401 കി.മീ റേഞ്ചുള്ള ഇവി വെറും 10.8 ലക്ഷത്തിന്! എംജിയെ പൂട്ടാന്‍ ഇനി ടാറ്റ പാടുപെടും
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന രംഗം അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിലവില്‍ സെഗ്‌മെന്റിനെ നയിക്കുന്നത് ടാറ്റ മോട്ടോര്‍സും എംജിയുമാണ് (MG Motor). ടാറ്റ വിപണി വിഹിതത്തിന്റെ ഭൂരിഭാഗവും കൈയ്യടക്കി വെക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാകുന്ന ഇലക്ട്രിക് കാറായ കോമെറ്റും ZS ഇവിയുമായി എംജിയും തൊട്ടുപിറകിലുണ്ട്.
അടുത്ത കാലത്തായി ഇന്ത്യന്‍ ഉടമകള്‍ വന്നെങ്കിലും എംജിയുടെ ഭൂരിഭാഗം ഓഹരികളും ചൈനീസ് കമ്പനിയായ SAIC ഗ്രൂപ്പിന്റെ പക്കലാണ്. അതുകൊണ്ട് ചൈനയില്‍ SIAC ഗ്രൂപ്പിന് കീഴിലുള്ള ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന കാറുകളെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യക്കാര്‍ നോക്കിക്കാണുന്നത്. കാരണം അവ ഇന്ത്യയില്‍ എത്തിയേക്കാമെന്ന കാരണമാണത്. കോമെറ്റ് ഇവിയെ പോലെ എംജി കൂടുതല്‍ കുഞ്ഞന്‍ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അക്കുട്ടത്തില്‍ ഏറ്റവും കുടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മോഡലാണ് ബൗജന്‍ യെപ്പ്.

ഇത് ഒരു 3 ഡോര്‍ ഇലക്ട്രിക് എസ്‌യുവിയാണ്. എന്നാല്‍ ഇപ്പോള്‍ ബൗജന്‍ യെപ് പ്ലസ് എന്ന മോഡല്‍ ചൈനയില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ് കമ്പനി. 94,000 ചൈനീസ് യെന്‍ ആണ് ഇതിന്റെ വില. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇതിന് വെറും 10.8 ലക്ഷം രൂപ മാത്രമാണ് വില വരുന്നത്. SIAC-ജിഎം-വൂളിംഗ് സംയുക്ത സംരംഭത്തിന്റെ കീഴില്‍ വരുന്ന ബ്രാന്‍ഡാണ് ബൗജന്‍.
യെപ് പ്ലസ് ഇലക്ട്രിക് എസ്‌യുവി പേര് സൂചിപ്പിക്കുന്ന പോലെ തന്നെ യെപ്പിന്റെ പ്ലസ് സൈസിലുള്ള 5 ഡോര്‍ പതിപ്പാണ്. പ്രായോഗികതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് 4 സീറ്റര്‍ കാറിന്റെ 5 ഡോര്‍ പതിപ്പ് കമ്പനി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തിയത്. ഓരോ വര്‍ഷവും ചുരുങ്ങിയത് പുതിയ മൂന്ന് വാഹനങ്ങള്‍ എങ്കിലും പുറത്തിറക്കാന്‍ എംജി-ജെഎസ്ഡബ്ല്യു ഗ്രൂപ്പ് പദ്ധതിയിടുന്നു.

അതിനാല്‍ സമീപഭാവിയില്‍ തന്നെ യെപ് പ്ലസ് എംജി ഇന്ത്യയില്‍ റീബാഡ്ജ് ചെയ്ത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ 5-ഡോര്‍ യെപ് ഇവിയുടെ വലിപ്പം നോക്കുമ്പോള്‍ ഇതിന് 3,996 mm നീളവും 1,760 mm വീതിയും 1,726 mm ഉയരവും 2,560 mm നീളമുള്ള വീല്‍ബേസും ഉണ്ട്. 150 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 100 bhp പവറും 180 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 75 kW ഇലക്ട്രിക് മോട്ടോറാണ് ഡ്രൈവിംഗ് ഫ്രണ്ട് വീലുകളിലേക്ക് പവര്‍ അയക്കുന്നത്. ഭാവിയില്‍ ഡ്യുവല്‍ മോട്ടോര്‍ AWD വേരിയന്റുകള്‍ ഉണ്ടായേക്കാം. ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 41.9 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് ഇവി പവര്‍ എടുക്കുന്നത്.

