ഇന്ത്യയില്‍ സമ്പന്നര്‍ കുമിഞ്ഞ് കൂടുന്നു! 2023-ല്‍ വിറ്റ ബെന്‍സ് കാറുകളുടെ എണ്ണമത് പറയും
ആഡംബര വാഹന നിര്‍മാതാക്കള്‍ വില്‍പ്പനയില്‍ ബമ്പറടിച്ച വര്‍ഷമാണ് കടന്ന് പോയത്. ഇന്ത്യക്കാരുടെ ജനപ്രിയ ലക്ഷ്വറി കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സും റെക്കോഡ് വില്‍പ്പന നേടിയ വര്‍ഷമാണ് 2023. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം 17,408 കാറുകള്‍ വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വളര്‍ച്ച നേടി. ജര്‍മന്‍ ബ്രാന്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
പുതുവര്‍ഷം പിറന്നതോടെ വാഹന നിര്‍മാതാക്കളെല്ലാം 2023 ഡിസംബര്‍ മാസത്തെ വില്‍പ്പനക്കൊപ്പം കലണ്ടര്‍ വര്‍ഷത്തിലെ മൊത്തം വില്‍പ്പന റിപ്പോര്‍ട്ടും പുറത്തുവിട്ട് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് 2023-ല്‍ തങ്ങള്‍ അഭൂതപൂര്‍വമായ വില്‍പ്പന കൈവരിച്ചതായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റ വര്‍ഷമാണ് 2023.

പ്രധാനമായും 2023 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും അവസാന പാദത്തിലുമായിരുന്നു വമ്പന്‍ കുതിപ്പ്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മൂന്നിരട്ടി വര്‍ധിച്ചതായും കമ്പനി അറിയിച്ചു. മൊത്തം വില്‍പ്പനയുടെ നാല് ശതമാനം ഇപ്പോള്‍ ബാറ്ററി ഇവികളാണ് സംഭാവന ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി മൊത്തം 17,408 വാഹനങ്ങളാണ് വിറ്റത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തു ശതമാനമാണ് വളര്‍ച്ച.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ വില്‍പ്പന പരിശോധിക്കുമ്പോള്‍ സ്ഥിരമായ വളര്‍ച്ചയാണ് മെര്‍സിഡീസ് സ്വന്തമാക്കിപ്പോരുന്നത്. 2010-ല്‍ 5819 കാറുകള്‍ മാത്രം വിറ്റ കമ്പനി ഇപ്പോള്‍ ഒരു കലണ്ടര്‍ വര്‍ഷം 17000 യൂണിറ്റ് വില്‍ക്കുന്ന തലത്തിലേക്ക് വളര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മൊത്തം 1,63,115 വാഹനങ്ങള്‍ വിറ്റഴിച്ച് വന്‍ റെക്കോര്‍ഡാണ് കമ്പനി സ്ഥാപിച്ചത്.

കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നേടിയ വര്‍ഷം 2015 ആണ്. 13502 യൂണിറ്റ് വിറ്റ ആ വര്‍ഷം 32.36 ശതമാനമാണ് വളര്‍ച്ച. സമീപകാലത്തായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന മികച്ച മോഡലുകളാണ് വില്‍പ്പന ഉയര്‍ത്താന്‍ സഹായിച്ചത്. മാത്രമല്ല രാജ്യത്ത് സമീപകാലത്തായി ലക്ഷ്വറി കാറുകളുടെ വില്‍പ്പന ഉയരുകയാണ്. കാറുകള്‍ സ്റ്റാറ്റസ് സിംബലായി മാറിയ ഇക്കാലത്ത് സമ്പന്നരും സെലിബ്രിറ്റികളും മാത്രമല്ല യംഗ് പ്രഫഷനലുകള്‍ വരെ ആഡംബര കാറുകള്‍ക്ക് പിന്നാലെയാണ്.
ഇക്കാര്യം ലക്ഷ്വറി കാര്‍ ബ്രാന്‍ഡുകളുടെ തലവന്‍മാര്‍ തന്നെ വ്യക്തമാക്കിയതാണ്. 2024 വര്‍ഷത്തെയും കമ്പനി വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. വരും വര്‍ഷങ്ങളില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി രാജ്യത്ത് അധികമായി 200 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ പോകുകയാണ് മെര്‍സിഡീസ് ബെന്‍സ്. നിലവിലുള്ള നിര്‍മ്മാണ പ്ലാന്റ് വിപുലീകരിക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും ഉല്‍പ്പാദന പ്രക്രിയ കൂടുതല്‍ നവീകരിക്കാനും പുതിയ നിക്ഷേപം ഉപകരിക്കും.

ഇതോടൊപ്പം തന്നെ രാജ്യത്തെ ബ്രാന്‍ഡിന്റെ റീട്ടെയില്‍ ശൃംഖല വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 20 പുതിയ സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കാനും പുതിയ 10 നഗരങ്ങളില്‍ ഷോറൂമുകള്‍ തുറക്കാനുമാണ് പ്ലാന്‍. ഇവയുടെ കൂടെ 25 ഷോറൂമുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷത്തോടെ മെര്‍സിഡീസ് ബെന്‍സില്‍ മറ്റൊരു സുപ്രധാന മാറ്റവും വരാന്‍ പോകുകയാണ്.
കമ്പനിയുടെ പുതിയ നയപ്രകാരം ഓരോ രണ്ടാമത്തെ നിയമനവും വനിതകള്‍ക്കായി നീക്കിവെക്കും. വൈവിധ്യമാര്‍ന്നതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു തൊഴിലിടം സൃഷ്ടിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഒരുപിടി ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകും.

ഈ വര്‍ഷം മൊത്തം 12-ലധികം പുതിയ കാറുകള്‍ ഇന്ത്യന്‍ തീരത്തെത്തിക്കാനാണ് മെര്‍സിഡീസിന്റെ പ്ലാന്‍. ഇലക്ട്രിക് വാഹനങ്ങളും ടോപ-എന്‍ഡ് മോഡലുകളും അടങ്ങുന്നതാണ് ബെന്‍സിന്റെ വരാന്‍ പോകുന്ന മോഡലുകളുടെ നിര. ആഡംബര കാര്‍ എന്നാല്‍ വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ക്ക് ബെന്‍സാണ്. വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പന നേടുന്ന ആഡംബര കാര്‍ കമ്പനികളിലൊന്നാണ് മെര്‍സിഡീസ് ബെന്‍സ്.
വര്‍ഷങ്ങള്‍ കൊണ്ട് കമ്പനി നേടിയെടുത്ത പേരും പ്രശസ്തിയും കാരണം വില്‍പ്പന എന്നും മുകളിലേക്ക് കുതിക്കുന്നു. ഭാവിയുടെ ഇന്ധനമായ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ റേഞ്ചുള്ള ഇവികള്‍ കൂടി കൊണ്ടുവന്ന് മെര്‍സിഡീസ് നയം വ്യക്തമാക്കിയിരുന്നു. ഏതാനും വര്‍ഷം മുന്നോട്ട് ചിന്തിക്കുന്ന അവര്‍ വരും വര്‍ഷങ്ങളിലും വില്‍പ്പനയില്‍ മികച്ച നേട്ടം തുടരുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








