന് 61.85 ലക്ഷം രൂപയും C 220d-ന് 62.85 ലക്ഷം രൂപയുമാണ് വില. അതേസമയം C 300 AMG ലൈനിന് 69 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആഡംബര എസ്‌യുവികളില്‍ ഒന്നാണ് മെര്‍സിഡീസ് GLC. 2016-ലാണ് ഈ കാര്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതിന് ശേഷം ഇതുവരെ മെര്‍സിഡീസ് GLC എസ്‌യുവിയുടെ ഏകദേശം 14,000 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. അപ്‌ഡേറ്റഡ് മെര്‍സിഡീസ് GLC-ക്ക് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. കൂളിംഗ്, ഹീറ്റിംഗ് ഫംഗ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഈ സീറ്റുകള്‍ മൂന്ന് സ്‌റ്റെപ്പുകളായി സജ്ജീകരിക്കാനും ഡോര്‍ പാനലിലെ ബട്ടണുകള്‍ വഴി നിയന്ത്രിക്കാനും കഴിയും.
കൂടാതെ, GLC-ക്ക് രണ്ടാം നിരയില്‍ സൈഡ് എയര്‍ബാഗുകള്‍ ലഭിക്കുന്നു. കാറിലെ മൊത്തം എയര്‍ബാഗുകളുടെ എണ്ണം ഒമ്പതായി മാറിയത് ലക്ഷ്വറി എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കിടയിലെ പ്രിയപ്പെട്ട മോഡലുകളില്‍ ഒന്നാക്കി ഇതിനെ മാറ്റുന്നു. 2024 മെര്‍സിഡീസ്-ബെന്‍സ് GLC എസ്‌യുവിയിലെ 2.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നത് തുടരുന്നു.

2024 മെര്‍സിഡീസ് C-ക്ലാസിലേക്ക് വന്നാല്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു 3 സീരീസ്, ഔഡി A4 എന്നിവയുമായാണ് മത്സരിക്കുന്നത്. AMG ലൈന്‍ സ്‌റ്റൈലിംഗ്, 'നൈറ്റ് പാക്കേജ്', ഡിജിറ്റല്‍ ലൈറ്റുകള്‍, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളുന്ന C 300 AMG ലൈന്‍ ഉപയോഗിച്ച് C 300d മാറ്റിസ്ഥാപിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.
ഇതോടെ കാര്‍ C-ക്ലാസ് ലൈനപ്പിലെ പുതിയ റേഞ്ച് ടോപ്പിംഗ് മോഡലായി മാറി. ലക്ഷ്വറി സെഡാന്‍ സെഗ്‌മെന്റില്‍ ഡീസലിനേക്കാള്‍ പെട്രോള്‍ മോഡലുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്ന സാഹചര്യത്തിലാണ് വേരിയന്റുകള്‍ മാറ്റിസ്ഥാപിച്ചത്. ലക്ഷ്വറി സെഡാന്‍ വിഭാഗത്തില്‍ 70 ശതമാനം വില്‍പ്പനയും പെട്രോള്‍ വേരിയന്റുകള്‍ക്കാണെന്നാണ് കമ്പനി അധികൃതര്‍ തന്നെ വ്യക്താമാക്കുന്നത്.

258 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് മെര്‍സിഡീസ് C300-ന് തുടിപ്പേകുന്നത്. എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറന് വെറും ആറ് സെക്കന്‍ഡ് സമയം മതി. മണിക്കൂറില്‍ 250 ആണ് ഉയര്‍ന്ന വേഗത.
C 200, C 220d എന്നിവ ഇപ്പോള്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ടുകള്‍, ഡിജിറ്റല്‍ കീ ഹാന്‍ഡ്ഓവര്‍, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ മോഡലുകള്‍ക്ക് ഒരു പുതിയ സോഡലൈറ്റ് ബ്ലൂ എക്സ്റ്റീരിയര്‍ ഷേഡും ലഭ്യമാണ്. പുത്തന്‍ അപ്ഡേറ്റുകള്‍ വഴി ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് ഉയര്‍ത്തുന്നതിനും ഇന്ത്യയിലെ ആഡംബര കാര്‍ വിഭാഗത്തില്‍ ശക്തമായ വിപണി സാന്നിധ്യം നിലനിര്‍ത്തുന്നതിനുമാണ് മെര്‍സിഡീസ് ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








