മമ്മൂക്ക കണ്ടാല്‍ ഒരെണ്ണം വാങ്ങിയേക്കും! ലോകത്തിലെ ആദ്യ ഇലക്ട്രിക് മെയ്ബാക്ക് നാളെ ഇന്ത്യയില്‍
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രചാരമേറി വരികയാണ്. മാസ് മാര്‍ക്കറ്റ് സെഗ്‌മെന്റില്‍ മാത്രമല്ല ലക്ഷ്വറി കാര്‍ വിഭാഗത്തിലും കൂടുതല്‍ മോഡലുകള്‍ അരങ്ങേറ്റം കുറിക്കുകയാണ്. ജര്‍മന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. മെര്‍സിഡീസ് ബെന്‍സിന്റെ പോര്‍ട്ട്ഫോളിയോയില്‍ നിലവില്‍ അഞ്ച് ഇവികള്‍ ഉണ്ട്. വരും ദിവസങ്ങളില്‍ പോര്‍ട്‌ഫോളിയോ വിപുലീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയതുമാണ്. ഇപ്പോള്‍ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് മെയ്ബാക്ക് പുറത്തിറക്കാന്‍ പോകുകയാണ് ജര്‍മന്‍ ബ്രാന്‍ഡ്. മെര്‍സിസിഡീസ് മെയ്ബാക്ക് EQS ആഡംബര ഇലക്ട്രിക് എസ്‌യുവി കമ്പനി നാളെ ഇന്ത്യക്ക് പരിചയപ്പെടുത്തും.
വിപണിയില്‍ എത്തുന്നതോടെ മെര്‍സിഡീസ് മെയ്ബാക്ക് EQS ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഇവിയായി മാറും. ഷാങ്ഹായ് ഓട്ടോ ഷോയില്‍ വെച്ചാണ് ഈ കാര്‍ ആദ്യമായി അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ മെര്‍സിഡീസ് മെയ്ബാക്ക് എസ്‌യുവി 680 വേരിയന്റില്‍ വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു, സ്റ്റാന്‍ഡേര്‍ഡ് EQS എസ്‌യുവിയുടേതിന് സമാനമായ വലിപ്പമായിരിക്കും മെയ്ബാക്ക് EQS എസ്‌യുവിക്ക് ഉണ്ടാവുക.

അഞ്ച് ടു-ടോണ്‍ കളര്‍ കോമ്പിനേഷനുകളുള്ള ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ഇത് ഓഫര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബോണറ്റില്‍ ത്രീ-പോയിന്റ് സ്റ്റാര്‍ ബാഡ്ജ്, ക്രോം പൂശിയ സ്ട്രിപ്പുകള്‍, ഡി-പില്ലറില്‍ മെയ്ബാക്ക് എംബ്ലം, 22 ഇഞ്ച് വരെ നീളമുള്ള അലോയ് വീലുകള്‍ എന്നിവയെല്ലാമായിരിക്കും എസ്‌യുവിയുടെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. EQS എസ്യുവിയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-സ്‌പെക്ക് മെയ്ബാക്ക് EQS 5 സീറ്റര്‍ മോഡലായോ അല്ലെങ്കില്‍ 4 സീറ്റര്‍ പതിപ്പായോ ലഭിക്കും.
കംഫര്‍ട്ട്, വിനോദ ഫീച്ചറുകള്‍ സജ്ജീകരിക്കുന്ന റിയര്‍ സീറ്റ് യാത്രക്കാര്‍ക്ക് നവ്യാനുഭവം സമ്മാനിക്കാന്‍ പോന്നതാണ്. പിന്നിലെ ഇടത് സീറ്റിലെ യാത്രക്കാര്‍ക്കായി മെര്‍സിഡീസ് ഒരു ബോസ് മോഡ് പാക്കേജും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാഷ്ബോര്‍ഡിലുടനീളം വ്യാപിച്ചുകിടക്കുന്ന 56-ഇഞ്ച് MBUX ഹൈപ്പര്‍സ്‌ക്രീന്‍ കൊണ്ട് ക്യാബിന്റെ മുന്‍നിര ആകര്‍ഷകമാക്കി ഒരുക്കിയിട്ടുണ്ട്. ഹോട്ട്, കോള്‍ഡ് മസാജ് ഫംഗ്ഷനും സീറ്റുകള്‍ക്കും സ്റ്റിയറിംഗ് വീലിനും ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ ഓപറേഷന്‍സും ലഭിക്കും.

