മാസശമ്പളക്കാര്‍ക്ക് വരെ ലക്ഷ്വറി കാര്‍ മുതലാളിയാകാം! ബെന്‍സിന്റെ പുത്തൻ 'അടവുകൾ'
വാഹന പ്രേമിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരിക്കും ഒരു ആഡംബര കാര്‍ സ്വന്തമാക്കുകയെന്നത്. എന്നാല്‍ ലക്ഷ്വറി കാറുകളുടെ വില കാരണം പലരും ആഗ്രഹം മാറ്റിവെക്കുന്നു. ചിലരാണെങ്കില്‍ യൂസ്ഡ് ലക്ഷ്വറി കാറുകള്‍ വാങ്ങി സംതൃപ്തിയടയുന്നു. എന്നാല്‍ ഇന്ത്യയിലെ മുന്‍നിര ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ പുതിയ 'വിഷ്‌ബോക്‌സ്' ക്യാമ്പയിനിലൂടെ ആഡംബര കാറുകള്‍ വാങ്ങുന്ന പ്രക്രിയ വളരെ ലളിതമാക്കി മാറ്റിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി വിവിധ സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു മെര്‍സിഡീസ് ബെന്‍സ് സ്വന്തമാക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കുകയാണ് ഈ സംരംഭം വഴി ജര്‍മന്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കളുടെ വിവിധ സാമ്പത്തിക മുന്‍ഗണനകള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത പ്ലാനുകള്‍ വഴി ആഡംബര കാറുകള്‍ കൂടുതല്‍ പ്രാപ്യമാക്കുകയാണ് മെര്‍സിഡീസ്. 'സ്റ്റെപ്പ്-അപ്പ് ഇഎംഐ', 'ഉയര്‍ന്ന ആനുവല്‍ പേഔട്ടിനൊപ്പം കുറഞ്ഞ ഇഎംഐ', 'ഇഎംഐ ഹോളിഡേ' തുടങ്ങിയ ഓപ്ഷനുകളാണ് വിഷ്ബോക്സ് ക്യാമ്പയിനില്‍ ഉള്‍പ്പെടുന്നു. ഇനി ഈ പ്ലാനുകള്‍ ഓരോന്നായി നമുക്ക് നോക്കാം. ആദ്യം തന്നെ സ്റ്റെപ്പ് അപ്പ് ഇഎംഐ എടുക്കാം.

കുറഞ്ഞ പ്രതിമാസ തിരിച്ചടവ് താല്‍പ്പര്യപ്പെടുന്നവര്‍ക്ക് സ്റ്റെപ്പ്-അപ്പ് ഇഎംഐ അനുയോജ്യമാണ്. ഈ ഓപ്ഷന്‍ ഓരോ വര്‍ഷവും ഇഎംഐ ക്രമേണ വര്‍ധിപ്പിക്കുകയും ഒരു വലിയ അന്തിമ പേയ്‌മെന്റില്‍ അവസാനിക്കുകയും ചെയ്യുന്നു. ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകള്‍ക്കോ അവരുടെ വാഹനം അപ്‌ഗ്രേഡ് ചെയ്യാനോ വില്‍ക്കാനോ പദ്ധതിയിടുന്ന വ്യക്തികള്‍ക്കോ അനുയോജ്യമായ പ്ലാന്‍ ആണിത്. 39,000 രൂപ മുതലാണ് മാസതവണ ആരംഭിക്കുന്നത്.
പ്രതിമാസ ഇഎംഐകള്‍ കുറവായി നിലനിര്‍ത്തിക്കൊണ്ട് ഒരു വലിയ വാര്‍ഷിക പേയ്‌മെന്റ് നടത്താന്‍ താല്‍പ്പര്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ഈസി ആനുവല്‍ ബെനിഫിറ്റ് പ്ലാന്‍ അനുയോജ്യമാണ്. വാര്‍ഷിക ബോണസുകളോ സമാനമായ രീതിയില്‍ വലിയ ഫണ്ടുകളോ ലഭിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് ഇത് പ്രയോജനകരമാണ്. ഈ പ്ലാനിന് കീഴിലുള്ള പ്രതിമാസ ഇഎംഐകള്‍ 60,000 രൂപ മുതല്‍ ആരംഭിക്കുന്നു.