ഒറ്റ ചാര്‍ജില്‍ യെപ് പ്ലസ് 401 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 150 കി.മീ ആണ് ടോപ് സ്പീഡ് ഇക്കണോമി+, ഇക്കോണമി, സ്റ്റാന്‍ഡേര്‍ഡ്, സ്പോര്‍ട്സ് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളും ഇതില്‍ വരുന്നുണ്ട്. യെപ്പിന്റെ സ്‌ക്വയര്‍ ബോക്സ്+ ഡിസൈന്‍ഭാഷയോട് ചേര്‍ന്ന് നില്‍ക്കുന്ന രൂപകല്‍പ്പനയാണ് യെപ്പ് പ്ലസിന് ലഭിക്കുന്നത്.
ബോക്‌സി സില്‍ഹൗട്ടും പരുക്കന്‍ ബോഡി ക്ലാഡിംഗും കാരണം യെപ്പ് പ്ലസ് ഓഫ്-റോഡ് വാഹനത്തിന്റെ ഫീല്‍ നല്‍കുന്നുണ്ട്. ഫേ്ലാട്ടിംഗ് റൂഫ്, ഫ്ലാറ്റ് സൈഡ് ഹിംഗ്ഡ് ടെയില്‍ ഗെയിറ്റ്, എല്‍ഇഡി ലൈറ്റിംഗ്, റൂഫ് റെയിലുകള്‍, സി പില്ലറിനും ഡി പില്ലറിനും ഇടയിലുള്ള ബോഡി പാനലുകള്‍ എന്നിവയാണ് പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. അഞ്ച് നിറങ്ങളില്‍ ഇത് വാങ്ങാനാകും. 16 ഇഞ്ച് അലോയ് വീലുകളും ഡിസ്‌ക് ബ്രേക്കുകളും ഈ കാറിന് ലഭിക്കുന്നു.

സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കില്‍ വൈറ്റ് സ്റ്റിച്ചിംഗുകളോടെ പൂര്‍ത്തിയാക്കിയ ഡ്യുവല്‍ ടോണ്‍ മള്‍ട്ടി ലെയേര്‍ഡ് ഡാഷ് ബോര്‍ഡാണ് യെപ്പ് പ്ലസ് ഇവിയുടെ അകത്തളത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. കോമെറ്റ് ഇവിക്ക് സമാനമായ സെന്റര്‍ കണ്‍സോളാണ് ഇതില്‍ വരുന്നത്. 10. ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 8.8 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും അകത്ത് സജ്ജീകരിച്ചിട്ടുണ്ട്. മെറ്റാലിക് ആക്സന്റുകളുള്ള 3 സ്പോക്ക് സ്റ്റിയറിംഗ് വീലാണ് വരുന്നത്.
പ്രായോഗികതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന മോഡലായതിനാല്‍ 28 സ്റ്റോറേജ് സ്‌പെയ്‌സുകള്‍ കാറിനകത്ത് ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് കാറിന്റെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ആംറെസ്റ്റോ പ്രത്യേക എസി വെന്റുകളോ ലഭിക്കാന്‍ സാധ്യതയില്ല. 385 ലിറ്ററാണ് സ്റ്റോറേജ് കപാസിറ്റി. പിന്‍സീറ്റ് മടക്കിയാല്‍ 1,715 ലിറ്റര്‍ ആക്കി ഉയര്‍ത്താം. ബജറ്റ് ഇവികള്‍ക്ക് ഡിമാന്‍ഡ് കൂടുന്ന സാഹചര്യത്തില്‍ എംജി യെപ്പ് പ്ലസ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ ടാറ്റയടക്കമുള്ള കമ്പനികള്‍ക്ക് അത് വലിയൊരു തലവേദനയാകും.


Click it and Unblock the Notifications