സുരക്ഷയുടെ കാര്യത്തിലും ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവി മികച്ച് നില്‍ക്കുന്നു. ഒന്നിലധികം എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറകള്‍, ADAS, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ലഭിക്കും. ഇക്കോ, സ്പോര്‍ട്ട്, ഓഫ്റോഡ്, ഇന്‍ഡിവിജ്വല്‍, മെയ്ബാക്ക് മോഡ് എന്നിങ്ങനെ വിവിധ ഡ്രൈവ് മോഡുകളും ഇവിക്ക് ലഭിക്കും.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 122kWh ബാറ്ററി പായ്ക്കും ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുമാണ് മെര്‍സിഡീസ് മെയ്ബാക്ക് EQS 680-ക്ക് കരുത്ത് പകരുന്നത്. ഈ ഇലക്ട്രിക് മോട്ടോറുകള്‍ക്ക് 649 bhp പവറും 950 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുണ്ട്. 4MATIC AWD പാക്കേജിന്റെ ഭാഗമായി മെര്‍സിഡീസ് ഓഫര്‍ ചെയ്യും. ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 611 കിലോമീറ്റര്‍ ദൂരം ഓടാമെന്നാണ് മെര്‍സിഡീസ് അവകാശപ്പെടുന്നത്.

ലക്ഷ്വറി ഇവി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 200kW ഫാസ്റ്റ് ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്താല്‍ 20 മിനിറ്റിനുള്ളില്‍ 300 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജാകും. 30 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഇലക്ട്രിക് എസ്‌യുവി വെറും 4.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. ഇന്ത്യ സ്‌പെക്ക് മോഡലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 210 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.
മെര്‍സിഡീസ് മെയ്ബാക്ക് EQS ഇലക്ട്രിക് എസ്‌യുവിക്ക് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളികള്‍ ഇല്ല. എന്നാല്‍ റേഞ്ച് റോവര്‍, ബെന്റ്ലി, റോള്‍സ് റോയ്സ്, ബിഎംഡബ്ല്യു എന്നിവയില്‍ നിന്ന് ഭാവിയില്‍ മത്സരം പ്രതീക്ഷിക്കാം. പുതിയ ജര്‍മന്‍ ലക്ഷ്വറി ഇവിയുടെ വില 3.5 കോടി രൂപയ്ക്ക് മുകളില്‍ വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എക്‌സ്-ഷോറൂം വിലയാണിത്.
സെലിബ്രിറ്റികളുടെയും സമ്പന്നരായ ആളുകളുടെയും എല്ലാ തരം ആവശ്യങ്ങളും നിറവേറ്റുന്ന ഒരു ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയാണ് മെര്‍സിഡീസ്-മെയ്ബാക്ക് EQS. ഇന്ത്യയിലെ വാഹനപ്രേമികളായ സെലിബ്രിറ്റികളും പണക്കാരും അധികം വൈകാതെ ഇത് ഗരാജില്‍ എത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിരവധി ബോളിവുഡ്, കോളിവുഡ് സെലിബ്രിറ്റികൾ ആഡംബര ഇവികളിൽ താൽപര്യം കാണിച്ച് തുടങ്ങിയിട്ടുണ്ട്. ഈ ട്രെൻഡ് മോളിവുഡിലും എത്തിയേക്കാം.


Click it and Unblock the Notifications