കാര്‍ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രാരംഭ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി, വിഷ്‌ബോക്‌സ് ആദ്യത്തെ മൂന്ന് മാസത്തേക്ക് ഒരു 'ഇഎംഐ ഹോളിഡേ' വാഗ്ദാനം ചെയ്യുന്നു. ഇതുവഴി പ്രാരംഭ സാമ്പത്തിക ഭാരം ലഘൂകരിക്കാനും മറ്റ് ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. നാലാം മാസം മുതല്‍ 57,000 രൂപയില്‍ ഇഎംഐ ആരംഭിക്കും.
വിഷ്‌ബോക്‌സിന് പുറമേ മര്‍സിഡീസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്റ്റാര്‍ അജിലിറ്റി പ്ലസ് വാഗ്ദാനം ചെയ്യുന്നു. സര്‍വീസ് പാക്കേജുകള്‍, ബൈബാക്ക്, വിപുലീകൃത വാറണ്ടി, 40 ശതമാനം കുറഞ്ഞ പ്രതിമാസ പേയ്‌മെന്റുകള്‍ എന്നിവ സമഗ്രമായ ഓണര്‍ഷിപ്പ് പാക്കേജാണ് സ്റ്റാര്‍ അജിലിറ്റി പ്ലസ്. മെര്‍സിഡീസ് ബെന്‍സുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ EQB, EQA എന്നീ മോഡലുകള്‍ പുറത്തിറക്കി കമ്പനി തങ്ങളുടെ ഇവി പോര്‍ട്ഫോളിയോ വിപുലീകരിച്ചിരുന്നു.

ഓഗസ്റ്റില്‍ രണ്ട് പുതിയ കാറുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. GLC എസ്‌യുവിയുടെ AMG പതിപ്പും CLE കാബ്രിയോലറ്റും ഓഗസ്റ്റ് ഏഴിന് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. മുന്‍തലമുറ മോഡല്‍ നിര്‍ത്തലാക്കിയതിന് ശേഷം GLC എസ്‌യുവിയുടെ AMG കൂപ്പെ പതിപ്പ് തിരിച്ചുവരവിനായി വാഹനപ്രേമികള്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്.
GLC 43 കൂപ്പെ കഴിഞ്ഞ വര്‍ഷമാണ് ആഗോള വിപണിയില്‍ എത്തിയത്. ഇത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമോ എന്ന കാര്യം തീര്‍ച്ചയില്ല. മെര്‍സിഡീസ് ബെന്‍സിന്റെ ഇന്ത്യയിലെ മൂന്നാമത്തെ കണ്‍വേര്‍ട്ടിബിള്‍ മോഡലായിരിക്കും വരാനിരിക്കുന്ന CLE കാബ്രിയോലെറ്റ് മാറും. C-ക്ലാസിനും E-ക്ലാസ് മോഡലുകള്‍ക്കും ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് ഈ പുത്തന്‍ മോഡലും പണികഴിപ്പിച്ചിരിക്കുന്നത്.
ഏതായാലും ഇന്ന് ഒരു ബെന്‍സ് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് മുമ്പിലേക്ക് ഒത്തിരി മോഡലുകളാണ് ബെന്‍സ് മുന്നോട്ട് വെക്കുന്നത്. വിഷ് ബോക്സ് ക്യാമ്പയിന്‍ പോലുള്ള ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ കൂടി ലഭ്യമായയേതാടെ യംഗ് പ്രഫഷനലുകള്‍ അടക്കം രാജ്യത്ത് ഒട്ടേറെ പേര്‍ പുതുതായി ബെന്‍സ് കാറുകള്‍ സ്വന്തമാക്കാന്‍ താല്‍പര്യപ്പെട്ട് മുന്നോട്ട് വന്നേക്കും.


Click it and Unblock the Notifications








